ചോദ്യം ചെയ്യുന്നത് കൃഷ്ണകുമാറും ഭാര്യയും അടങ്ങുന്ന സംഘം പാലക്കാട്ടെ ബിജെപിയെ കയ്യില്‍ നിര്‍ത്താന്‍വേണ്ടി ഏറെ കാലമായി നടത്തുന്ന പരിശ്രമങ്ങളെ; ശോഭാ സുരേന്ദ്രനും അവഹേളനം നേരിടുന്നു; രഘുനാഥിനെ നിലയ്ക്ക് നിര്‍ത്തണം; സുഭാഷ്ജി ഉണ്ടായിരുന്നെങ്കില്‍; ഞാന്‍ ബിജെപിക്കാരന്‍; തുറന്നു പറഞ്ഞ് സന്ദീപ് വാര്യര്‍ വീണ്ടും

Update: 2024-11-09 02:04 GMT

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തുടരുമെന്ന് സന്ദീപ് വാര്യര്‍. സിപിഎമ്മില്‍ ചേരുന്നതിനെ കുറിച്ച് ഒരു ഘട്ടത്തിലും ആലോചിച്ചിട്ടു പോലുമില്ല. അത്തരം വ്യാജപ്രചാരണങ്ങള്‍ പലരും നടത്തുന്നുണ്ട്. ഞാന്‍ നിലവില്‍ ബിജെപിക്കാരനാണ്. പാര്‍ട്ടി മാറുന്നതൊന്നും ഇപ്പോള്‍ ഒരു പരിഗണനാ വിഷയമേ അല്ലെന്ന് സന്ദീപ് പറയുന്നു. സിപിഐയില്‍ ചേരുമെന്നത് വ്യാജപ്രചരണമാണെന്നും പന്ന്യന്‍ രവീന്ദ്രനെ മാത്രമേ സിപിഐ നേതാവെന്ന നിലയില്‍ അറിയൂവെന്നും സന്ദീപ് വാര്യര്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി വ്യക്തിപരമായ പ്രശ്‌നമില്ല. പാലക്കാട്ടെ പ്രാദേശിക പ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നത്. ആര്‍ എസ് എസിലേക്ക് മടങ്ങിയ കെ സുഭാഷ് ബിജെപിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രശ്‌നമൊന്നും വരില്ലായിരുന്നുവെന്നാണ് സന്ദീപ് പറയുന്നത്. ഇതോടെ ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് പാലക്കാട്ട് പ്രചരണത്തിന് പോയില്ലെങ്കിലും സംഘപരിവാറുകാരനായി താനുണ്ടാകുമെന്ന സൂചനയാണ് സന്ദീപ് നല്‍കുന്നത്.

ഈ വിഷയത്തില്‍ ഞാന്‍ കെ.സുരേന്ദ്രനെ കുറിച്ച് യാതൊരു അഭിപ്രായവ്യത്യാസവും പറയുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം എതെങ്കിലും തരത്തില്‍ എന്നെ അപമാനിച്ചെന്നും പരാതിയില്ല. ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്കു പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സന്ദീപ് പറയുന്നു. പാലക്കാട്ട് ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ മത്സരിച്ചാല്‍ ബിജെപിക്ക് അനായാസ ജയം ഉണ്ടാകുമായിരുന്നു എന്നുള്ളത് സാമാന്യയുക്തിയാണ്. അതു ഞാന്‍ പറഞ്ഞിരുന്നു. അതു പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മാത്രമല്ല ജനങ്ങളുടെ മുഴുവന്‍ വികാരമാണ്. പാര്‍ട്ടിയോടുള്ള സ്നേഹത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞത്. പാര്‍ട്ടിയുടെ ഏക എംഎല്‍എ ആയി ഒരാള്‍ വരുമ്പോള്‍ അയാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള ആളായിരിക്കണമെന്നും സന്ദീപ് പറയുന്നു. ഇവിടെ തുടങ്ങിയതാണ് പ്രശ്‌നം. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥിനോടാണ് സന്ദീപിന് കൂടുതല്‍ പ്രതിഷേധമുള്ളത്.

നിലവിലുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി വേദികളില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. കെ.സുഭാഷ് സംഘടനാ സെക്രട്ടറി ആയിരുന്നപ്പോള്‍ കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം ആര്‍എസ്എസിലേക്കു തിരിച്ചുപോയതോടെ പ്രശ്നങ്ങള്‍ പറയാന്‍ ഒരിടമില്ലാതായി. ബിജെപിക്ക് അകത്ത് ഇപ്പോള്‍ ക്രൈസിസ് മാനേജ് ചെയ്യാന്‍ കഴിയുന്ന ആളില്ല. അതാണ് പ്രശ്നം. സുഭാഷ്ജി ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് സന്ദീപ് പറയുന്നു. എന്നെ അവഹേളിക്കുകയും അപമാനിക്കുകയും ഇല്ലെന്ന എല്ലാ മുന്‍ധാരണകളെയും ലംഘിച്ചുകൊണ്ടു തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വീണ്ടും പ്രകോപനം ഉണ്ടായതാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം. എന്നിട്ടും ഞാന്‍ പ്രകോപനം ഒന്നും കൂടാതെ അഞ്ചു ദിവസത്തോളം പാര്‍ട്ടിയിലെയും ആര്‍എസ്എസിലെയും ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് കാത്തിരുന്നു.

ആറാം ദിവസമാണ് പ്രതികരിച്ചത്. സി.കൃഷ്ണകുമാറും അദ്ദേഹത്തിന്റെ പത്നിയും അടങ്ങുന്ന ഒരു സംഘം പാലക്കാട്ടെ ബിജെപിയെ കയ്യില്‍ നിര്‍ത്താന്‍വേണ്ടി ഏറെ കാലമായി നടത്തുന്ന പരിശ്രമങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. പി.രഘുനാഥ് അതിന്റെയൊരു ആയുധമാണ്. എന്നെ മാത്രമല്ല അവര്‍ ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ പലരെയും അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് സന്ദീപ് വിശദീകരിക്കുന്നു. സിപിഐയിലെ ഒരു നേതാവുമായും സംസാരിച്ചിട്ടില്ല. മണ്ണാര്‍ക്കാട് പ്രാദേശിക നേതൃത്വത്തിലെ ആരെയും പരിചയമില്ല. സിപിഐയില്‍ ആകെ അറിയാവുന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മാത്രമാണെന്നും സന്ദീപ് പറയുന്നു. ഇപ്പോഴും ഞാന്‍ ബിജെപിക്കാരനാണെന്നാണ് സന്ദീപ് വിശദീകരിക്കുന്നത്. ഇതോടെ ഈ തിരഞ്ഞെടുപ്പ് കാലത്ത് സന്ദീപ് കടുത്ത നടപടികളിലേക്ക് പോകില്ലെന്ന പ്രതീക്ഷയും ബിജെപി നേതൃത്വത്തില്‍ സജീവമാകുകയാണ്. എന്നാല്‍ സന്ദീപുമായി ഇനി ചര്‍ച്ച വേണ്ടെന്നും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ സിപിഐയും സിപിഎമ്മും ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റ് വാഗ്ദാനവുമായാണ് സിപിഐ നേതൃത്വത്തിന്റെ ദൂതന്‍മാര്‍ സന്ദീപ് വാര്യരെ സമീപിച്ചതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. സിപിഐ സ്ഥിരം തോല്‍ക്കുന്ന സീറ്റാണിത്. ഒറ്റപ്പാലത്തോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമായതിനാല്‍ സന്ദീപിന് മണ്ണാര്‍ക്കാടിനോട് താത്പര്യമുണ്ടെന്ന് സിപിഐ കരുതുന്നു. ഇക്കാര്യത്തില്‍ സന്ദീപിന്റെ മനസറിഞ്ഞ ശേഷമായിരിക്കും തുടര്‍നീക്കങ്ങള്‍. എന്നാല്‍ പദവി വാഗ്ദാനം ചെയ്ത് എതിര്‍ പാര്‍ട്ടികളില്‍ നിന്ന് ആളെ എടുക്കുന്ന രീതി സിപിഐക്കില്ലെന്നാണ് ചില പ്രമുഖ നേതാക്കളുടെ പ്രതികരണം. സന്ദീപും ഈ നീക്കം സ്ഥിരീകരിക്കുന്നില്ല.

സന്ദീപിനെ സിപിഎമ്മിലേക്ക് പരസ്യമായി സ്വാഗതം ചെയ്ത് കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. സന്ദീപിനോട് എതിര്‍പ്പില്ലെന്നും നല്ല വ്യക്തിയാണെന്നും അദ്ദേഹം ഒന്നാന്തരം സഖാവാകുമെന്നുമാണ് എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹം മുമ്പ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും സന്ദീപ് ക്രിസ്റ്റല്‍ ക്ലിയറാകുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. എന്നാല്‍ സന്ദീപുമായി സിപിഎം നേതാക്കള്‍ ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും ബാലന്‍ പറഞ്ഞു. ആദ്യം സന്ദീപ് നിലപാട് വ്യക്തമാക്കി പുറത്തു വരട്ടെ. അതിന് ശേഷം ആലോചിക്കാമെന്നാണ് മറ്റു സിപിഎം നേതാക്കളുടെ പ്രതികരണം.

താന്‍ ബിജെപി വിട്ട് ഇടതുപക്ഷത്തേക്ക് പോകുകയാണെന്ന പ്രതീതി സൃഷ്ടിച്ച് അണികളെ തനിക്കെതിരാക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത പ്രചാരണമാണ് ഇതെല്ലാമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ആദ്യം സിപിഎമ്മിലേക്കാണെന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ പറയുന്നത് സിപിഐയിലേക്കാണെന്ന്. സിപിഐ നേതാക്കളുമായി തനിക്ക് അടുപ്പമില്ല. ആരും തന്നോട് ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്നിട്ടും ഇത്തരം വാര്‍ത്തകള്‍ വരുന്നതിന് പിന്നില്‍ തന്നെ അണികളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവരാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ബിജെപി നേതൃത്വവുമായി മാനസികമായി പൂര്‍ണമായും അകന്നു കഴിഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം സ്വീകരിച്ചിരിക്കുന്ന നിലപാട്. സന്ദീപിനെ അനുനയിപ്പിക്കാന്‍ എത്തിയ നേതാക്കളോട് ഇനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സന്ദീപ് തുറന്നു പറഞ്ഞിട്ടുണ്ട്.

Tags:    

Similar News