ആദ്യം പര്‍ദയിട്ട് വന്നു, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്നും സാന്ദ്ര തോമസിനെ പരിഹസിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍; പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന നിലയിലാണെന്നും, ലിസ്റ്റിന്‍ പറയുന്നത് വിവരമില്ലായ്മയെന്നും മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും സാന്ദ്ര; നിര്‍മ്മാതാക്കള്‍ തമ്മില്‍ തുറന്ന പോര് രൂക്ഷം

സാന്ദ്ര തോമസും, ലിസ്റ്റിന്‍ സ്റ്റീഫനും തമ്മില്‍ തുറന്ന പോര്

Update: 2025-08-09 13:48 GMT

കൊച്ചി: നിര്‍മ്മാതാക്കളായ സാന്ദ്ര തോമസും, ലിസ്റ്റിന്‍ സ്റ്റീഫനും തമ്മില്‍ തുറന്ന പോര്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം മുറുകിയത്. സാന്ദ്ര പറയുന്നത് നുണയാണെന്നു ഇപ്പോള്‍ കാണിക്കുന്നത് വെറും ഷോ മാത്രമെന്നും ലിസ്റ്റിന്‍ പറഞ്ഞു. ആദ്യം പര്‍ദയിട്ട് വന്നു, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സാന്ദ്ര അസുഖം ബാധിച്ച് കിടന്നപ്പോള്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ച മമ്മൂട്ടിയോടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ മുഴുവന്‍ പ്രൊഡ്യൂസേഴ്‌സിനോടും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള സാന്ദ്രയുടെ ഒരു പഴയ വിഡിയോയും ലിസ്റ്റിന്‍ പങ്കുവച്ചുവച്ചിരുന്നു.

നടന്‍ മമ്മൂട്ടിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര വിഡിയോയില്‍ പറയുന്നു. സാന്ദ്രയുടെ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടക്കുന്നതിനിടെയാണ് ലിസ്റ്റിന്‍ വിഡിയോ പങ്കുവയ്ക്കുന്നത്. 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന അടിക്കുറിപ്പോടെയാണ് ലിസ്റ്റിന്‍ വീഡിയോ പങ്കുവച്ചത്.

മമ്മൂട്ടി ഇടപെട്ടത് പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് സാന്ദ്ര

മമ്മൂട്ടി ഇടപെട്ടത് നാമനിര്‍ദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ ഇടപെടലില്‍ തനിക്ക് ഒരു പരാതിയും ഇല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.

തന്റെ സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്‍മാറിയത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുതെന്നും സാന്ദ്ര തോമസ് പറഞ്ഞു. പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന നിലയിലാണെന്നും, എന്നു കരുതി താനെന്നും പര്‍ദ ധരിച്ചു വരണമെന്നാണോ ലിസ്റ്റിന്‍ പറയുതെന്നും സാന്ദ്ര തോമസ് ചോദിച്ചു. ലിസ്റ്റിന്‍ പറയുന്നത് വിവരമില്ലായ്മയാണ്. ലിസ്റ്റിന്‍ മറുപടി അര്‍ഹിക്കാത്തയാളാണെന്നും സാന്ദ്ര തോമസ് തിരിച്ചടിച്ചു. പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ ഞാന്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ ലിസ്റ്റിന്‍ തയ്യാറാണോയെന്നും സാന്ദ്ര തോമസ് ചോദിച്ചു.

അതിനിടെ, സാന്ദ്ര തോമസിനെതിരെ ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. എറണാകുളം സബ് കോടതി മുന്‍പാകെ ലിസ്റ്റിന്‍ സ്റ്റീഫന്‍ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ മറ്റൊരു അപകീര്‍ത്തി കേസില്‍ സാന്ദ്ര തോമസിനു കോടതി സമന്‍സ് അയച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്.


Tags:    

Similar News