മോഹന്‍ലാല്‍ ചിത്രം 'ആറാട്ടിന്' വെറൈറ്റി റിവ്യൂ ഇട്ടതോടെ ആറാട്ടണ്ണനായ സന്തോഷ് വര്‍ക്കി; യൂട്യൂബ് ചാനലിലൂടെ സിനിമ നിരൂപണത്തിന് പുറമെ നടീനടന്‍മാര്‍ക്കെതിരെ മോശം പരാമര്‍ശങ്ങളും വ്യക്തിഹത്യകളും; നടന്‍ ബാലയില്‍ തുടങ്ങി ട്രാന്‍സ്ജെന്‍ഡര്‍ യുവതി അടക്കം നല്‍കിയ പരാതിയില്‍ വരെ കേസുകള്‍; താക്കീത് നല്‍കി വിട്ടയച്ചിട്ടും മാറ്റമില്ല; 'ആറാട്ടണ്ണനും കേസുകളും'
കൊച്ചി: നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സന്തോഷ് വര്‍ക്കി, ആറാട്ടണ്ണന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത് ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് വെറൈറ്റി റിവ്യൂ വന്നതോടെയാണ്. പിന്നീട് ആറാട്ട് അണ്ണന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങുകയും എല്ലാ ചിത്രങ്ങളുടെയും റിവ്യു ഇതിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രങ്ങളുടെ നിരൂപണങ്ങള്‍ക്ക് പുറമെ നടീനടന്‍മാര്‍ക്കെതിരെയുള്ള മോശം പരാമര്‍ശങ്ങളും വ്യക്തിഹത്യകളും പതിവായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുള്ള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
നടനെതിരെ മുന്‍പും പല പലരും പരാതി നല്‍കിയിട്ടുണ്ട്. സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ സന്തോഷ് വര്‍ക്കിക്കെതിരെ പാലാരിവട്ടം പോലീസില്‍ നടന്‍ ബാല പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ഇയാള്‍ക്കെതിരെ ബാല അമ്മ സംഘടനയ്ക്കും പരാതി നല്‍കിയിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ട്രാന്‍ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആറാട്ട് അണ്ണനും ഉള്‍പ്പെടുന്നു. സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാല്‍ പോലീസ് ആദ്യം കേസ് എടുക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് യുവതി കോടതിയെ സമീപച്ചതോടെയാണ് കേസ് എടുത്തതെന്നും വിമര്‍ശനം ഉണ്ടായിരുന്നു.
സന്തോഷ് വര്‍ക്കിയെ എവിടെ വച്ച് കണ്ടാലും ഇടിക്കുമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശനും പറഞ്ഞിട്ടുണ്ട്. വൃത്തികെട്ട ചെറുക്കനാണ്. അലവലാതി, ആ പിച്ചക്കാരന്‍ ചെക്കനെ ഇനിയെന്ത് കേസ് വന്നാലും ശരി എവിടെ വച്ച് കണ്ടാലും ഇടി കൊടുക്കും, അതിനൊരു സംശയവുമില്ല. ഒരു സിമ്മില്‍ നിന്നും വിളിക്കു0, അപ്പോള്‍ നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുമ്പോള്‍ മാന്യനാണെങ്കില്‍ അവിടെ നിര്‍ത്തും. എന്നാല്‍ പിന്നീടവന്‍ അഞ്ച് മിനുറ്റ് വേറെ സിമ്മില്‍ നിന്നും വിളിക്കു0 ശാന്തിവിള പറയുന്നു.
സിനിമ നിരൂപണത്തിലൂടെയാണ് സന്തോഷ് വര്‍ക്കി ആറാട്ട് അണ്ണന്‍ ആയത്. എന്നാല്‍ സിനിമ പൂര്‍ണ്ണമായി കാണാതെ റിവ്യൂ പറഞ്ഞതിന് തിയേറ്ററില്‍ ആളുകള്‍ പഞ്ഞിക്കിട്ട കേസും ഉണ്ടായിട്ടുണ്ട്. വിത്തിന്‍ സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. സിനിമ കാണാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞു കൊണ്ടിരിക്കെയാണ് സിനിമയുടെ സംവിധായകനും നിര്‍മാതാവും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ എത്തി ഇയാളെ ചോദ്യം ചെയ്തത്. പിന്നീട് ഇവര്‍ സന്തോഷ് വര്‍ക്കിയെ കയ്യേറ്റം ചെയ്തു. 50,000 രൂപ നല്‍കിയാല്‍ നല്ല റിവ്യൂ നല്‍കാമെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ആരോപിച്ചു.