ഷിരൂരില്‍ അര്‍ജ്ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നിന്നയാള്‍; മലയാളികള്‍ സ്‌നേഹാദരവോടെ വരവേറ്റ നേതാവ്; കര്‍ണാടകയിലെ അനധികൃത ഇരുമ്പയിര് കടത്ത് കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ്; എം എല്‍ എ സ്ഥാനം നഷ്ടമാകും
സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ്
ബെംഗളൂരു : കര്‍ണാടകയില്‍ കോളിളക്കമുണ്ടാക്കിയ അനധികൃത ഇരുമ്പയിര് കടത്ത് കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്.
കോണ്‍ഗ്രസ് നേതാവായ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി സിബിഐയോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
11,312 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സതീഷ് സെയില്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി വിധിച്ചത്. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരത്തോടെ കാര്‍വാറില്‍ നിന്നും അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട മല്ലികാര്‍ജുന ഷിപ്പിങ് കോര്‍പ്പറേഷന്‍ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെയും കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിയ്ക്കല്‍ സ്വദേശി അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് സതീഷ് സെയില്‍. അര്‍ജുന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സതീഷ് സെയിലിനെ സ്‌നേഹാദരവോടെയാണ് കോഴിക്കോട് കണ്ണാടിയ്ക്കല്‍ ഗ്രാമം അന്ന് വരവേറ്റത്.
കര്‍ണാടകയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് കോടതി നടപടി. ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതാണ് സതീഷ് കൃഷ്ണ സെയിലിനെതിരായ കേസ്. ബെല്ലാരിയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത ഇരുമ്പയിര് കാര്‍വാറിലെ ബെലെകെരി തുറമുഖം വഴിയാണ് കടത്തിയത്. തുച്ഛമായ റോയല്‍റ്റി മാത്രം നല്‍കി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടായി.
ഏകദേശം 7.74 ദശലക്ഷം ടണ്‍ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. കര്‍ണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ ഇടപെടലിലൂടെയായിരുന്നു അന്ന് കുറ്റകൃത്യം പുറത്തുവരുന്നത്.