അഡ്മിഷന്‍ സമയത്ത് ഭീമമായ ഫീസ് കണ്ടെത്താനായില്ല; ഐഐടിയില്‍ നഷ്ടപ്പെട്ട സീറ്റ് നിയമപോരാട്ടത്തിലൂടെ നേടി പതിനെട്ടുകാരന്‍; വിദ്യാര്‍ത്ഥിയുടെ സ്വപ്നങ്ങള്‍ക്ക് പുതുവെളിച്ചമേകി സുപ്രീംകോടതി; അതുലിന് ഇനി പഠിക്കാം
ഐഐടിയില്‍ നഷ്ടപ്പെട്ട സീറ്റ് നിയമപോരാട്ടത്തിലൂടെ നേടി പതിനെട്ടുകാരന്‍;
ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ ആവോളം കേള്‍ക്കേണ്ടി വരാറുണ്ടെങ്കിലും ചിലരുടെയങ്കിലും ജീവിതത്തില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് സൂപ്പര്‍ ഹീറോ പരിവേഷമാണ്. നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് അതേ നാണയത്തില്‍ പ്രതിഫലം ലഭിക്കുമ്പോള്‍ ആ വ്യവസ്ഥിതിയോടുള്ള സ്നേഹവും ബഹുമാനവും വര്‍ധിക്കുകയേ ഉള്ളു. അത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ നമ്മുടെ സുപ്രീംകോടതി പുതുവെളിച്ചമേകിയിരിക്കുകയാണ്. നിമിഷാര്‍ദ്ധത്തിന്റെ വ്യാത്യാസത്തില്‍ ഐഐടിയിലെ പഠനമെന്ന തന്റെ മോഹം ചോദ്യചിഹ്നമായ അതുലെന്ന പതിനെട്ടുകാരനാണ് സുപ്രീംകോടതി കൈത്താങ്ങായത്.
ഫീസടയ്ക്കാന്‍ മിനിറ്റുകള്‍ വൈകിയതിന്റെ പേരില്‍ ദളിത് വിദ്യാര്‍ഥിക്ക് ഐഐടി ധന്‍ബാദില്‍ സീറ്റ് നിഷേധിച്ച സംഭവത്തിലാണ് സുപ്രീംകോടതി ഇടപെട്ട് വിദ്യാര്‍ത്ഥിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിദ്യാര്‍ഥിക്ക് സീറ്റ് അനുവദിക്കണമെന്ന് നിര്‍ദേശിച്ചു. കഴിവുള്ളൊരു ചെറുപ്പക്കാരനെ അങ്ങനെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതി പ്രത്യേകാധികാരം വിനിയോഗിച്ചതിലൂടെയാണ് ഉപരിപഠനമെന്ന തന്റെ സ്വപ്നം അതുലിന് സാക്ഷാത്കരിക്കപ്പെടുന്നത്. നിറഞ്ഞ ചിരിയോടെയും ആശ്വാസത്തോടെയും കോടതിയുടെ പുറത്തേക്ക് വരുന്ന അതുലിന്റെ മുഖം ഇന്ന് ദേശീയ മാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായിക്കഴിഞ്ഞു.
നിമിഷത്തിന്റെ വില അറിഞ്ഞ അതുല്‍.. നഷ്ടമായത് വര്‍ഷങ്ങളുടെ സ്വപ്നം
ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് അതുല്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദളിത്കുടുംബം. ജെഇഇ അഡ്വാന്‍സ് പരീക്ഷ പാസായ ദളിത് വിദ്യാര്‍ഥിയായ അതുല്‍ കുമാറിന് ദന്‍ബാദ് ഐഐടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലാണ് സീറ്റ് ലഭിച്ചിരുന്നത്. അലോട്ട്മെന്റ് ലഭിച്ച് നാല് ദിവസത്തിനുള്ളില്‍ ഫീസായ 17,500 രൂപ അടക്കാന്‍ നിര്‍ദേശം ലഭിച്ചുവെങ്കിലും ദിവസവേതന തൊഴിലാളിയായ അതുലിന്റെ കുടുംബത്തിന് പണം കൃത്യസമയത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം അഡ്മിഷന്‍ ഫീസായ 17,500 രൂപ എന്നത് വളരെ വലിയ തുകയായിരുന്നു.അത് അടയ്ക്കാന്‍ വൈകിയതോടെയാണ് അതുലിന് പ്രവേശനം നഷ്ടമായത്. ജൂണ്‍ 24 വൈകുന്നേരം അഞ്ച് മണിക്കുള്ളിലായിരുന്നു ഫീസ് അടയ്‌ക്കേണ്ടിയിരുന്നത്. അതേദിവസം വൈകുന്നേരം 4.45 ആയപ്പോഴേക്കും രക്ഷിതാക്കള്‍ ഒരുവിധത്തില്‍ പണം കണ്ടെത്തി. 4.45-ന് അതുല്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌തെങ്കിലും അഞ്ച് മണിക്ക് അത് ക്ലോസ് ആവുകയും പണം അടയ്ക്കാന്‍ സാധിക്കാതെ പോവുകയുമായിരുന്നു.
കഷ്ടപ്പെട്ട് സമ്പാദിച്ച സീറ്റ് നിലനിര്‍ത്താന്‍ പലമാര്‍ഗങ്ങളും അതുല്‍ തേടി.പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷനെ സമീപിച്ചെങ്കിലും ഈ
വിഷയത്തില്‍ തങ്ങള്‍ നിസഹായരാണെന്നായിരുന്നു ലഭിച്ച മറുപടി.തുടര്‍ന്ന് ഝാര്‍ഖണ്ഡ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചു.ഝാര്‍ഖണ്ഡിലെ കേന്ദ്രത്തിലായിരുന്നു അതുല്‍ ജെ.ഇ.ഇ. പരീക്ഷ എഴുതിയത്.ഇതേത്തുടര്‍ന്നായിരുന്നു ഝാര്‍ഖണ്ഡിലെ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്.ഇവിടെയും നിരാശയായിരുന്നു അതുലിനും കുടുംബത്തിനും ഫലം.
മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍നിന്ന് ലഭിച്ച നിര്‍ദേശം.ഇത്തവണ മദ്രാസ് ഐ.ഐ.ടിയാണ് ജെ.ഇ.ഇ. സംഘടിപ്പിച്ചത് എന്നതായിരുന്നു ഈ നിര്‍ദേശത്തിന് പിന്നിലെ കാരണം.മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമാണ് ശരിക്കും വഴിത്തിരിവ്.സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചത് മദ്രാസ് ഹൈക്കോടതിയാണ്.
സുപ്രീം കോടതിയിലെത്തുന്നു.. പ്രതീക്ഷയില്‍ വെളിച്ചമായി ഉത്തരവ്
ഝാര്‍ഖണ്ഡ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ചെന്നൈ ലീഗല്‍ സര്‍വീസിന്റെയും സഹായത്തോടെയാണ് അതുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഐഐടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അതുലിന്റെ ഹര്‍ജിയെ എതിര്‍ത്തെങ്കിലും സുപ്രീംകോടതി
അതിനെയെല്ലാം തള്ളിക്കളയുകയായിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് അതുലിന്റെ വിഷയം പരിഗണിച്ചത്.അതുല്‍ മികച്ചൊരു വിദ്യാര്‍ഥിയാണെന്നും 17000 രൂപയാണ് അവന് തടസ്സമാകുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.പണത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയും ഒഴിവാക്കപ്പെടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.ഇങ്ങനൊരു പ്രതിഭയെ വിട്ടുകളയുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
കോടതി പറഞ്ഞത് ഇങ്ങനെ.. അവന്‍ ഝാര്‍ഖണ്ഡ് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചു.പിന്നീട് അവനെ ചെന്നൈ ലീഗല്‍ സര്‍വീസിലേക്കും ഹൈക്കോടതിയിലേക്കും അയച്ചു.അവന്‍ ഒരു ദളിത് ബാലനാണ്.അവനെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടാന്‍ നിര്‍ബന്ധിതനാക്കി.പണം അടയ്ക്കുന്നതില്‍നിന്ന് അവനെ തടഞ്ഞ ഏക സംഗതി അത് അടയ്ക്കാനുള്ള മാര്‍ഗമില്ലായിരുന്നു എന്നത് മാത്രമാണ്.ഇന്ത്യയുടെ സുപ്രീം കോടതി എന്ന നിലയ്ക്ക് അത് പരിഗണിച്ചേ മതിയാകൂ എന്നും ബെഞ്ച് പറഞ്ഞു.
ശേഷമാണ് നിലവിലെ വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാതെ, ഇലക്ട്രിക് എന്‍ജിനീയറിങ് ബാച്ചില്‍ ഒരു അധിക സീറ്റ് സൃഷ്ടിക്കാനും അതുലിന് പ്രവേശനം നല്‍കാനും ഐ.ഐ.ടി. ധന്‍ബാദിന് നിര്‍ദേശം നല്‍കിയത്.അതുലിന് ചീഫ് ജസ്റ്റിസ് 'ഓള്‍ ദ ബെസ്റ്റ്' ആശംസിക്കുകയും ചെയ്തു.
മനം നിറഞ്ഞ് പ്രതീക്ഷയോടെ അതുല്‍
മുസാഫര്‍നഗര്‍ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബമാണ് അതുലിന്റേത്. അച്ഛന്‍ രാജേന്ദ്ര സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് അതുലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തന്റെ രണ്ടാം ശ്രമത്തിലാണ് അതുല്‍കുമാര്‍ ജെഇഇ അഡ്വാന്‍സ്ഡ് പാസായത്.
അതിനാല്‍ തന്നെ ഈ സീറ്റ് അതുലിന് സ്വപ്്നമായിരുന്നു.അതാണ് കൈയ്യകലത്തില്‍ വഴുതിപ്പോയത്.തന്റെ ആ സ്വപ്നം തിരിച്ചുപടിച്ചതിന്റെ സന്തോഷത്തിലാണ് അതുല്‍.'എനിക്ക് സീറ്റ് ലഭിച്ചു. ഒരുപാട് സന്തോഷമുണ്ട്. സാമ്പത്തിക പ്രശ്‌നം മാത്രം കാരണമാക്കി എന്റെ സീറ്റ് തട്ടിപ്പറിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പാളംതെറ്റിയ തീവണ്ടി വീണ്ടും തിരിച്ച് പാളത്തിലെത്തി', ചിരിയോടെ അതുല്‍ പറഞ്ഞു.
സുപ്രീം കോടതിയില്‍നിന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അതുല്‍ വിശദീകരിച്ചു.ഞാന്‍ കഠിനമായി പരിശ്രമിക്കുകയും ഐ.ഐ.ടി. ധന്‍ബാദില്‍നിന്ന് ഇലക്ട്രിക് എന്‍ജിനീയര്‍ ആവുകയും ചെയ്യുമെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.