സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ? സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും; വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം; പരീക്ഷാ അവധിക്കാലത്തെ ദിവസങ്ങളില്‍ പഠനമാകാമെന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ വെക്കാന്‍ സമസ്ത; മുസ്ലിം സംഘടനകള്‍ക്ക് വഴങ്ങി സമയം മാറ്റിയാല്‍ പ്രക്ഷോഭമെന്ന് ബിജെപിയും

സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ?

Update: 2025-07-25 01:10 GMT

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട മതസംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. തെരഞ്ഞടുപ്പുകാലം അടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമോ എന്നാണ് അറിയേണ്ടത്. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറില്‍ വെച്ചാവും ചര്‍ച്ച നടക്കുക. വൈകിട്ട് നാലരയോടെ മദ്രസ്സാ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളുമായാവും ചര്‍ച്ച നടക്കുക.

ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപന സമിതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്.

അതേസമയം സമയം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 ദിവസം പ്രവര്‍ത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 1,100 മണിക്കൂര്‍ പഠനസമയം വേണം.

പഠന സമയം രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയതാണ് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈകോടതി നിര്‍ദേശ പ്രകാരമാണ് ദിവസം അര മണിക്കൂര്‍ പഠനസമയം ദീര്‍ഘിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ സമയക്രമം തീരുമാനിച്ചത്. സ്‌കൂള്‍ സമയമാറ്റത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് സമസ്ത അറിയിച്ചിരുന്നു. ബദല്‍ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു.

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനും സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗം തീരുമാനിച്ചിരുന്നു. രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനുപകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം. ഓണം, ക്രിസ്തുമത് പരീക്ഷാ അവധിയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കാം. മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനും സമസ്ത നിര്‍ദേശിച്ചിന്നു.

സ്‌കൂള്‍ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്നഭ്യര്‍ഥിച്ച് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു. ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ സമയമാറ്റത്തെ അംഗീകരിക്കുന്നെന്ന പഠനറിപ്പോര്‍ട്ടിലെ എതിര്‍പ്പ് സമസ്ത ഉന്നയിക്കുമെന്നാണ് സൂചന. സര്‍വേ നടത്തിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതെന്നും ആറ് ജില്ലകളില്‍ മാത്രം നടത്തിയ സര്‍വേ പര്യാപ്തമല്ലെന്നുമുള്ള അഭിപ്രായമാണ് സമസ്തക്കുള്ളത്.

സമയമാറ്റമെന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമയമാറ്റത്തില്‍നിന്ന് പിന്നോട്ടില്ല എന്ന നിലപാടായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചത്.

നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുമായി സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സ്‌കൂള്‍മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ച നടത്താന്‍ തീരുമാനമായത്. അതേസമയം സര്‍ക്കാര്‍ വിഷയത്തില്‍ പിന്നോട്ടു പോയേക്കില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.

അതേസമയം മതസംഘടനകള്‍ക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാല്‍ സമരം നടത്തുമെന്നും ബിജെപി അറിയിച്ചിരുന്നു. സമയം മാറ്റിയാല്‍ ബിജെപി പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. അതേസമയം കാന്തപുരം അടക്കമുള്ളവര്‍ സ്‌കൂള്‍ സമയമാറ്റം ഉന്നയിച്ചില്‍ എതിര്‍പ്പുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നിരുന്നു.

Tags:    

Similar News