ക്രിസ്മസ് രാത്രിയില്‍ ആള്‍ ഭൂമിയെ ഒന്നുതൊട്ടുതൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയി; ഇക്കുറി 'ജസ്റ്റ് മിസ്'; അടുത്ത വരവില്‍ ആള്‍ മിസ്സാക്കില്ല, ഭൂമിയുമായി കൂട്ടിയിടിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍; ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ സര്‍വ്വനാശമോ?
ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമോ?
വാഷിങ്ടണ്‍ ഡി സി: 2024 ലെ ക്രിസ്മസ് ദിനം. ഏകദേശം ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കടന്നുപോയി. ആളുടെ പേര് 2024 YR4. ചിലിയില്‍ നാസ സ്ഥാപിച്ച ടെലിസ്‌കോപിലൂടെ ആളുടെ പോക്കുവരവിനെ നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ ഞെട്ടലോടെ അക്കാര്യം തിരിച്ചറിഞ്ഞു. ഇക്കുറി 'ജസ്റ്റ് മിസാ'ണെങ്കില്‍ അടുത്ത വട്ടം ആള്‍ മിസ്സാക്കില്ല. ഭൂമിയുമായി കൂട്ടിയിടിക്കും.
അതൊഴിവാക്കിയല്ലേ മതിയാവൂ. കണക്കുകൂട്ടലുകളും സൂക്ഷ്മ പരിശോധനകളും കൂടിയാലോചനകളും ദ്രുതഗതിയില്‍ തുടരുകയാണ്. നാസയും, യൂറോപ്യന്‍ ബഹിരാകാര ഏജന്‍സിയും പറയുന്നത് 2032, ഡിസംബര്‍ 22 ന് ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാന്‍ 2.3 ശതമാനം സാധ്യതയുണ്ടെന്നാണ്. കഴിഞ്ഞ ആഴ്ച വരെ ഇത് 1.2 ശതമാനം ആയിരുന്നു.
ഭൂമിയില്‍ ഇടിച്ചാല്‍ എന്തുസംഭവിക്കും?
2024 YR 4 ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ആഗോള ദുരന്തം ഉണ്ടാകുമെന്നൊന്നും ഭയപ്പെടേണ്ട. എന്നാല്‍, ഇടിക്കുന്ന ഭാഗമേതാണോ അവിടെ സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കും. 'സിറ്റി കില്ലര്‍' എന്നാണ് ഈ ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ ഉണ്ടാകുന്ന ഊര്‍ജ്ജം എട്ട് മെഗാടണ്‍ ടിഎന്‍ടിക്ക് തുല്യമായിരിക്കും. ഏകദേശം ഹിരോഷിമ ബോംബിന്റെ 500 മടങ്ങ് കരുത്ത്.
ചരിത്രത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍
1908 ല്‍ 30-50 മീറ്റര്‍ വിസ്തൃതിയുള്ള ഒരു ഛിന്നഗ്രഹം സൈബീരിയയ്ക്ക് മേലേ പൊട്ടിത്തെറിച്ചു. തുങ്കുസ്‌ക സംഭവം എന്നാണ് അതറിയപ്പെടുന്നത്. ആ സ്്‌ഫോടനത്തില്‍, ടോക്യോയേക്കാള്‍ വിസ്തൃതിയുള്ള പ്രദേശത്തെ 8 കോടി മരങ്ങളാണ് നിരപ്പായത്. സമാനമായ ഒരു സ്‌ഫോടനം ഒരുവലിയ നഗരത്തില്‍ ഇപ്പോള്‍ സംഭവിച്ചാല്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ വിവരണാതീതമായിരിക്കും.
ഛിന്നഗ്രഹം ഇടിച്ചാല്‍, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ അത് ആഘാതമുണ്ടാക്കാം. കിഴക്കന്‍ പസഫിക്, ദക്ഷിണ ആഫ്രിക്ക, അറ്റ്‌ലാന്റിക് സമുദ്രം, അറേബ്യന്‍ കടല്‍, ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ വലിയ സുനാമികള്‍ ഉണ്ടാകുകയും അതുവഴി തീരപ്രദേശത്തിന് വലിയതോതില്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്യാം.
ആദ്യ കാഴ്ചയില്‍...
2024 ഡിസംബര്‍ 27 ന് ചിലിയിലെ റിയോ ഹുര്‍ട്ടാഡോയില്‍ സ്ഥാപിച്ച ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്ട് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (ATLAS) ടെലിസ്‌കോപ്പാണ് ഛിന്നഗ്രഹം 2024 YR4 നെ ആദ്യമായി തിരിച്ചറിയുന്നത്. അതിനുശേഷം, ഛിന്നഗ്രഹത്തെ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ജനുവരി ആദ്യം മുതല്‍, ന്യൂ മെക്‌സിക്കോയിലെ മാഗ്ഡലീന റിഡ്ജ് ഒബ്‌സര്‍വേറ്ററി, ഡാനിഷ് ടെലിസ്‌കോപ്പ്, ചിലിയിലെ വെരി ലാര്‍ജ് ടെലിസ്‌കോപ്പ് എന്നിങ്ങനെ ഒന്നിലധികം നിരീക്ഷണ കേന്ദ്രങ്ങള്‍ ഛിന്നഗ്രഹത്തിന്റെ വരവ് നിരീക്ഷിക്കുന്നുണ്ട്.
നിലവില്‍ ഭൂമിയില്‍ നിന്ന് 45 ദശലക്ഷം കിലോമീറ്ററിലധികം അകലെയാണ് ഛിന്നഗ്രഹം 2024 YR4 സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ ആദ്യം വരെ ടെലിസ്‌കോപ്പുകള്‍ക്ക് മുന്നില്‍ ഛിന്നഗ്രഹം ദൃശ്യമാകും. അതിനുശേഷം കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷമാകും, 2028 ല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഛിന്നഗ്രഹത്തിന്റെ വരവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഛിന്നഗ്രഹം കാഴ്ചയില്‍ നിന്ന് മറയുന്നതിന് മുന്‍പേ ശേഖരിക്കാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ടെലിസ്‌കോപ്പിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതുവരെ അപകടസാധ്യതാ പട്ടികയില്‍ തുടരും.
ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുന്നതോടൊപ്പം കൂട്ടിയിടി ഒഴിവാക്കാന്‍ സാധ്യമായ വഴികളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടുക, ആഘാതം സംഭവിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ആഘാത സാധ്യത കുറവായതിനാല്‍ ഛിന്നഗ്രഹത്തിന്റെ നിരീക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രം.
അടിയന്തരമായി ചെയ്യുന്നത്
90 മീറ്റര്‍ വ്യാസമുണ്ടെന്ന് കരുതുന്ന ഛിന്നഗ്രഹം ചുരുക്കത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തി വച്ചേക്കാം. ഇതേ വലിപ്പം തന്നെയാകണം ഛിന്നഗ്രഹത്തിന്റേത് എന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരുഛിന്ന ഗ്രഹത്തിന് എത്ര വലിപ്പമുണ്ടെന്ന് കണക്കാക്കാന്‍ ശക്തമായ ടെലിസ്‌കോപ് ഉപയോഗിച്ച് അതിന്റെ പ്രതലത്തില്‍ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചത്തെ അളക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്യുക. പൊതുവെ, ഛിന്നഗ്രഹം വലിപ്പം കൂടിയതാണെങ്കില്‍ തിളക്കം കൂടുതലായിരിക്കും. എന്നാല്‍, അതെല്ലായ്‌പ്പോഴും, അങ്ങനെയാവണമെന്നുമില്ല.
എന്താലായാലും ഛിന്നഗ്രഹത്തിന്റെ വരവിനെ കരുതിയിരിക്കാന്‍ ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിക്കാന്‍ ശാസ്ത്രജ്ഞരുടെ രാജ്യാന്തര സംഘത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. മുഖ്യമായും ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ ഉണ്ടാകുന്ന നാശനഷ്ടം കണക്കാക്കുകയാണ് ചെയ്യുക. 2024 YR 4 ന്റെ യഥാര്‍ഥ വലിപ്പം കണ്ടുപിടിക്കുക, അതിന്റെ സഞ്ചാരപഥത്തെ കുറിച്ച് അന്തിമ കണക്കുകൂട്ടലുകള്‍ നടത്തുക എന്നിവയാണ് ജോലികള്‍.