ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം

Update: 2025-09-08 06:06 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് വിദേശത്തു നിന്നടക്കം സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് ഭക്തരെ ക്ഷണിക്കുമ്പോള്‍, ശബരിമല യുവതീ പ്രവേശനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ പ്രതിസ്ഥാനത്തു ചേര്‍ക്കപ്പെട്ട നിരപരാധികളായ ഇരുപതിനായിരത്തോളം വിശ്വാസികള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങളില്‍ 2,636 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതില്‍ അയ്യായിരത്തിലധികം പേര്‍ മാത്രമാണ് അക്രമസംഭവങ്ങളില്‍ നേരിട്ടു പങ്കെടുത്തത്്. ബാക്കിയുള്ള ഇരുപതിനായിരത്തിലധികം പേര്‍ ആള്‍ക്കൂട്ടക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ്. പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നും കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോടതി കയറിയിറങ്ങുന്നതിനിടയിലാണ് അയ്യപ്പസംഗമത്തിന് ഭക്തരെ സര്‍ക്കാര്‍ നേരിട്ടു ക്ഷണിക്കുന്നത്. പ്രതികളായവര്‍ ആഗോള അയ്യപ്പസംഗമത്തിന് എത്തിയാല്‍ പ്രത്യേകമായി നിരീക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. നിലയ്ക്കലില്‍ നിന്നും നീരീക്ഷണ ശേഷം മാത്രമേ സംഗമ ദിവസം ആളുകളെ പമ്പയിലേക്ക് വിടൂ. പോലീസിന് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കും.

ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് തന്നെ അയ്യപ്പ സംഗമത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പഴയ കേസുകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം വ്യാപകമായി ഭക്തര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു. നിലവില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനു മുന്നിലുള്ള യുവതീ പ്രവേശന ഹര്‍ജിയില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ബോര്‍ഡിന്‍െ്റ തീരുമാനം. അയ്യപ്പ സംഗമവുമായി സഹകരിക്കാന്‍ തീരുമാനിച്ച എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും പഴയ കേസുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് വഴങ്ങേണ്ടിവരും.

യുവതീ പ്രവേശന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2,636 കേസുകളാണ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിവിധ കേസുകളിലായി 25,408 പേര്‍ പ്രതികളായിരുന്നു. അതില്‍ 93 കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയിരുന്നു. ബാക്കിയുള്ള 2,543 കേസുകളാണ് നിലവിലുള്ളത്. വിവിധ സംഘടനാ പ്രവര്‍ത്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ കേസുകളില്‍ പ്രതികളാണ്. 2018 ഒക്ടോബറില്‍ തുലാമാസ പൂജക്കായി ശബരിമലയില്‍ നട തുറന്നപ്പോഴാണ് സന്നിധാനത്ത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. നട തുറക്കുന്നതിന് രണ്ടുദിവസം മുന്‍പ് നിലക്കലില്‍ ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ 50 കിലോമീറ്റര്‍ വനമേഖലയില്‍ പോലീസ് 144 പ്രഖ്യാപിച്ചു. യുവതികളെത്തിയാല്‍ തടയുന്നതിന് ഒരു ഡസനോളം ഹൈന്ദവ സംഘടനകള്‍ റിക്രൂട്ട്് ചെയ്ത നുറുകണക്കിന് പ്രവര്‍ത്തകര്‍ നിലക്കലും പമ്പ മുതല്‍ സന്നിധാനം വരെയും നിലയുറപ്പിച്ചു. വാഹന പരിശോധന നടത്തി യുവതികളെ മര്‍ദ്ദിച്ചു. അതോടെ സമരം സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.

നിലക്കല്‍ വന്‍സംഘര്‍ഷമുണ്ടായി. വൈകിട്ട് നട തുറക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പമ്പയില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും അരങ്ങേറി. മല കയറാനെത്തിയ ആദ്യയുവതി ആന്ധ്ര സ്വദേശിനി മാധവിയും കുടുംബവും പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി. പിന്നീടെത്തിയ ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഹെല്‍മറ്റ് ധരിപ്പിച്ച് പോലീസ് സംഘം സന്നിധാനത്ത് നടപ്പന്തല്‍ വരെയെത്തിച്ചു. യുവതിയെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി നിലപാട് എടുത്തതോടെ പോലീസ് അവര മടക്കിക്കൊണ്ടു പോയി. അഞ്ചുദിവസത്തിനകം മല കയറാനെത്തിയത് രണ്ട് ഡസനിലേറെ യുവതികളായിരുന്നു. അതിനിടെ തൃശൂര്‍ സ്വദേശിനിയായ 57 കാരിയെ സന്നിധാനത്ത് തടഞ്ഞ സമരക്കാര്‍ നെയ്‌ത്തേങ്ങ കൊണ്ട് മുതുകിലിടിച്ചു. രഹസ്യമായും പരസ്യമായും പോലീസ് യുവതികളെ മല കയറ്റാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ അതെല്ലാം പൊളിച്ചു. തുടര്‍ന്ന് നവംബര്‍ 17 ന് മണ്ഡലകാലത്തിനായി നട തുറന്നപ്പോള്‍ എത്തിയ കെ.പി ശശികല അറസ്റ്റിലായി. ശബരിമല ദര്‍ശനം ലക്ഷ്യമിട്ട് ഡെല്‍ഹിയില്‍ നിന്നെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധം കാരണം കൊച്ചി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

അക്രമസമരങ്ങള്‍ ഭക്തരുടെ പ്രതിഷേധത്തിനു കാരണമായതോടെ സമരം നവംബര്‍ 29 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റി. അതോടെയാണ് പമ്പ ശാന്തമായത്്. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതായി 2019 ജനുവരി രണ്ടിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. തന്ത്രി ക്ഷേത്രം അടച്ചിട്ട് ശുദ്ധികലശം നടത്തി. പന്തളത്ത് സമരക്കാരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ വ്യാപക സംഘര്‍ഷവും കല്ലേറുമുണ്ടായി. പന്തളത്ത് ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ ജാഥയ്ക്ക് നേരെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ നിന്നാണ് കല്ലേറുണ്ടായത്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കുമൂലം ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ പന്തളം കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) മരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അതോടെ സര്‍്ക്കാര്‍ അയഞ്ഞു. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കി മല കയറ്റുന്ന നടപടി നിര്‍ത്തിവച്ചു. പിന്നീട് സംരക്ഷണം നല്‍കില്ലെന്ന് നിലപാടിലേക്കും സര്‍ക്കാര്‍ എത്തി. അതോടെ തീര്‍ത്ഥാടനം ശാന്തമാകുകയായിരുന്നു.

Tags:    

Similar News