ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ സംഭവിക്കുക സര്‍വ്വനാശം..! ആണവായുധങ്ങളുടെ പ്രയോഗം ലോകത്തെ നരകമാക്കും; ഭക്ഷ്യ വിളകള്‍ കരിഞ്ഞുണങ്ങി കനത്ത വിളനാശമുണ്ടാകും; എട്ട് വര്‍ഷം വരെ കോടിക്കണക്കിന് ആളുകള്‍ക്ക് പട്ടിണി കിടക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍
ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ സംഭവിക്കുക സര്‍വ്വനാശം..!
ഹാരിസ്ബര്‍ഗ്: ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ എന്തൊക്കെ ആയിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ന കാര്യം നമ്മുടെ ഭാവനയ്ക്കും അപ്പുറമാണ്. ഉറപ്പായും ആണവായുധങ്ങള്‍ തന്നെ ആയിരിക്കും വന്‍ ശക്തികള്‍ യുദ്ധത്തിനായി ഉപയോഗിക്കുക എന്ന കാര്യവും ഉറപ്പാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഒരു ആണവശൈത്യകാലം എങ്ങനെയായിരിക്കുമെന്ന് കൃത്യമായി വെളിപ്പെടുത്തുകയാണ് പെന്‍സില്‍വാനിയയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍.
ഒരു ആഗോള യുദ്ധത്തിനുശേഷം എട്ട് വര്‍ഷം വരെ കോടിക്കണക്കിന് ആളുകള്‍ പട്ടിണി കിടക്കും എന്നും ഇവര്‍ പ്രവചിക്കുന്നു. ഒരു ആണവ യുദ്ധത്തെത്തുടര്‍ന്ന് നമ്മള്‍ ഏറ്റവും ഭയപ്പെടേണ്ട ഒരു സാഹചര്യം വിളനാശമാണ്. ഇത് കോടിക്കണക്കിന് ആളുകളെ ആയിരിക്കും ദോഷകരമായി ബാധിക്കുക. ലോകത്തെ പ്രധാനപ്പെട്ട ധാന്യങ്ങള്‍ക്ക് ആവശ്യത്തിന് ചൂടോ സൂര്യപ്രകാശമോ ലഭിക്കാത്തതിനാല്‍ വളരാന്‍ കഴിയില്ല. ഇതിന്റെ ഫലമായി ആണവ സ്ഫോടനങ്ങളുടെ നാശത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ പിന്നെ നേരിടേണ്ടത് ഭക്ഷ്യക്ഷാമമാണ്.
ഭൂമിയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളായ ആണവായുധങ്ങള്‍ സ്ഫോടനം, ചൂട്, വികിരണം എന്നിവയുടെ രൂപത്തില്‍ വലിയ അളവില്‍ ഊര്‍ജ്ജം പുറത്തുവിടുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന തീയില്‍ നിന്നുള്ള പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് സൂര്യപ്രകാശത്തെ തടയും. ഇതെല്ലാം കടുത്തവിളനാശത്തിലേക്കും കൂട്ട പട്ടിണിമരണത്തിലേക്കും എത്തിക്കും. ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രത്യാഘാതങ്ങള്‍ക്ക് പോലും നാം തയ്യാറായിരിക്കണം എന്നാണ് പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സസ്യ ശാസ്ത്രജ്ഞനായ യൂനിംഗ് ഷി പറയുന്നത്.
1945 ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളില്‍ അമേരിക്ക ആണവായുധം പ്രയോഗിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ധാന്യവിളയായ ചോളത്തിന്റെ ആഗോള ഉല്‍പാദനത്തെ വിവിധ ആണവ ശൈത്യകാല സാഹചര്യങ്ങള്‍ എങ്ങനെ ബാധിക്കുമെന്നാണ് യൂനിംഗ്ഷീയും സഹപ്രവര്‍ത്തകരും വിശകലനം ചെയ്യുന്നത്.
അരി, ഗോതമ്പ് തുടങ്ങിയ മറ്റ് വിളകള്‍ക്കും സമാനമായ വിധി നേരിടേണ്ടിവരും. ഒരു പ്രാദേശിക ആണവയുദ്ധം ഏകദേശം 5.5 ദശലക്ഷം ടണ്‍ കരി അന്തരീക്ഷത്തിലേക്ക് കടത്തിവിടുമ്പോള്‍, ലോകമെമ്പാടുമുള്ള വാര്‍ഷിക ചോള ഉല്‍പാദനത്തില്‍ ഏഴ് ശതമാനം കുറവുണ്ടാകും. ആഗോള വിള ഉല്‍പാദനത്തില്‍ 80 ശതമാനം ഇടിവ് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് വ്യാപകമായ ആഗോള ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കും എന്നുമാണ് ഷീയും സഹപ്രവര്‍ത്തകരും പറയുന്നത്.
സൂര്യപ്രകാശം ലഭിക്കാതെ ഭൂമി വല്ലാതെ തണുത്തുറയുന്ന സാഹചര്യത്തില്‍ വിത്തുകള്‍ നടാനും കഴിയുകയില്ല. 165 ദശലക്ഷം ടണ്‍ കാര്‍ബണ്‍ വാതകം അന്തരീക്ഷത്തിലേക്ക് എത്തുന്നത് ഭൂമിയുടെ ഓസോണ്‍ പാളിയെയും ദോഷകരമായി ബാധിക്കും.