കേരളത്തിലെ പ്രതിഷേധം ഒന്നും ഇവിടെ വിലപോകില്ല; കടല്‍ മണല്‍ ഖനനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; ഖനനം അപകടമുള്ളതല്ലെന്ന് തീരദേശ ജനതയെ ബോധ്യപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രം

Update: 2025-03-02 06:02 GMT

കൊല്ലം: കടല്‍ മണല്‍ ഖനനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലെ പ്രതിഷേധം കണ്ട് പേടിച്ച് പിന്നോട്ടില്ലെന്ന് ദേശീയ നേതാക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക സംബന്ധിച്ച് ആശയവിനിമയം നടത്തിയ ബി.ജെ.പി. കേരള നേതാക്കളോടും ചില ജില്ലാഘടകങ്ങളോടമാണ് ഇക്കാരംം വ്യക്തമാക്കിയത്.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാനും പരിസ്ഥിതി ആഘാത പഠനം നടത്താനും നടപടി വേണമെന്ന് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖനനം അപകടകരമല്ലെന്നും മത്സ്യമേഖലയെ ബാധിക്കില്ലെന്നുമുള്ള തരത്തില്‍ തീരദേശജനതയെ ബോധവത്കരിക്കണമെന്ന് കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചതായാണ് വിവരം. തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ നടക്കുന്ന മണല്‍ഖനനം മത്സ്യത്തൊഴിലാളികളെയും മത്സ്യസമ്പത്തിനെയും ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞു. ചൈന, സ്വീഡന്‍ അടക്കമുള്ള 40 രാജ്യങ്ങള്‍ ഇത്തരം ഖനനം നടത്തുന്നുണ്ട്.

ജി.ഡി.പി. വളര്‍ച്ചയില്‍ നിര്‍ണായകമാകുന്ന ഖനന തീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകാനാകില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇന്ത്യയെ മൂന്നാം സാമ്പത്തികശക്തിയാക്കാനുള്ള ലക്ഷ്യത്തിനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണിത്. ഇക്കാര്യങ്ങള്‍ മത്സ്യത്തൊഴിലാളികളെ ബോധവത്കരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍തന്നെ അടുത്തദിവസങ്ങളില്‍ രംഗത്തെത്തും. മണല്‍ഖനനത്തിനെതിരായി സമരരംഗത്തുള്ള ലത്തീന്‍ സഭയുമായി സംസാരിക്കാനും മന്ത്രിമാര്‍ എത്തുമെന്നാണ് അറിയുന്നത്.

നേരത്തേ, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ബി.ജെ.പി. കേരള ഘടകം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. പദ്ധതിക്കെതിരേ തങ്ങള്‍ സമരം തുടങ്ങുകയും കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്താല്‍ നാണക്കേടാകുമെന്ന് ഭയന്നായിരുന്നു ഇത്. ഇ.ശ്രീധരന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും വിഷയം പഠിച്ചശേഷം പദ്ധതിക്ക് എതിരായ നിലപാടെടുത്തു. തുടര്‍ന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം സംസ്ഥാനനേതാക്കള്‍ക്ക് സമരം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

Tags:    

Similar News