വയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; 'വിശ്വപൗരനെ' ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!
രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ എന്ന പ്രവര്‍ത്തക സമിതി അംഗത്തിന്റെ സ്ഥാനം ചോദ്യചിഹ്നത്തിലാക്കുന്ന നാടകീയ നീക്കങ്ങള്‍ക്കാണ് കൊച്ചിയിലെ 'മഹാ പഞ്ചായത്ത്' വേദിയായത്. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായിട്ടും, വേദിയിലുണ്ടായിരുന്ന പ്രമുഖരെയെല്ലാം പേരെടുത്ത് പരാമര്‍ശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന് വലിയ സ്ഥാനമില്ലെന്ന വ്യക്തമായ സന്ദേശമാണോ രാഹുല്‍ നല്‍കിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ നടന്ന കോണ്‍ക്ലേവില്‍ കെ.സി. വേണുഗോപാല്‍ തരൂരിനെ വാനോളം പുകഴ്ത്തിയിരുന്നു. ആവേശത്തോടെ കൊച്ചിയിലെത്തിയ തരൂരിനെ കാത്തിരുന്നത് തികച്ചും വിപരീതമായ അനുഭവമായിരുന്നു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ലഭിച്ച പരിഗണന തരൂരിന് ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തന്ത്രപരമായി ഒഴിവാക്കുകയും ചെയ്തു. ഇത് തരൂരിനെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടെന്ന സന്ദേശം പുറത്തേക്ക് വരുന്നതിനിടെയാണ് തരൂരിനെ രാഹുല്‍ ഗാന്ധി ഒഴിവാക്കിയത്. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാണ്ടിലെ രാഹുല്‍ പക്ഷം തരൂരിന് എതിരാണെന്ന് വ്യക്തമായി.
തരൂരിനെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷി പ്രയോഗിച്ച തന്ത്രമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. 'രാഹുല്‍ ഗാന്ധി എത്തിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം മാത്രമേ സംസാരിക്കൂ' എന്നായിരുന്നു തരൂരിന് ലഭിച്ച നിര്‍ദ്ദേശം. ഇതനുസരിച്ച് രാഹുല്‍ എത്തുന്നതിന് മുന്‍പേ തരൂര്‍ പ്രസംഗം ആരംഭിച്ചു. എന്നാല്‍ രാഹുല്‍ എത്തിയ ഉടന്‍ അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രാഹുല്‍ വേദിയിലിരിക്കെ തന്നെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തുടങ്ങി അടൂര്‍ പ്രകാശും പ്രസംഗിച്ചു. ഇത് തരൂരിനെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള നീക്കമായിരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. തരൂര്‍ പറയുന്നത് കേള്‍ക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്ന് രാഹുല്‍ പറയുകയായിരുന്നു. തന്റെ പ്രസംഗത്തില്‍ തരൂരിന്റെ പേരൊഴിവാക്കിയതോടെ ചിത്രം വ്യക്തമാകുകയും ചെയ്തു.
കെപിസിസി പ്രസിഡന്റ് മുതല്‍ പ്രധാനപ്പെട്ട എല്ലാ നേതാക്കളുടെ വരെ പേര് പറഞ്ഞ രാഹുല്‍, തന്റെ തൊട്ടടുത്തിരുന്ന വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ തരൂരിനെ കണ്ടില്ലെന്ന് നടിച്ചു. വയനാട്ടില്‍ തരൂരിനെ ചേര്‍ത്തുപിടിച്ചവര്‍ തന്നെ കൊച്ചിയില്‍ അദ്ദേഹത്തെ കൈവിട്ടത് കൃത്യമായ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. കേരളത്തിലെ വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ തരൂരിന് വലിയ പങ്കുണ്ടാവില്ലെന്ന സൂചന രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നല്‍കിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കൊച്ചിയിലെ ഈ സംഭവവികാസങ്ങള്‍ തരൂര്‍ പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ പുകഴ്ത്തുന്നവര്‍ തന്നെ ചതിച്ചു എന്ന തിരിച്ചറിവിലാണോ തരൂര്‍ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
കൊച്ചിയില്‍ നടന്ന മഹാ പഞ്ചായത്ത് സംഗമത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാട് തരൂരിന് കേരള രാഷ്ട്രീയത്തില്‍ വലിയ സ്ഥാനമില്ലെന്ന വ്യക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. വയനാട്ടില്‍ നല്‍കിയ സ്വീകരണത്തിന് പിന്നാലെ കൊച്ചിയില്‍ ലഭിച്ച ഈ 'തണുത്ത' പ്രതികരണം തരൂര്‍ ആരാധകരെയും അണികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വേദിയിലുണ്ടായിരുന്ന നേതാക്കളെ അഭിസംബോധന ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി പുലര്‍ത്തിയ നിശബ്ദതയാണ് ഏറ്റവും ശ്രദ്ധേയമായത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ പ്രാദേശിക നേതാക്കളുടെ പേര് വരെ എടുത്തു പറഞ്ഞ രാഹുല്‍, തന്റെ തൊട്ടടുത്തിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂരിന്റെ പേര് മാത്രം ഉച്ചരിച്ചില്ല. ഇത് കേവലം ഒരു മറവിയായി കാണാന്‍ കഴിയില്ലെന്നും, മറിച്ച് തരൂരിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥരായ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുലിനെ സ്വാധീനിച്ചു നടത്തിയ നീക്കമാണെന്നുമാണ് തരൂര്‍ പക്ഷം വിശ്വസിക്കുന്നത്.
വയനാട്ടില്‍ വെച്ച് കെ.സി. വേണുഗോപാല്‍ തരൂരിനെ വാനോളം പുകഴ്ത്തിയത് ഒരു പുകമറ മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വയനാട്ടില്‍ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കൈയ്യടി വാങ്ങിയവര്‍ തന്നെ കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നിഷേധിച്ചു. തരൂരിനെപ്പോലൊരു ആഗോള നേതാവിനെ കേരളത്തിലെ ഒരു ചെറിയ വേദിയില്‍ അപമാനിക്കാന്‍ ശ്രമിച്ചത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകും. ഈ സംഭവത്തില്‍ ശശി തരൂരിനെ അനുകൂലിക്കുന്നവര്‍ കടുത്ത പ്രതിഷേധത്തിലാണ്.
