റീച്ചിനായി യുവാവിനെ കൊലയ്ക്ക് കൊടുത്തു! ഇന്‍സ്റ്റ അക്കൗണ്ട് പൂട്ടി മുങ്ങിയ 'കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ' ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; തിരക്കുള്ള ബസില്‍ നടന്നത് എന്ത്? ദീപക്കിനെ മരണത്തിലേക്ക് തള്ളിയിട്ട സൈബര്‍ വിചാരണയില്‍ വന്‍ വഴിത്തിരിവ്; ഡിഐജി നേരിട്ട് ഇറങ്ങുന്നു; ഇനി കളി മാറും!

'കണ്ടന്റ് ക്രിയേറ്റര്‍ക്കെതിരെ' ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

Update: 2026-01-19 16:23 GMT

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ 

വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് ഗോവിന്ദപുരം ടി.പി. ഗോപാലന്‍ റോഡിലെ 'ദീപക് ഭവന'ത്തില്‍ യു. ദീപക് (42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നോര്‍ത്ത് സോണ്‍ ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു.

ജോലിയാവശ്യാര്‍ത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസില്‍ യാത്ര ചെയ്യവേയാണ് യുവതി ദീപക്കിന്റെ വീഡിയോ പകര്‍ത്തിയത്. തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് യുവതി പകര്‍ത്തിയ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ യുവതി മറ്റൊരു വീഡിയോയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ദീപകിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീപകിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമാണ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

സൈബര്‍ വിചാരണയും ആത്മഹത്യയും

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. തിരക്കുള്ള ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയും ദീപക് വലിയ രീതിയിലുള്ള സൈബര്‍ വിചാരണയ്ക്ക് ഇരയാവുകയും ചെയ്തു. ഇതിന് പിന്നാലെ ഞായറാഴ്ച ദീപകിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും തിരക്കുള്ള ബസില്‍ നില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു എന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം.

കുടുംബത്തിന്റെ പരാതി; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

ദീപകിന്റെ മരണത്തിന് പിന്നാലെ കുടുംബം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കണ്ടന്റ് ക്രിയേറ്ററായ യുവതി തന്റെ റീച്ചിനും ലൈക്കുകള്‍ക്കുമായി ദീപകിനെ മനഃപൂര്‍വം കുടുക്കിയതാണെന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യാപ്രേരണയ്ക്ക് പുറമെ, യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഡിജിപിക്കും കളക്ടര്‍ക്കും പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

വിഷയം അതീവ ഗൗരവത്തോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കുന്നത്. നോര്‍ത്ത് സോണ്‍ ഡി.ഐ.ജി കേസ് അന്വേഷിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 19-ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി; സൈബര്‍ വിചാരണ ഇപ്പോള്‍ യുവതിക്കെതിരെ

ദീപകിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ആരോപണമുന്നയിച്ച യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. നേരത്തെ പങ്കുവെച്ച രണ്ടാമത്തെ വീഡിയോ നീക്കം ചെയ്‌തെങ്കിലും ആദ്യ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതേസമയം, ദീപകിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ശക്തമായ സാമൂഹിക പ്രതികരണം

രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള 'ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍' വിഷയത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പുരുഷന്മാര്‍ക്കെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നാണ് ഇവരുടെ നിലപാട്.


Tags:    

Similar News