അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും; ഷിരൂരില്‍ കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും; മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് എംഎല്‍എ

അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും

Update: 2024-09-23 02:22 GMT

ബംഗളൂരു: ഷിരൂരില്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും.

ഷിരൂരില്‍ പ്രാദേശിവ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു. ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ടാങ്കര്‍ ലോറിയുടെ എഞ്ചിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ാണ് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാവിലെ തന്നെ തെരച്ചിലില്‍ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഈശ്വര്‍ മാല്‍പെ ഇറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാര്‍ തടഞ്ഞു. പിന്നീട് ഇത് ഒരു തര്‍ക്കമായി. പിന്നീട് ഈശ്വര്‍ മാല്‍പെ ഇന്നലെ ടാങ്കര്‍ ക്യാബിന്‍ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്.

അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നുവെന്ന് കരുതുന്ന അക്കെഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങള്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പോലിസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങള്‍ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മാല്‍പെ പിണങ്ങി ഇറങ്ങിപ്പോയത്.

ഒരു പൈസ പോലും വാങ്ങാതെ തിരിച്ചിലിനിറങ്ങിയ തന്നോട് മോശം പെരുമാറ്റമാണ് ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതില്‍ തനിക്ക് വിഷമുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നുമാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്. കാര്‍വാര്‍ എസ് പി നാരായണ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ''ഇനി ഹീറോ ആകാനില്ല. എന്റെ സംഘത്തിലുള്ളവര്‍ക്കും മടുത്തു. അവരും ഇത് നിര്‍ത്താം എന്ന് തന്നെയാണ് പറയുന്നത് . ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അര്‍ജുന്റെ മാതാവിനോടും ബന്ധുക്കളോടും മാപ്പ് ചോദിക്കുന്നു' മാല്‍പെ പറഞ്ഞു.

Tags:    

Similar News