പുഴയില്‍ നിന്ന് പുറത്തെടുത്ത ക്യാബിനും ടയറും അര്‍ജുന്റെ ലോറിയുടേതല്ല; സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്; ഷിരൂരിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; നാളെയും തിരച്ചില്‍ തുടരുമെന്ന് ഈശ്വര്‍ മാല്‍പെ

നാവികസേന അടയാളപ്പെടുത്തിയ നാല് പോയന്റുകളില്‍ പരിശോധന

Update: 2024-09-21 12:55 GMT

ബെംഗളൂരു: ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്ത ക്യാബിനും ടയറുകളും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ട് ടയറുകളും ക്യാബിനും പുറത്തെടുത്തത്. ഇവ രണ്ടും തന്റെ ലോറിയുടെതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയായിരുന്നു. കണ്ടെത്തിയത് തന്റെ ലോറിയുടെ ഭാഗങ്ങള്‍ അല്ലെന്ന് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്റെ ഉടമ മനാഫ് സ്ഥിരീകരിച്ചു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെയും തെരച്ചില്‍ തുടരുമെന്ന് മാല്‍പെ അറിയിച്ചു.

ഇന്നത്തെ തിരച്ചിലില്‍ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. നാവികസേന നിര്‍ദേശിച്ച മൂന്നു പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റര്‍ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മല്‍പെ പറഞ്ഞത്.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുകയായിരുന്നു. നേരത്തെ പുഴയില്‍നിന്ന് അക്കേഷ്യ മരക്കഷണങ്ങള്‍ മല്‍പെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ ആദ്യത്തെ പോയിന്റില്‍ നിന്നാണ് ടാങ്കറിന്റെ രണ്ട് ടയറുകളും ആക്‌സിലേറ്ററും കണ്ടെത്തിയത്. രണ്ടാം പോയിന്റില്‍ നിന്നാണ് ടാങ്കറിന്റെ ക്യാമ്പിന്‍ കണ്ടെത്തിയത്. ഏറെ നേരം നീണ്ട് നിന്ന് ഈശ്വര്‍ മാല്‍പെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് കയരയിലേക്ക് കയറി. നാളെയും മുങ്ങി തെരച്ചില്‍ തുടരും എന്ന് ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പ്രദേശത്ത് രണ്ട് മണിക്കൂര്‍ കൂടി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരും. നാവികസേന അടയാളപ്പെടുത്തിയ നാല് പോയന്റുകളിളാണ് പരിശോധന തുടരുക. പൂര്‍ണമായും ഇരുട്ട് വീണ ശേഷമേ ഇന്നത്തെ പരിശോധന നിര്‍ത്തൂ.

കാലാവസ്ഥ അനുകൂലമായതില്‍ വലിയ പ്രതീക്ഷയിലാണെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ വേലിയേറ്റ സമയത്ത് പുഴയില്‍ അല്‍പം വെള്ളം കൂടുതലുണ്ടായിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായി. വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തുണ്ടെന്നും അഞ്ജു പറഞ്ഞു.

നാവിക സേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചില്‍ നടത്തുന്നത്. കാര്‍വാറില്‍നിന്ന് എത്തിച്ച ഡ്രജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. വെള്ളിയാഴ്ച ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് ഡ്രജര്‍ കമ്പനിയുമായുള്ള കരാര്‍. ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് അനുമതി നല്‍കിയിരുന്നു. അര്‍ജുന്‍ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാന്‍ കഴിയും വിധമാണ് ഡ്രജര്‍ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്റെ സഹോദരിയും ഷിരൂരില്‍ എത്തിയത്. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കില്‍ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടര്‍ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂണ്‍ 16നാണ് മണ്ണിടിച്ചിലില്‍ ലോറിയുമായി അര്‍ജുനെ കാണാതായത്.

Tags:    

Similar News