ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് എസ്എഫ്‌ഐ; കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍; വി സിയുടെ ചേംബറില്‍ തള്ളികയറാന്‍ നീക്കം; സംഘര്‍ഷാവസ്ഥ; അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ്; കണ്ണൂര്‍ - കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തും സംഘര്‍ഷം

ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് എസ്എഫ്‌ഐ

Update: 2025-07-08 08:25 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനുമെതിരെ എസ്എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതില്‍ തള്ളിത്തുറന്ന് സര്‍വകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ തുടക്കം മുതല്‍ നോക്കുകുത്തിയായി പൊലീസ് നിന്നതോടെ വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനായി പ്രവര്‍ത്തകരുടെ ശ്രമം. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് അത്ര പെട്ടെന്ന് സര്‍വകലാശാലയിലേക്ക് വരാനാകില്ലെന്ന് എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കി. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാള്‍ അദ്ദേഹം ഒളിച്ചോടുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചു.

കേരള സര്‍വകലാശാലയിലെ പോരില്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമ്പോഴാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങുകയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ചാന്‍സലറുടെ തീരുമാനം എന്തായാലും കോടതിയില്‍ ചോദ്യം ചെയ്യാനാണ് സിന്‍ഡിക്കേറ്റ് ശ്രമം. മുന്‍ ഗവര്‍ണറെക്കാള്‍ കടുപ്പമാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു വിമര്‍ശിച്ചിരുന്നു. ഇന്നും കേരള സര്‍വകലാശാലയില്‍ ഒരേ സമയം രണ്ട് രജിസ്ട്രാര്‍മാരാണുള്ളത്. സമവായത്തിന്റെ ഒരു സൂചനയുമില്ലാതെ കൂടുതല്‍ മുറുകുകയാണ് കേരള സര്‍വകലാശാലയിലെ പോര്. ആരോഗ്യ മേഖലയിലെ വീഴ്ചകള്‍ അടക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ. കണ്ണൂര്‍, കാലിക്കട്ട് സര്‍വകലാശാല ആസ്ഥാനങ്ങളിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പ്രതിഷേധവുമായെത്തി. സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് കണ്ണൂരിലും കോഴിക്കോട്ടും വന്‍ പ്രതിഷേധവുമായി എസ് എഫ് ഐ. രംഗത്ത് വന്നത്.

കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവര്‍ത്തകര്‍ക്ക് ഒപ്പം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്.

കണ്ണൂരിലെ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ സ്ഥലത്ത് തുടരുകയായിരുന്നു. പിന്നാലെ ബാരിക്കേഡ് മറികടന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തിന് അകത്തേക്ക് പ്രവേശിച്ചു. സര്‍വകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയാണ്.

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഗവര്‍ണര്‍ വി.സി.യുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമായി തുടരുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍.

Tags:    

Similar News