ഹൈക്കോടതി വാദം കേള്‍ക്കുന്നത് എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ കേസെടുക്കും മുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കണമോ എന്ന നിയമ പ്രശ്‌നത്തില്‍; ആ കേസ് ഈ ഹര്‍ജി കൊണ്ട് ആവിയാകില്ല; തല്‍കാലം ഇഡിയും തുടര്‍ നടപടികള്‍ക്കില്ല; അഴിമതി കേസില്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ നോട്ടീസയച്ച് കോടതിയും; മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളും കൂട്ടരും രണ്ട് മാസം 'സേഫ്'

Update: 2025-04-17 01:26 GMT

കൊച്ചി: ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ കമ്പനി പ്രതിഫലം വാങ്ങിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ. ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് പി.എം. മനോജും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരമൊരു നിലപാട് എടുത്തത്. അതിനിടെ എസ് എഫ് ഐ ഒ കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റും നടപടികളിലേക്ക് കടക്കില്ല. ഈ വിഷയത്തിലും ഹൈക്കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലാണ്. ഇത് മുഖ്യമന്ത്രിയുടെ മകള്‍ക്ക് താല്‍കാലിക ആശ്വാസമാണ്. ഇഡി കേസെടുത്തിരുന്നുവെങ്കില്‍ അറസ്റ്റു ഉള്‍പ്പെടെയുണ്ടാകുമായിരുന്നു.

ഇല്ലാത്ത സേവനത്തിനു മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ എക്‌സാലോജിക് കമ്പനിക്കു പണം നല്‍കിയെന്ന കേസില്‍ നടപടികള്‍ നിര്‍ത്തിവച്ച് 2 മാസം തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദേശം. ഇത് കോടതിയ്ക്കാണ് നല്‍കിയത്. എസ് എഎഫ് ഐ ഒ കുറ്റപത്രം ഇഡിക്ക് മുമ്പിലുണ്ട്. കോടതിയിലൂടെ അവര്‍ക്ക് അത് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി ഇഡിക്ക് ബാധകമല്ലെന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ തല്‍സ്ഥിതി നിര്‍ദ്ദേശം മറികടന്ന് കേസുമായി മുമ്പോട്ട് പോയാല്‍ ചിലപ്പോള്‍ അത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇഡി വിലയിരുത്തുന്നു. സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ടി.ആര്‍.രവിയുടെ ഇടക്കാല ഉത്തരവ്.എതിര്‍കക്ഷികള്‍ക്കു നോട്ടിസ് അയയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്താ, ടി.വീണ തുടങ്ങി 13 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇതിനൊപ്പമാണ് അഴിമതിയിലെ കേസും ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചിന് മുന്നിലെത്തിയത്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷന്‍സ് കമ്പനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം.ആര്‍. അജയനാണ് അഡ്വ. ഷാജി ചിറയത്ത് വഴി പൊതുതാത്പര്യഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജി വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കും. സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ പരാമര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതും കേസില്‍ നിര്‍ണ്ണായകമാണ്.

എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ കേസെടുക്കും മുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കണമോ എന്നതിലാകും ഹൈക്കോടതി വാദം കേള്‍ക്കുക. എസ്എഫ്‌ഐഒ ഫയല്‍ചെയ്ത അന്വേഷണറിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ ഉത്തരവിട്ട പ്രത്യേകകോടതിയുടെ നടപടിയിലാണ് വിശദവാദം കേള്‍ക്കുന്നത്. കേസെടുക്കാന്‍ ഉത്തരവിടുംമുന്‍പ് പ്രത്യേകകോടതി എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടോയെന്ന നിയമപ്രശ്‌നമാകും കോടതി പരിഗണിക്കുക. ഭാരതീയ നാഗരിക സുരക്ഷാസംഹിത (ബിഎന്‍എസ്എസ്) പ്രകാരം കേസെടുക്കാന്‍ ഉത്തരവിടുംമുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതുണ്ടെന്നാണ് സിഎംആര്‍എലിന്റെ വാദം.

എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയത് ബിഎന്‍എസ്എസ് നിലവില്‍ വരുന്നതിന് മുന്‍പായതിനാല്‍ കേസെടുക്കുംമുന്‍പ് എതിര്‍കക്ഷികളെ കേള്‍ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ വാദിച്ചു. തുടര്‍ന്നാണ് എതിര്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ നിര്‍ദേശിച്ച് ഹര്‍ജി കോടതിയവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്. ഹര്‍ജി മേയ് 23നു പരിഗണിക്കാന്‍ മാറ്റി.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Similar News