കേസില്‍ ഇഡി കടന്നു വരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍; എസ് എഫ് ഐ ഒ അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കോടതിയ്ക്ക് സംശയം; സ്‌റ്റേ ആവശ്യം അംഗീകരിച്ചില്ല; കേസ് ജസ്റ്റീസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബഞ്ചിലേക്ക് മാറ്റി; മാസപ്പടയില്‍ വീണാ വിജയനും കൂട്ടര്‍ക്കും തിരിച്ചടി; ഡല്‍ഹിയില്‍ ആശ്വാസമില്ല

Update: 2025-04-09 09:58 GMT

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടത്. ഏപ്രില്‍ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. തത്കാലം എസ്എഫ്‌ഐഒ നടപടികള്‍ക്ക് സ്റ്റേയില്ല. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവും കോടതിയില്‍ ഹാജരായി. സ്റ്റേ ചെയ്യാത്തത് വലിയ തിരിച്ചടിയാണ് സിഎംആര്‍എല്ലിന്. ഏപ്രില്‍ 22ന് മുമ്പ് കേസില്‍ തുടര്‍ നടപടികള്‍ എസ് എഫ് ഐ ഒയ്ക്ക് എടുക്കാം.

തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു. എസ് എഫ് ഐ ഒ അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പുതിയ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കോടതി ചോദിച്ചു. അതേസമയം, കേസില്‍ ഇഡി കടന്നുവരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. കുുറേകാലമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീന്‍ ചവ്ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോള്‍ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിച്ചത്. അത് വീണ്ടും ജസ്റ്റീസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബഞ്ചിലേക്ക് മാറി. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്‍ ആവശ്യപ്പെട്ടത്.

കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശം മറികടന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ ചീഫ് ജസ്റ്റിസിന് കേസ് വിട്ടതോടെ കേസ് നടപടികള്‍ ഇനിയും നീളുമെന്നാണ് വ്യക്തമാകുന്നത്. സ്റ്റേ അനുവദിക്കാത്തതോടെ എസ് എഫ് ഐ ഒ തുടര്‍ നടപടികളുമായി മുമ്പോട്ട് പോകും. കുറ്റപത്രം കൊച്ചി കോടതി അംഗീകരിച്ചാല്‍ ഇഡിയും കേസിലേക്ക് വരും. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്‌ക്കെതിരെ ഇ.ഡിയും കേസെടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇഡി എസ്എഫ്‌ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തില്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്യും. എസ്എഫ്‌ഐഒയുടെ രേഖകള്‍ കിട്ടിയ ശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍ ആണുള്ളത്. കേസില്‍ വീണ വിജയന്‍ 11-ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസില്‍ ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. 114 രേഖകളും 72 സാക്ഷികളും എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്ച തന്നെ നമ്പറിട്ട് പരിഗണിക്കും എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇഡി നടപടികള്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി നടപടികള്‍ പുനരാരംഭിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അവരോട് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കേസ് തേച്ചുമായ്ച്ച് കളയാനാകില്ലന്നും ജനത്തിന് വാസ്തവം ബോധ്യപ്പെടുന്നെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. ഇഡിയെ വിശ്വാസമില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ അടക്കം ഒത്തു കളിച്ചത് കണ്ടതാണെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. നേരത്തെ മാസപ്പടികേസില്‍ സി എം ആര്‍ എല്‍, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. മാസപ്പടി കേസില്‍ ഇഡി കൂടി എത്തുന്നതോടെ കോര്‍പ്പറേറ്റ് ഫ്രാഡ് എന്നതിനപ്പുറം സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലേക്ക് കൂടി അന്വേഷണം നീളാന്‍ സാധ്യതയുണ്ട്.

Tags:    

Similar News