'ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കണ്‍വീനറുടെ സന്തതസഹചാരി'; പേരുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്; വടകര എംപിയെ ആക്രമിച്ചതിന്് പിന്നില്‍ പോലീസിലെ ചിലരെന്ന റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി സിപിഎം; രാഷ്ട്രീയ മേല്‍ക്കൈ മുതലാക്കാന്‍ യുഡിഎഫ്

'ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കണ്‍വീനറുടെ സന്തതസഹചാരി'

Update: 2025-10-13 06:01 GMT

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരന്‍ എന്നിവരുടെ പേരില്‍ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീണ്‍കുമാര്‍ അറിയിച്ചു.

എല്‍ഡിഎഫ് കണ്‍വീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജുവിന്റെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

അതേസമയം ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത് രാഷ്ട്രീയ മേല്‍ക്കൈയാണ്. യുഡിഎഫ് നേതാക്കള്‍ നേരത്തേത്തന്നെ ചില പോലീസുകാര്‍ക്കുനേരേ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൂറല്‍ എസ്പിയും ഇത് ശരിവെക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയത്.

എംപിക്ക് ലാത്തിയടിയേറ്റിട്ടില്ലെന്നും ഷോവര്‍ക്കാണെന്നുമുള്ള സിപിഎം പ്രവര്‍ത്തകരുടെ പ്രചാരണത്തെ എതിര്‍ക്കാന്‍, എസ്പിയുടെ വെളിപ്പെടുത്തല്‍ യുഡിഎഫ് നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. ലാത്തികൊണ്ടടിച്ചത് ആരാണെന്നുകണ്ടെത്താന്‍ എസ്പിയുടെ നേതൃത്വത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. വെള്ളിയാഴ്ച സംഘര്‍ഷം നടന്നതിനുപിന്നാലെ എസ്പി സ്ഥലം സന്ദര്‍ശിച്ചിരുന്നു. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ കൈയിലുള്ളതും മാധ്യമങ്ങളില്‍ വന്നതുമടക്കമുള്ള വീഡിയോകളെല്ലാം പരിശോധിക്കുകയുംചെയ്തു.

രഹസ്യാന്വേഷണവിഭാഗമടക്കം സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളും പരിശോധിച്ചു. രഹസ്യാന്വേഷണവിഭാഗം ഡിവൈഎസ്പിതന്നെ സംഭവദിവസം മുഴുനീളം സ്ഥലത്തുണ്ടായിരുന്നതാണ്. ഇതിനുശേഷമാണ് ലാത്തിച്ചാര്‍ജിലല്ല എംപിക്ക് പരിക്കേറ്റതെന്ന ആദ്യ പ്രതികരണം എസ്പി നടത്തിയത്. ഇതിനുപിന്നാലെ എംപിക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യം പുറത്തുവന്നു. തൊട്ടടുത്തദിവസം എസ്പിയുടെ ആദ്യവാദം തിരുത്തേണ്ടിയും വന്നു.

രഹസ്യാന്വേഷണവിഭാഗം നല്‍കിയ വിവരങ്ങള്‍വരെ പൂര്‍ണമായില്ല. ഔദ്യോഗികമായി ലാത്തിച്ചാര്‍ജുണ്ടായില്ലെങ്കിലും ലാത്തിയടിയേറ്റുവെന്നാണ് ഞായറാഴ്ച വടകരയില്‍ എസ്പി ഒരുപരിപാടിക്കിടെ തുറന്നുപറഞ്ഞത്. സംഭവിച്ച കാര്യത്തെപ്പറ്റി കൃത്യമായ വിവരം യഥാസമയം ലഭിക്കാത്തത് എസ്പി അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സൂചന.

ഷാഫി പറമ്പില്‍ എംപിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയെന്നും അവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും റൂറല്‍ എസ്പി കെഇ ബൈജു പറഞ്ഞിരുന്നു. വടകരയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റൂറല്‍ എസ്പിയുടെ പ്രതികരണം.

പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് എസ്പി പറഞ്ഞു. 'ലാത്തിച്ചാര്‍ജ് ഞങ്ങള്‍ പൊലീസ് ചെയ്തിട്ടില്ല. ലാത്തിച്ചാര്‍ജ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരുകമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയൊരു ആക്ഷന്‍ നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ ഉള്ളിലെ ചില ആളുകള്‍ മനഃപൂര്‍വം അവിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ പിന്നീട് മനസിലാക്കി. ഞങ്ങളിപ്പോള്‍ എഐ ടൂള്‍ ഒക്കെ ഉപയോഗിച്ച് അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എംപിയെ പൊലീസുകാര്‍ പിറകില്‍കൂടെ ലാത്തി കൊണ്ട് ഇങ്ങനെ... അതിനുമുമ്പ് എല്ലാ വിഷ്വല്‍സും നോക്കിയിട്ടാണ് ഞാന്‍ പറഞ്ഞത് ലാത്തിച്ചാര്‍ജ് ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന്. ഇപ്പോഴും ആ സ്റ്റാന്‍ഡാണ്. ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ല', റൂറല്‍ എസ്പി പറഞ്ഞു.

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എംപിക്ക് മര്‍ദനമേറ്റത്. സംഘര്‍ഷത്തില്‍ എംപിക്ക് തലയ്ക്ക് അടിയേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേല്‍ക്കുകയും മൂക്കിന്റെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തത്. നേരത്തെ, സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് 'ഷോ' ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു.

Tags:    

Similar News