കുഞ്ഞിന്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; നാട്ടിലേക്ക് മടങ്ങാനുള്ള വിപഞ്ചികയുടെ ശ്രമം തടഞ്ഞത് നിതീഷിന്റെ ശത്രുത; മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിലും പാരവയ്പ്പ്; ചേതനയറ്റ മകളുടെയും കൊച്ചുമകളുടെയും മൃതദേഹം തിരികെ കൊണ്ടുവരാന്‍ അമ്മ ഷൈലജ നേരിട്ട് ഷാര്‍ജയിലെത്തി; നിതീഷിനെതിരെ പരാതി നല്‍കും; കോണ്‍സുലേറ്റും വിപഞ്ചികയുടെ ബന്ധുക്കള്‍ക്ക് ഒപ്പം

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ നീക്കം; അമ്മ ഷാര്‍ജയിലെത്തി

Update: 2025-07-15 05:56 GMT

ഷാര്‍ജ/കൊല്ലം: ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടിയ പീഡനത്തെ തുടര്‍ന്ന് അല്‍ ക്വായ്സിയിലെ ഫ്‌ളാറ്റില്‍ മരിച്ച കണ്ടെത്തിയ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അതിവേഗ ഇടപെടലുമായി ബന്ധുക്കള്‍. മകളുടെയും കൊച്ചുമകളുടെയും മൃതദേഹം നേരിട്ടു കാണാന്‍ മാതാവ് ഷൈലജ ഷാര്‍ജയില്‍ എത്തി. ബന്ധുവിനൊപ്പം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ എത്തിയത്. മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഷാര്‍ജയിലെ അധികൃതരെ അറിയിക്കും. വിപഞ്ചികയുടെ സഹോദരന്‍ വിനോദും രാത്രി ഷാര്‍ജയില്‍ എത്തും. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെതിരേ ഷാര്‍ജയില്‍ പരാതി നല്‍കാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധുക്കള്‍ ഇക്കാര്യം സംസാരിക്കും.

മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. വിപഞ്ചികയുടെ സഹോദരന്‍ വിനോദും കാനഡയില്‍നിന്ന് ഇന്ന് ഷാര്‍ജയിലെത്തുമെന്നാണ് വിവരം. മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നല്‍കും. 17 നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും.

കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റെ പീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിരുന്നു.

സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്തൃസഹോദരി നീതു, നിധീഷിന്റെ അച്ഛന്‍ എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാണ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 3 പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.

കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിന്റെ ഭാര്യ വിപഞ്ചിക(33)യെയും മകള്‍ വൈഭവിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഇവര്‍ താമസിച്ചിരുന്ന ഷാര്‍ജ അല്‍ ക്വായ്സിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ എച്ച്ആര്‍ മാനേജരായിരുന്നു എംബിഎ ബിരുദധാരിയായ വിപഞ്ചിക. 2020 നവംബറിലായിരുന്നു കോട്ടയം സ്വദേശി നിധീഷുമായി വിപഞ്ചികയുടെ വിവാഹം. വിവാഹശേഷം ഷാര്‍ജയില്‍ തന്നെയുള്ള ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഒപ്പമായിരുന്നു താമസം. ആദ്യദിവസംമുതല്‍ കടുത്ത പീഡനവും അവഹേളനവും അനുഭവിച്ചതായി വിപഞ്ചിക ആറുപേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ഗര്‍ഭിണിയായതോടെ കൂടുതല്‍ കടുത്ത പീഡനം നേരിട്ടു. നിരന്തര പീഡനത്തെ തുടര്‍ന്ന് മകളുമായി മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. വേര്‍പിരിയല്‍ നോട്ടീസ് ലഭിച്ചതോടെ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി ഇരുവരെയും സ്വീകരിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. കുഞ്ഞിന്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഇതോടെ നാട്ടിലേക്ക് വരാനുള്ള ശ്രമവും നടന്നില്ല. വേര്‍പിരിയല്‍ നോട്ടീസ് ലഭിച്ചതും കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുവരാനാകാതെ വന്നതുമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും ബന്ധുക്കള്‍ക്ക് ലഭിച്ച ഡയറിക്കുറിപ്പില്‍ പറയുന്നു.

കുണ്ടറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. സ്ത്രീധനപീഡനമുള്ളതിനാല്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണച്ചുമതല. കുറ്റകൃത്യം വിദേശത്ത് നടത്തിയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമോ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചുള്ള അന്വേഷണമോ നടത്തും.

Tags:    

Similar News