'ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, തൊഴിലിടങ്ങളിലെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും'; പുതിയ ആശയവുമായി ശശിതരൂര്‍; പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് എംപി

'ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, തൊഴിലിടങ്ങളിലെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും';

Update: 2024-09-21 11:33 GMT

തിരുവനന്തപുരം: അമിതജോലിഭാരം കാരണം യുവ ചാര്‍ട്ടഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി എന്ന നിര്‍ദ്ദേശവുമായാണ് തരൂര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു.

അന്നയുടെ അച്ഛന്‍ സിബി ജോസഫുമായുള്ള സംഭാഷണം ഹൃദയഭേദകമായിരുന്നു. ദിവസേന 14 മണിക്കൂര്‍ വീതം നാല് മാസം തുടര്‍ച്ചയായി സമ്മര്‍ദം നിറഞ്ഞ ജോലിക്ക് പിന്നാലെയാണ് യുവതിയുടെ മരണം. ഏത് മേഖലയിലെ തൊഴിലിടങ്ങളിലും നിശ്ചിത സമയ ജോലി സംബന്ധിച്ച് നിയമനിര്‍മാണം നടത്തണമെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും അന്നയുടെ പിതാവ് ആവശ്യപ്പെട്ടു. താന്‍ അത് സമ്മതിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷയും പിഴയും നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ഇക്കാര്യം ഉന്നയിക്കും'- അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട്ടിലെത്തിയിരുന്നു. അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണെന്നാണ് സതീശന്‍ പ്രതികരിച്ചത്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണം. അതിനു സമ്മര്‍ദ്ദം ചെലുത്തും.ശക്തമായ നടപടികള്‍ വേണം. കേരളത്തില്‍ ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. തൊഴിലാളി നിയമങ്ങള്‍ ഇപ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയായി മാറി. അന്നയുടെ അമ്മ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ എണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ചെയര്‍മാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. മകളുടെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ചെയര്‍മാന് കത്തെഴുതിയതെന്നാണ് അന്നയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഇതിനിടെ തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ഒരു ജീവനക്കാരി ചെയര്‍മാന് അയച്ച ഈമെയില്‍ സന്ദേശം പുറത്തുവന്നു. നസീറ കാസി എന്ന യുവതിയുടെ സന്ദേശമാണ് പുറത്തായത്. ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി അറിയിച്ചാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകാറുണ്ട്. ഇനിയൊരു അന്ന ഉണ്ടാകും മുന്‍പ് നടപടി വേണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടു.

ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

Tags:    

Similar News