ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ ഇരട്ടസെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടി; 21 ാം വയസില്‍ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍; ഷോര്‍ട്ട് സെലക്ഷനിലെ പോരായ്മ കാരണം ഫോം ഔട്ടും ടീമിന് പുറത്താകലും; പ്രതിക റാവലിന്റെ പരിക്ക് വഴിതുറന്നത് ലോകകപ്പ് സെമിയിലെ ഓപ്പണര്‍ സ്ഥാനത്തേക്ക്; 87 റണ്‍സും 2 നിര്‍ണ്ണായക വിക്കറ്റുമായി ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്‍മ്മ
ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്‍മ്മ
മുംബൈ: അക്ഷരാര്‍ത്ഥത്തില്‍ സിനിമാറ്റിക്ക്.. അങ്ങനെ മാത്രമെ വിശേഷിപ്പിക്കാന്‍ പറ്റു ഷഫാലി വര്‍മ്മയുടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളെ..നമ്മള്‍ ഈ സ്പോര്‍ടസ് സിനിമകളിലൊക്കെ കാണുന്നത് പോലെ നിര്‍ഭാഗ്യവശാല്‍ ടീമിന് പുറത്താകുന്ന താരം, നിര്‍ണ്ണായക സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും ടീമിലെത്തുന്നു. ഒടുവില്‍ ടീമിനെ കിരീട നേട്ടത്തിലെത്തിച്ച് ആയാള്‍ സൂപ്പര്‍ഹീറോ ആകുന്നു. അത്തരമൊരു സിനിമാറ്റിക്ക് അധ്യായം ഷഫാലി വര്‍മ്മയുടെ ജീവിതത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് കാലം. ഒരുപക്ഷെ കഴിവുണ്ടായിട്ടും പുറത്തുപോകേണ്ടി വന്നപ്പോള്‍ ഒഴുക്കിയ കണ്ണീരിനുള്ള പ്രതിഫലം.
ഏകദിനത്തിലുള്‍പ്പടെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി സ്ഥാനം ലഭിച്ചിട്ടും മോശം ഷോട്ട് സെലക്ഷനും അതുമൂലമുണ്ടാകുന്ന ഫോം ഔട്ടും കാരണം ടീമിന് പുറത്തായ ഷഫാലിക്ക് പകരം ആ സ്ഥാനത്തേക്ക് വന്ന താരമാണ് പ്രതിക റാവല്‍. അതേ പ്രതിക പരിക്കുകാരണം പുറത്തുപോയപ്പോഴാണ് ലോകകപ്പിന്റെ സെമിഫൈനല്‍ പോലൊരു നിര്‍ണ്ണായക മത്സരത്തിലേക്ക് ഷഫാലിക്ക് വീണ്ടും വിളി വരുന്നത്.അവിടെ അവള്‍ക്ക് തെളിയിക്കാന്‍ ഒരുപാടുണ്ടായിരുന്നു. സെമിയില്‍ കാലിടറിയെങ്കിലും ഫൈനലില്‍ ഷഫാലി അത് സാധിച്ചിരിക്കുന്നു.87 റണ്‍സുമായി ഇന്ത്യയുടെ ടോപ്പ് സ്‌കോററായ ഷഫാലി നിര്‍ണ്ണായക സമയത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ദീപ്തി ശര്‍മ്മയുടെയും ഷഫാലിയുടെയും ചുമലിലേറിയാണ് ഇന്ത്യ വനിതകള്‍ കന്നി ലോകകപ്പില്‍ മുത്തമിട്ടത്.
കഠിനമായ യാത്ര.. അപ്രവചനീയമായ കരിയര്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍ ഷഫാലി വര്‍മ ചരിത്രമെഴുതിയത്.വെറും 194 പന്തില്‍ നിന്നാണ് ഷഫാലി വര്‍മ്മ തന്റെ ഇരട്ട സെഞ്ച്വറി തികച്ചത്.256 പന്തില്‍ ഇരട്ട സെഞ്ചുറിയെന്ന ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോര്‍ഡാണ് ഷെഫാലി മലര്‍ത്തിയടിച്ചത്.എന്നാല്‍ ഈ നേട്ടങ്ങളിലേക്ക് ഉള്ള ഷഫാലിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
ചുരുങ്ങിയ സമയം കൊണ്ട് വനിതാ ക്രിക്കറ്റ് ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ താരമാണ് ഷഫാലി വര്‍മ. 2004 ജനുവരി 28 ന് ഇന്ത്യയിലെ ഹരിയാനയില്‍ ജനിച്ച ഷെഫാലി അഞ്ചാം വയസ്സില്‍ ക്രിക്കറ്റിന്റെ ലോകത്തേക്ക് പിച്ച വച്ചത്. ഷഫാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ശൈലി, പെട്ടെന്നുള്ള ഫുട്വര്‍ക്ക്, ഫീല്‍ഡിനെ ഭയക്കാത്ത സമീപനം എന്നിവ ഷഫാലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ അവളെ പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ പോന്ന ഘടകങ്ങളായിരുന്നു അവ. ഇത് ഷഫാലിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കളിക്കാരില്‍ ഒരാളായി മാറ്റി.
പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റിലേക്ക് എത്താന്‍ പരിമിതമായ അവസരങ്ങളുണ്ടായിരുന്ന ഹരിയാനയിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നാണ് ഷഫാലി പ്രശസ്തിയിലേക്ക് എത്തുന്നത്. ഷഫാലിയുടെ പിതാവ് സഞ്ജീവ് വര്‍മ്മ തികഞ്ഞ ക്രിക്കറ്റ് പ്രേമിയായിരുന്നു, സഞ്ജീവാണ് കുഞ്ഞു ഷഫാലിയിലെ കഴിവുകള്‍ ആദ്യമായി തിരിച്ചറിഞ്ഞത്. കുഞ്ഞു ഷഫാലിയ്ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു നല്‍കിയതും സഞ്ജീവ് തന്നെ ആയിരുന്നു. ഷഫാലിക്ക് ക്രിക്കറ്റ് പരിശീലനംനല്‍കാന്‍ അക്കാദമികള്‍ തോറും സഞ്ജീവ് കയറി ഇറങ്ങി, ചെറിയ പട്ടണത്തിലായതിനാല്‍ തന്നെ പരിശീലനത്തില്‍ പല വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും, അതൊന്നും ഷഫാലിയെ തളര്‍ത്തിയില്ല.
അധികം താമസിയാതെ തന്നെ അവള്‍ പ്രാദേശിക തലത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 14-ാം വയസ്സില്‍ ഹരിയാന വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുക എന്നത് ഷഫാലിയെ പോലെ പ്രായം കുറഞ്ഞ ഒരു താരത്തെ സംബന്ധിച്ച് അത്ര എളുപ്പം സാധിക്കുന്ന കാര്യമായിരുന്നില്ല. ഇത് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.
2019 ല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി ഷഫാലി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി, അന്നുമുതല്‍ ടീമിലെ മിന്നും താരമാണ് ഷഫാലി. ആക്രമണാത്മക ബാറ്റിംഗ് ശൈലി ഷഫാലിയെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഭയപ്പെടുന്ന കളിക്കാരിലൊരാളാക്കി മാറ്റി തീര്‍ത്തു. തന്റെ ആദ്യ പരമ്പരയില്‍ തന്നെ, വെസ്റ്റ് ഇന്‍ഡീസ് വനിതാ ക്രിക്കറ്റ് ടീമിനെതിരെ ഷഫാലി 46 റണ്‍സ് നേടിയിരുന്നു, ഇത് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. അന്നത്തെ ഷഫാലിയുടെ മിന്നും പ്രകടനം പ്ലെയര്‍ ഓഫ് ദ മാച്ച് നേടിക്കൊടുക്കുകയും മികച്ച കരിയറിന് തുടക്കം കുറിക്കുകയും ചെയ്തു.
പിന്നീട് 2020ല്‍ ഐസിസി വനിതാ ടി20 ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷഫാലി ചരിത്രം സൃഷ്ടിച്ചു. ആ സമയത്ത് ഷഫാലിക്ക് 16 വയസായിരുന്നു പ്രായം. 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 163 റണ്‍സ് നേടിയ അവള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. ഒപ്പം വനിതാ ടി 20 ലോകകപ്പില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അവള്‍ മാറി.
വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഷഫാലിയുടെ ക്രിക്കറ്റ് നാള്‍ വഴികള്‍. അവളുടെ ആക്രമണാത്മക ബാറ്റിംഗ് ശൈലി നിരന്തരം വിമര്‍ശന വിധേയമായിരുന്നു , ഈ ശൈലി വനിതാ ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് പലരുടെയും വാദം. എന്നിരുന്നാലും, ഇതൊന്നും ഷഫാലിയെ തെല്ലും ബാധിച്ചില്ല, എന്ന് മാത്രമല്ല ഷഫാലി നിരന്തരം വിജയങ്ങള്‍ വെട്ടിപ്പിടിച്ച് കൊണ്ടേയിരുന്നു.തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും ഷഫാലി മറുപടി പറഞ്ഞത് തന്റെ ബാറ്റുകൊണ്ടായിരുന്നു. നിശ്ചയദാര്‍ഢ്യവും പ്രതിഭയുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് കാണിച്ച് തന്നത് സ്വന്തം ജീവിതം കൊണ്ടാണ്. കഴിവും ആര്‍ജ്ജവവുമുണ്ടെങ്കില്‍ എന്തിനെയും നേരിടാം എന്നതിന്റെ തെളിവാണ് ഷഫാലി വര്‍മയുടെ യാത്ര.
വിശ്വാസം കാത്ത് ഫൈനലിലെ മികവ്
ലോകകപ്പിന്റെ ആദ്യ സ്‌ക്വാഡില്‍ ഷഫാലിയുടെ പേരുണ്ടായിരുന്നില്ല.ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം പ്രതിക റാവലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ടീമിലേക്ക് കൊണ്ടുവന്നത്.പക്ഷേ സെമി ഫൈനലില്‍ അവരുടെ സംഭാവന മികച്ചതായിരുന്നില്ല.ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ 5 പന്തില്‍ നിന്ന് 10 റണ്‍സ് നേടി ഓപ്പണര്‍ പുറത്തായി.എങ്കിലും ഇന്നത്തെ മത്സരത്തില്‍ ഷഫാലി പ്രതിഭയ്ക്ക് ഒത്ത പ്രകടനം നടത്തുമെന്ന് ഉയര്‍ന്ന പ്രതീക്ഷകളുണ്ടായിരുന്നു.
ഇന്നത്തെ ഫൈനലില്‍ മൂന്ന് വര്‍ഷം നീണ്ട തന്റെ ഫിഫ്റ്റി ഡക്ക് ബ്രേക്ക് ചെയ്തുകൊണ്ടാണ് ടീം മാനേജ്‌മെന്റും സെലക്റ്റര്‍മാരും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഷഫാലി വര്‍മ്മ മറുപടി നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയ ഷഫാലി 49 പന്തില്‍ നിന്ന് ഫിഫ്റ്റി തികച്ചുകൊണ്ട് തന്റെ പ്രതിഭ ലോകത്തിന് മുന്നില്‍ വരച്ചുകാട്ടി.
ആദ്യ ഓവര്‍ മെയ്ഡന്‍ ആയതോടെ ഇന്ത്യ പതുക്കെയാണ് തുടങ്ങിയത്, പക്ഷേ പിന്നീട് ഷഫാലി വേഗത കൈവരിക്കാന്‍ തുടങ്ങി. രണ്ടാം ഓവറില്‍ ഒരു ബൗണ്ടറി നേടി, ട്രാക്കിലേക്ക് എത്തി. മൂന്നാം ഓവറില്‍ അവര്‍ വീണ്ടും ഒരു ബൗണ്ടറി കൂടി നേടിയെടുത്തു. പിന്നീട് ഇടവേളകളില്‍ കൃത്യമായി ബൗണ്ടറി കണ്ടെത്തി താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.ഒടുവില്‍ അത് അര്‍ധ സെഞ്ചറിയിലേക്ക് എത്തി.റണ്‍സ് കൂട്ടാനുള്ള വേഗത്തിലാണ് ഷഫാലിക്ക് ആര്‍ഹിച്ച സെഞ്ച്വറി ഇന്ന് നഷ്ടമായത്.
ബാറ്റിങ്ങില്‍ കരിയറിലെ തന്നെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബൗളിങ്ങിലും മിന്നി ഷഫാലി.വിക്കറ്റ് വീഴ്ച്ചയില്ലാതെ മു്ന്നേറിയ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഷഫാലിയുടെ വിരലുകളായിരുന്നു.ബൗളിങ്ങ് ചെയഞ്ചായി ക്യാപ്റ്റന്‍ തന്നെ പന്തേല്‍പ്പിച്ചപ്പോള്‍ ആദ്യ ഓവറില്‍ തന്നെ സുനെ ലുസ്സിനെ വീഴ്ത്തി വിശ്വാസം കാത്തു.തൊ്ട്ടടുത്ത ഓവറില്‍ മാരിസണ്‍ കാപ്പിനെ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ച് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.ഇവിടം മുതലാണ് അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റ് തുടങ്ങിയത്.നിര്‍ണ്ണായക പ്രകടനത്തോടെ ഫൈനലിലെ താരമായും മാറി ഷഫാലി.
പ്രശംസ കൊണ്ടു മൂടി ആരാധകര്‍
എന്തായാലും ഫൈനലില്‍ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. പ്രത്യേകിച്ച് ആദ്യ സ്‌ക്വാഡില്‍ ഇടമില്ലാതെ നിന്നിരുന്ന സ്ഥാനത്ത് നിന്ന് ഇത്തരത്തില്‍ ഫൈനല്‍ പോലെയുള്ള വലിയ വേദിയില്‍ മികച്ച പ്രകടനം നടത്തിയതോടെ പ്രത്യേകിച്ചും.ട്വിറ്ററില്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ താരത്തിന്റെ പ്രകടനത്തെ കൊണ്ടാടുകയാണ് ആരാധകര്‍
ഷഫാലി വര്‍മ്മ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിംഗ്‌സാണ് കളിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ ഷഫാലി വര്‍മ്മയ്ക്ക് ഫിഫ്റ്റി. ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിന്ന് ഫൈനലില്‍ ഫിഫ്റ്റി നേടുന്നത് വരെ; ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചു.
സെമിഫൈനലിന് തൊട്ടുമുമ്പ് വന്ന് ഫൈനലില്‍ ഇതുപോലെ സ്‌കോര്‍ ചെയ്തു. ഇനി മുതല്‍ എന്ത് സംഭവിച്ചാലും ഷഫാലിയുടെ അത്ഭുതകരമായ ഒരു ഇന്നിംഗ് മാത്രം; മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടി.
അവള്‍ വന്നു, കണ്ടു, തകര്‍ത്തു! ഷഫാലി കൊടുങ്കാറ്റ് നവി മുംബൈയില്‍ മുമ്പെങ്ങുമില്ലാത്തവിധം ആഞ്ഞടിച്ചു!; മറ്റൊരു ട്വീറ്റ് പറയുന്നു.
ഷഫാലിയുടേത് എത്ര അവിശ്വസനീയമായ ഒരു കഥയാണ്!; എന്നാണ് മറ്റൊരു ആരാധകന്‍ അത്ഭുതത്തോടെ എക്‌സില്‍ പങ്കുവച്ചത്.
ഷഫാലിയുടെ കാര്യത്തില്‍ വളരെ സന്തോഷം! അരങ്ങേറ്റം മുതല്‍ ഞാന്‍ അവളെ പിന്തുടരുന്നു, അവളുടെ കഴിവ് കാരണം മാത്രമാണ്. ഞാന്‍ സ്‌കോര്‍കാര്‍ഡില്‍ ആദ്യം കണ്ടെത്താന്‍ ശ്രമിക്കുന്ന പേര് അത്. അവളുടെ കഴിവിനോട് നീതി പുലര്‍ത്താന്‍ സമയമായി! എന്തൊരു അവസരം!; എന്നായിരുന്നു മറ്റൊരു ആരാധകന്റെ വാക്കുകള്‍.
