വെയില്‍ കൊള്ളാതിരിക്കാന്‍ ജയിലില്‍ കുട കിട്ടിയ ഏക തടവുകാരി; പരോളില്‍ സര്‍വ്വകാല റിക്കോര്‍ഡ്; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് പരോളിന്; ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും ചര്‍ച്ചയായി; ബ്യൂട്ടീപാര്‍ലര്‍ സമാന ജയില്‍ സൗകര്യങ്ങള്‍ വിട്ട് ഷെറിന്‍ പുറത്തേക്ക്; പിണറായി സര്‍ക്കാരിന്റെ 'നല്ല നടപ്പ്' തടവുകാരി കഴിഞ്ഞ 14 കൊല്ലം വാര്‍ത്താ താരമായത് ഇങ്ങനെയൊക്കെ
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത് ജയിലിലെ നല്ല നടപ്പിന്റെ പേരില്‍ കൂടി.. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വര്‍ഷമായി ഇളവ് ചെയ്യുകയായിരുന്നു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ ഷെറിന് എങ്ങനെ നല്ല നടപ്പ് നല്‍കുമെന്ന ചോദ്യം ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. ജയില്‍ ജീവിതത്തിനിടെ നിരവധി വിവാദങ്ങള്‍ ഷെറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.
2010 ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്.തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ഇതെല്ലാം വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ സമാനമായ സൗകര്യങ്ങള്‍ ഷെറിന് ജയിലില്‍ കിട്ടിയെന്നും ആരോപണമുണ്ടായിരുന്നു. ഇങ്ങനെ ജയില്‍വാസ കാലത്ത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഷെറിനാണ് നല്ല നടപ്പിന്റെ ആനുകൂല്യം കിട്ടുന്നത്. നേരത്തെയും ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്.
ജയില്‍ ജീവനക്കാരോടും സഹതടവുകാരോടും മോശമായി പെരുമാറിയതതിനാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. പരാതികള്‍ നിലനില്‍ക്കേ തന്നെ ഷെറിനെ വീണ്ടും അട്ടക്കുളങ്ങരയിലേക്ക് തിരിച്ചുകൊണ്ടുവന്നതും ചര്‍ച്ചകളില്‍ എത്തി. കൊലക്കേസ് പ്രതിയായ ഷെറിന് ജയിലിനുള്ളില്‍ സുഖസൗകര്യങ്ങളൊരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് 2017ല്‍ മറ്റൊരു ജയില്‍ മാറ്റം കൂടി നടന്നത്. ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയത് കൂടാതെ പരോളിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും പിടിക്കപ്പെട്ടതോടെയാണ് ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂര്‍ വനിതാ ജയിലേക്ക് മാറ്റിയത്. ഇവിടെയും ഷെറിനും ജീവനക്കാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായി. സന്ദര്‍ശകരുമായി സംസാരിക്കാന്‍ കൂടതല്‍ സമയമെടുക്കുന്നതും ജയില്‍ ചിട്ടകള്‍ പാലിക്കാത്തതുമായിരുന്നു കാരണം. ഷെറിന് അടുക്കള ജോലി കൊടുത്തപ്പോള്‍ ഉന്നതസമ്മദ്ദം വന്ന് ഒഴിവാക്കി.
ജയിലില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവരെ വീണ്ടും കണ്ണൂരിക്കാണ് മാറ്റുന്നത്. പക്ഷെ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ഷെറിന്റെ അപേക്ഷ പരിഗണിച്ച് വീണ്ടും അട്ടക്കുളങ്ങരയിലേക്ക് മാറ്റുകയായിരുന്നു. ഷറിന്റെ അപേക്ഷ ജയില്‍ ആസ്ഥാനത്ത് എത്തിയതോടെ ശരവേഗതിയിലാണ് ഫയലുകള്‍ നീങ്ങിയതെന്നാണ് ജീവനക്കാരുടെ ഇടയിലെ ആക്ഷേപം. അട്ടക്കുങ്ങര വനിതാ ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ടും നല്‍കി. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയതെന്നാണ് ആരോപണം. ജയില്‍ മേധാവി ഉത്തരവിറക്കിയ ഉടന്‍ ഷെറിന്‍ തലസ്ഥാനത്തെത്തി. പല തടവുകാരും അപക്ഷ നല്‍കി മാസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ കാര്യത്തില്‍ അന്ന് വേഗത്തില്‍ തീരുമാനമെടുത്ത്. ഷെറിന് അടിക്കടി അടിയന്തര പരോള്‍ കിട്ടുന്നതിനു പിന്നിലും ചില ഉദ്യോഗസ്ഥരും ഇടെപെലടുണ്ടെന്ന് ഇന്റലിജന്‍സ് തന്നെ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു വ്യക്തിയ്ക്കാണ് മന്ത്രിസഭ മോചനം അനുവദിക്കുന്നത്.
അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ചെങ്ങന്നൂര്‍ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ട കേസിലാണ് മകന്‍ ബിനു പീറ്ററിന്റെ ഭാര്യ ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് കൊല്ലപ്പെട്ടത്. ഷെറിനായിരുന്നു ഒന്നാം പ്രതി.
ധനിക കുടുംബാംഗമായിരുന്ന ശാരീരിക വെല്ലുവിളികളുള്ള ബിനുവുമായി 2001ലാണ് ഷെറിന്‍ വിവാഹിതയായത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഷെറിന്‍. ഏറെ വൈകാതെ ഇരുവരുടെയും ബന്ധം മോശമായി. ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ മറ്റു ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍തൃപിതാവ് വധിക്കപ്പെട്ടു. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.