സൂത്രവാക്യത്തില്‍ ഷൈന്‍ നല്ല പിള്ള ആയിരുന്നുവെന്ന സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും പ്രതികരണം നടനെ രക്ഷിക്കാനുള്ള വെറും സൂത്രവാക്യം! വിന്‍സി പറഞ്ഞത് ശരിവച്ച് നടി അപര്‍ണ്ണാ ജോണ്‍സും; താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്; ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജി; പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരം; ഷൈന്‍ അശ്ലീലമേ പറയൂവെന്നും വെളിപ്പെടുത്തല്‍

Update: 2025-04-24 03:46 GMT

തിരുവനന്തപുരം: സൂത്രവാക്യം സെറ്റില്‍ ഷൈന്‍ ടോം ചാക്കോ നല്ലപിള്ളയായിരുന്നുവെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം പച്ചക്കള്ളം. അവിടെ പലതും നടന്നു. എല്ലാം എല്ലാവര്‍ക്കും അറിയുകയും ചെയ്യാമായിരുന്നു. ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ് രംഗത്ത് വരികയാണ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയില്‍ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപര്‍ണ പ്രതികരിച്ചു. സംഭവത്തില്‍ ഷൂട്ടിനിടയില്‍ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് മാത്രമല്ല മറ്റൊരു നടിക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇഥാണ് അപര്‍ണ്ണയുടെ തുറന്നു പറച്ചിലൂടെ ശരിയാണെന്ന് തെളിയുന്നത്. ഇതോടെ സൂത്രവാക്യത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും വ്യക്തമായി. വിന്‍സിയുടെ പരാതിയില്‍ നടനെ രക്ഷിക്കാനുള്ള സൂത്രവാക്യമായിരുന്നു അത്.

തന്റെ പരാതിയില്‍ ഇന്റേണല്‍ കംപ്ലയ്ന്റ്‌സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്ട്രേലിയയില്‍ കഴിയുന്ന അപര്‍ണ പ്രതികരിച്ചു. വിന്‍സി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈന്‍ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങള്‍ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്‌ട്രേലിയലില്‍ ജീവിക്കുന്നതിനാല്‍ നിയമനടപടികള്‍ ഉണ്ടായാല്‍ ഭാഗമാകുന്നതില്‍ നിലവില്‍ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കില്‍ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ലൈംഗിക ചുവയോടെ സംസാരിച്ചു. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടായി. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്. ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജിയാണ്. പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്. സ്ത്രീകളുള്ളപ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയിലാണ് സംസാരിക്കുന്നത്. സിനിമയിലെ ഐ.സി അംഗം അഡ്വ. സൗജന്യ വര്‍മയോട് താന്‍ പരാതിപ്പെട്ടിരുന്നു. തന്റെ പരാതിയില്‍ ഉടന്‍ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു. പിറ്റേദിവസത്തെ സീനുകള്‍ തലേ ദിവസം തന്നെ ചിത്രീകരിച്ച് തന്നെ സുരക്ഷിതമായി പറഞ്ഞയച്ചുവെന്നും അപര്‍ണ്ണ അറിയിച്ചു.

വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഫെഫ്ക ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷൈനെതിരെ നിയമനടപടിയ്ക്ക് താനില്ലെന്ന് വിന്‍സി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായുള്ള വിഷയം വിന്‍സി അവസാനിപ്പിച്ചതായാണ് സൂചന. വിഷയത്തില്‍ വിന്‍സിയോട് ഷൈന്‍ മാപ്പു പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസിനോട് ഈ ആരോപണം നിഷേധിക്കുകയായിരുന്നു ഷൈന്‍ ചെയ്തത്. പോലീസ് കേസ് ഒഴിവാക്കാനായിരുന്നു അത്. വിന്‍സിയും പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന നിലപാടിലാണ്. അതിനിടെയാണ് അ്പര്‍ണ്ണയും വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്.

അതേസമയം, സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം വിളിച്ച് പൊലീസ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കി. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസില്‍ പിന്നോട്ടില്ലെന്നും എ.ഡി.ജി.പി പറഞ്ഞു. മുന്‍പ് തന്നെ സിനിമയിലെ ലഹരിയേക്കുറിച്ച് പൊലീസ് അന്വേഷിച്ചിറങ്ങിയിരുന്നു. ലഹരി ഉപയോഗം വ്യാപകമെന്നാണ് കണ്ടെത്തല്‍. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കള്‍ മുതല്‍ അണിയറപ്രവര്‍ത്തകര്‍ വരെ ലഹരി ഉപയോഗിക്കുന്നു. ക്ഷീണം കൂടാതെ കൂടുതല്‍ സമയം ജോലിയെടുക്കലടക്കം പലലക്ഷ്യങ്ങള്‍. സ്ഥിരമായി ഉപയോഗിക്കുന്നവരുടെയും ഏതാനും വിതരണക്കാരുടെയും പട്ടികയും തയാറാക്കി. ഇനി പൊലീസിന്റെ ആക്ഷന്‍ സമയമാണ്. സിനിമ സംഘടനകള്‍ സഹകരണം അറിയിച്ചതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ ശനിയാഴ്ച കൊച്ചിയില്‍ സംയുക്ത യോഗം ചേരും.

ലഹരിയേക്കുറിച്ചറിഞ്ഞിട്ടും നിയമനടപടിക്ക് തയാറാകാത്ത വിന്‍സിയേപോലുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പദ്ധതിയുണ്ട്. വിവരം അറിയിച്ചാല്‍ പേര് രഹസ്യമായി സൂക്ഷിച്ച്, അവരെ ഉള്‍പ്പെടുത്താതെ പൊലീസ് സ്വമേധെയാ കേസെടുത്തോളാമെന്നാണ് പൊലീസിന്റെ ഉറപ്പ്. ലഹരി ഇടപാടില്‍ പങ്കുള്ളതുകൊണ്ടാണ് ഷൈന്‍ ഓടിയതെന്ന് തന്നെയാണ് പൊലീസിന്റെ നിലപാട്. രാസപരിശോധനാഫലത്തിനൊപ്പം ഷൈനിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കേന്ദ്രീകരിച്ച് തെളിവ് ശേഖരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Tags:    

Similar News