2015 ജനുവരില്‍ നടനേയും മോഡലുകളേയും പിടിച്ചത് കൊക്കൈന്‍ അടക്കമെന്ന് പോലീസ് കേസ്; കോടതിയില്‍ വിചാരണ തുടങ്ങിയപ്പോള്‍ തെളിവെല്ലാം ആവിയായി; രാമന്‍പിള്ളയുടെ വാദങ്ങള്‍ നടനേയും രക്ഷിച്ചു; വിധിയില്‍ കോടതി നിരത്തിയത് അട്ടിമറിയുടെ സാധ്യതകള്‍; മകനെ വെളുപ്പിച്ചെടുത്ത അച്ഛന്റെ 'പത്മവ്യൂഹം'; വീണ്ടും ഷൈന്‍ ടോം ചാക്കോ കുടുങ്ങുമ്പോള്‍
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തില്‍ സംഭവിച്ചത് വലിയ അട്ടിമറി. നടനെ എല്ലാ അര്‍ത്ഥത്തിലും പോലീസ് രക്ഷിച്ചെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കോടതി വ്യക്തമാക്കി. നടന്റെ കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്‌നിന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യവിവരം ലഭിച്ചെന്ന വാദം പൊലീസ് തന്നെ തളളിപ്പറഞ്ഞെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു. അങ്ങനെ രക്ഷിച്ചെടുത്ത നടനാണ് ബുധനാഴ്ച രാത്രി ഡാന്‍സാഫ് സംഘത്തെ ഓടി തോല്‍പ്പിച്ചത്. പോലീസ് പിടിച്ചാല്‍ പരിശോധന ഉറപ്പാണെന്ന തിരിച്ചറിവിലായിരുന്നു ഇതെല്ലാം.
ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടത് എറണാകുളം അഡീ. സെഷന്‍സ് കോടതിയാണ്്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേര്‍ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. ഈ കേസിലെ കുറ്റവിമുക്തി ഉത്തരവിലാണ് കോടതിയുടെ ഗുരുതര നിരീക്ഷണമുണ്ടായിരുന്നത്.
'പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ല. നടന്‍ ഉണ്ടായിരുന്ന ഫ്ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് പ്രവേശിച്ചത് ആരെന്നും അന്വേഷണ സംഘത്തിന് ഓര്‍മയില്ല. കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. ഫോറന്‍സിക് സയന്‍സ് ലാബില്‍ ക്‌ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് പരിശോധന നടത്തിയില്ല'- കോടതി നിരീക്ഷിച്ചത് ഇങ്ങനെയൊക്കെയായിരുന്നു. ഷൈന്‍ ടോം ചാക്കോയും നാല് മോഡലുകളും ലഹരി വസ്തു ഉപയോഗിച്ചതായായിരുന്നു പോലീസ് കേസ്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവരില്‍ നിന്ന് ഏഴ് ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തതായാണ് പൊലീസ് റെക്കോര്‍ഡിലുളളത്. എന്നാല്‍ ഇത് പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതിയുടെ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ നടനെ കുറ്റവിമുക്തനാക്കിയത്. തൊട്ടു പിന്നാലെ തന്നെ നടനെതിരെ വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും വന്നു.
ലഹരിക്കേസില്‍ ഷൈന്‍ ടോമിനെ മനഃപൂര്‍വം കുടുക്കിയതാണെന്ന് നടന്റെ പിതാവ് സി.പി. ചാക്കോ കുറ്റവിമുക്തിയ്ക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. ഷൈന്‍ ലഹരികേസില്‍ പെട്ടത് സിനിമാ മേഖലയെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കിയെന്നും സിനിമയില്‍ മുഴുവന്‍ ലഹരി ഒഴുകുകയാണെന്നു പറഞ്ഞു പരത്തിയെന്നും ചാക്കോ പറയുന്നു. ''ചെയ്യാത്ത തെറ്റിനാണ് പത്തുവര്‍ഷം മകന്‍ പഴികേട്ടത്. പത്തുവര്‍ഷമായി തങ്ങളും മകനും പത്മവ്യൂഹത്തില്‍ പെട്ടു കിടക്കുകയായിരുന്നു.''കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം കുറ്റവിമുക്തനാക്കപ്പെട്ടതിലെ അച്ഛന്റെ പ്രതികരണവും വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
''ചെയ്യാത്ത തെറ്റിന് പത്തുവര്‍ഷമായി അവനും ഞങ്ങളും പത്മവ്യൂഹത്തില്‍ പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തേക്ക് വന്നിട്ടേ ഒള്ളൂ. ലഹരി കേസില്‍ പെട്ടു എന്ന് കരുതി ആരും അവനെ മാറ്റി നിര്‍ത്തുകയോ അവസരങ്ങള്‍ ഇല്ലാതാവുകയോ ചെയ്തിട്ടില്ല. അവന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം അതുകൊണ്ടാണ്. നമ്മളോട് ആരും ഇതുവരെ മോശമായിട്ട് സംസാരിച്ചിട്ടില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് അവന് ഈ 10 വര്‍ഷവും സിനിമയില്‍ നല്ല അവസരങ്ങള്‍ കിട്ടിയത്. വെറുതെ ഇരിക്കാന്‍ പറ്റാത്ത തിരക്കാണ് അവനുള്ളത്. ഇന്‍ഡസ്ട്രിയില്‍ അടക്കം അവനെ പറ്റി നന്നായി അറിയുന്നതിന്റെ പേരിലാണ് പടം കിട്ടുന്നതും അവന്റെ പടം കാണാന്‍ ജനങ്ങള്‍ പോകുന്നതും. ജയിലില്‍ കിടക്കുന്ന സമയത്ത് ഷൂട്ട് തുടങ്ങാനിരുന്ന ഒരു സിനിമ വേണ്ടെന്ന് വച്ചിരുന്നു. അതിനു ശേഷം അവനു പടം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടില്ല, അഭിനയിക്കാന്‍ സമയമില്ലാത്ത കുഴപ്പമേ ഉള്ളൂ-ഇതായിരുന്നു അച്ഛന്‍ പറഞ്ഞത്.
ആ കേസ് അവനെ മാത്രമല്ല ബാധിച്ചത്. സിനിമ മേഖല അടക്കം പ്രതിയായി നില്‍ക്കുകയുണ്ടായി. ലഹരി മരുന്ന് എവിടെ പിടിച്ചാലും പറയും സിനിമ മേഖലയില്‍ ആകെ ലഹരിയാണ് ആകെ ലഹരിയാണ്. ആള്‍ക്കാര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളതും 10 വര്‍ഷം മുമ്പ് ഷൈനിനെതിരെ ഉണ്ടായ ഒരു കേസാണ്. സിനിമാ മേഖലയില്‍ ആകെ ലഹരിയാണ് എന്നാണ് പറയുന്നത്. ആയിരക്കണക്കിന് ആള്‍ക്കാരെ ഒരു ദിവസം കേരളത്തില്‍ പിടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പലയിടത്തും ലഹരി വരുന്നു അതൊന്നും പ്രശ്‌നമല്ല, 10 വര്‍ഷം മുമ്പ് ഷൈനിനെ പിടിച്ചു എന്ന് പറഞ്ഞിട്ടാണ് സിനിമാ മേഖലയില്‍ ആകെ ലഹരി ഒഴുകുകയാണെന്ന് പറയുന്നത്. സിനിമ മേഖലയില്‍ ലഹരി ഒഴുകുന്നു എന്ന് പറയുന്നത് ഇതോടെ നിര്‍ത്തണം. അവന്‍ ഈ കേസില്‍ കുടുങ്ങിയത് ബന്ധുക്കളും നാട്ടുകാരും എല്ലാവര്‍ക്കും വിഷമം തന്നെയായിരുന്നു. അതിനൊക്കെ ദൈവം ഇപ്പൊ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടു.
ഇപ്പോള്‍ ഈ കേസില്‍ അവന്‍ നിരപരാധി ആണെന്ന് തെളിഞ്ഞല്ലോ. ഇനി ഞങ്ങള്‍ അന്വേഷണം തുടങ്ങാന്‍ പോകുന്നുള്ളൂ. ഇതിനു പിന്നില്‍ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ ഇനി നമ്മള്‍ അന്വേഷിക്കും. വിധി പകര്‍പ്പ് കിട്ടിയതിന് ശേഷം അതിനനുസരിച്ച് അതിനുവേണ്ട നടപടികള്‍ സ്വീകരിക്കും.''ഇതായിരുന്നു സി.പി. ചാക്കോയുടെ വാക്കുകള്‍.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)