ഹോട്ടലില്‍ നിന്നുള്ള 'സ്‌പൈഡര്‍ ചാട്ടം' തുണയ്ക്കും; പോലീസില്‍ നടനെതിരെ കേസ് കൊടുക്കില്ലെന്ന സൂചന നല്‍കി വിന്‍സി അലോഷ്യസ്; തൊഴില്‍ നിഷേധിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്; തെറ്റ് തിരുത്തി അദ്ദേഹം മുന്നോട്ടുവരണമെന്നാണ് ആഗ്രഹമെന്നും നടിയുടെ പ്രതികരണം; 'അമ്മ'യുടെ പുറത്താക്കലില്‍ നടപടി ഒതുങ്ങും

Update: 2025-04-17 07:28 GMT

കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ ഹോട്ടലില്‍ നിന്നും ചാടി രക്ഷപെട്ടത്തിന് പിന്നാലെ പ്രതികരിച്ച് നടി വിന്‍സി അലോഷ്യസ്. സിനിമാ സെറ്റില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടനെതിരെ താരസംഘടനയ്ക്ക് പരാതി നല്‍കിയത് വിന്‍സി അലോഷ്യസായിരുന്നു. ആ നടന്റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നും വിന്‍സി പ്രതികരിച്ചു. ഒരാളുടെ മോശം പെരുമാറ്റം കാരണം ഒരു സിനിമ മുഴുവന്‍ അതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കരുതെന്നും അദ്ദേഹം അഭിനയിച്ച പുറത്തിറങ്ങാനുള്ള സിനിമകളുടെ വിജയപരാജയങ്ങളെ ബാധിക്കരുതെന്നും കരുതിയാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും വിന്‍സി വ്യക്തമാക്കി. പോലീസില്‍ വിന്‍സി പരാതി നല്‍കില്ല. എന്നാല്‍ പോലീസോ എക്‌സൈസോ തിരക്കിയാല്‍ കാര്യങ്ങള്‍ പറയുമെന്നും വിന്‍സി വിശദീകരിച്ചു. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുക്കുന്ന തലത്തിലേക്ക് ഈ വിവാദം എത്തുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. നടനെതിരെ പോലീസില്‍ പരാതി നല്‍കില്ലെന്ന വിശദീകരണം ഫലത്തില്‍ നടനെ നിയമനടപടികളില്‍ നിന്നും രക്ഷിക്കും.

ആ സിനിമയിലുള്ള മറ്റുള്ളവരെല്ലാം നല്ല രീതിയിലാണ് പെരുമാറിയത്. ഞാന്‍ പരാതിപ്പെട്ടപ്പോള്‍ സംവിധായകന്‍ അദ്ദേഹത്തെ താക്കീത് ചെയ്തതാണ്. എന്റെ കൂടെ അഭിനയിച്ച മറ്റൊരു പെണ്‍കുട്ടിയാണ് അദ്ദേഹത്തിന്റെ മോശം പെരുമാറ്റം കാരണം കൂടുതല്‍ ബുദ്ധിമുട്ടിയത്. അവര്‍ അത്രയും വിഷമിച്ചാണ് സെറ്റില്‍നിന്ന് മടങ്ങിയത്. ഞാന്‍ ആ സമയത്തുതന്നെ അദ്ദേഹം മോശമായി സംസാരിച്ചപ്പോള്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ പുതുമുഖമായി എത്തുന്ന നടിമാര്‍ക്കൊന്നും അങ്ങനെ പറയാനുള്ള ധൈര്യമുണ്ടാകില്ല. സംഘടനകള്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. അത് എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് ഞാനും കാത്തിരിക്കുന്നത്. '-വിന്‍സി വിശദീകരിച്ചു.

നടിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് താര സംഘടന അമ്മ. നടനെ അമ്മ പുറത്താക്കും. അമ്മയും പരാതി പോലീസിന് നല്‍കില്ല. നടി ആവശ്യപ്പെട്ടാല്‍ മാത്രമേ അത് ചെയ്യൂ. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈന്‍ മോശം പെരുമാറ്റം നടത്തിയത്. ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. വിന്‍സിക്ക് പിന്തുണയുമായി നടി പത്മപ്രിയ, നടന്‍ വിനു മോഹന്‍, സംവിധായിക അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. അതിനിടെ ഹോട്ടലില്‍ നിന്നുള്ള ഓട്ടം നടനെ കേസില്‍ നിന്നും രക്ഷിക്കും. ലഹരി ഉപയോഗിച്ചോ എന്ന് അറിയാന്‍ ഇനി രക്തപരിശോധനയ്ക്കുള്ള സാധ്യത ഇല്ലാതെയായി. നടന്റെ മുറിയില്‍ നിന്നും മയക്കു മരുന്ന് കണ്ടെത്താത്തും തുണയാകും.

'പരാതി എങ്ങനെ പുറത്തുവന്നത് എന്ന് എനിക്കറിയില്ല. ആ നടന്റെ പേരോ സിനിമയുടെ പേരേ മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുസമൂഹത്തിന് മുന്നിലോ വരരുതെന്ന് ഞാന്‍ വ്യക്തമായി പരാതിയില്‍ പറഞ്ഞിരുന്നു. കാരണം ഒരാളുടെ തെറ്റ് കാരണം അയാള്‍ അഭിനയിച്ച ഇറങ്ങാനിരിക്കുന്ന എല്ലാ സിനിമകളേയും അത് ബാധിക്കാന്‍ പാടില്ല. ഒരാള്‍ കാരണം ബാക്കിയുള്ളവര്‍ ക്രൂശിക്കപ്പെടരുത് എന്ന് കരുതുന്ന ആളാണ് ഞാന്‍. അതിനാലാണ് പരാതിയില്‍ അത് വ്യക്തമായി പറഞ്ഞിരുന്നത്. അത് എങ്ങനെ പുറത്തുവന്നു എന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പ്രശ്നം വന്നപ്പോള്‍ ആദ്യം ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് ഒരുപാട് പേര്‍ പിന്തുണയുമായെത്തി. സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമനടപടികള്‍ പറഞ്ഞുതരികയും ചെയ്തിരുന്നു.

ഈ സിനിമയ്ക്കും ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരുന്നു. സിനിമാ സെറ്റില്‍ അത് സംഭവിച്ചപ്പോള്‍ ഐസി അംഗം എന്നെ ബന്ധപ്പെടുകയും പരാതിയുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നത്. ആ സിനിമയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പരാതി നല്‍കാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി തീരുമാനെടുത്തത്. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ല എന്ന് നിലപാട് എടുക്കുകയും ചെയ്തത്. എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐസിയുടെ മോണിറ്ററിങ് കമ്മിറ്റി സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ തൊഴില്‍ നിഷേധിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം കഴിവുള്ള നടനാണ്. തെറ്റ് തിരുത്തി അദ്ദേഹം മുന്നോട്ടുവരണമെന്നാണ് ആഗ്രഹം. എല്ലാവര്‍ക്കും അവരുടെ തെറ്റ് തിരുത്താനുള്ള അവസരം നമ്മള്‍ നല്‍കണമല്ലോ.-ഇതാണ് നടിയുടെ പ്രതികരണം.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News