'ഷൈന്‍ ഓടിയതില്‍ എന്ത് തെറ്റ്, റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാല്‍ മതി': ഷൈന്‍ ടോം ചാക്കോയുടെ 'സ്‌പൈഡര്‍ റണ്ണിനെ' പിന്തുണച്ച് സഹോദരന്‍; വിന്‍സിയും കുടുംബവും ഞങ്ങള്‍ക്കൊപ്പം പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്നു, പത്ത് വര്‍ഷമായി അവനെ വേട്ടയാടുകയാണെന്ന് ഷൈനിന്റെ കുടുംബം

'ഷൈന്‍ ഓടിയതില്‍ എന്ത് തെറ്റ്, റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ

Update: 2025-04-17 10:22 GMT

കൊച്ചി: ഷൈന്‍ ഓടിയതില്‍ എന്ത് തെറ്റെന്ന് ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ. റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാല്‍ മതി. ഷൈന്‍ ടോമിനെതിരെയുള്ള പരാതിയെ പറ്റി അറിയില്ലെന്നും സഹോദരന്‍ ജോ ജോണ്‍ ചാക്കോ പ്രതികരിച്ചു. സിനിമാ സെറ്റില്‍ വെച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് സഹോദരന്‍ പ്രതികരിച്ചത്.

അതേസമയം വിന്‍സി അലോഷ്യസിന്റെ കുടുംബവുമായി നല്ല ബന്ധമാണെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം പ്രതികരിച്ചത്. പൊന്നാനിയില്‍ ഒന്നിച്ച് ഉണ്ടായിരുന്നു. നാല് മാസം മുമ്പ് നടന്ന ഷൂട്ടിങ്ങിനിടെ പ്രശ്നമൊന്നും ഉണ്ടായില്ല, ഇപ്പോള്‍ എന്താണ് പ്രശ്നം എന്നാണ് കുടുംബം ചോദിക്കുന്നത്. വിവാദങ്ങള്‍ക്ക് ശേഷം വിന്‍സിയെ ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നാണ് ഷൈനിന്റെ കുടുംബം പറയുന്നത്.

''പത്ത് വര്‍ഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഞങ്ങള്‍ പൊന്നാനിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരു കുടുംബവും. നാലുമാസം മുമ്പാണ് ഷൂട്ടിങ് സെറ്റില്‍ വിന്‍ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്.'' വിന്‍സി''അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പരാതിയുമായി എത്തുന്നത് എന്താണെന്ന് അറിയില്ല. വിവാദങ്ങള്‍ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അപരിചിതര്‍ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ ഉണ്ടായ ഭയം കൊണ്ടാകും ഷൈന്‍ ഹോട്ടലില്‍ നിന്നും ഓടിയത്. പരിശോധിക്കാനെത്തിയവര്‍ക്ക് എന്തെങ്കിലും കിട്ടിയോ?''

''അത് ആരെങ്കിലും അന്വേഷിച്ചോ? പൊലീസിന്റെ വേഷത്തിലൊന്നുമല്ല അവര്‍ എത്തിയത്. ഭീമാകാരനായ ഒരാളെ കണ്ട് ഭയന്ന് ഓടിയതാണ്. അവന്‍ ഇറങ്ങി ഓടിയെന്നത് സത്യം. പക്ഷേ വന്നവര്‍ക്ക് അവിടെ പരിശോധിച്ചപ്പോള്‍ എന്തെങ്കിലും കിട്ടിയോ അതാണ് ഞങ്ങള്‍ക്കറിയേണ്ടത്'' എന്നാണ് ഷൈനിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പേടിച്ചാണ് മകന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോയുടെ അമ്മ മരിയ കാര്‍മല്‍ പ്രതികരിച്ചത്. മകന്‍ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേര്‍ന്ന് വേട്ടയാടുകയാണെന്നും മരിയ കാര്‍മല്‍ പറഞ്ഞു.

'' പരിശോധിക്കാനല്ലേ അവര്‍ വന്നത്. പരിശോധിച്ചിട്ട് അവര്‍ക്ക് റൂമില്‍ നിന്നും എന്തെങ്കിലും കിട്ടിയോ. അവന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പൊലീസിന്റെ ഡ്രസിലല്ല അവര്‍ വന്നത്. വലിയൊരു മനുഷ്യനാണ് വന്നത്. റൂം സര്‍വീസിന് വന്നതാണോ അവന്‍ വിളിച്ച് ചോദിച്ചിട്ടുണ്ട്. പൊലീസാണോ എന്നും ചോദിച്ചു. അല്ലെന്ന് അവര്‍ പറഞ്ഞു. ഉറക്കിത്തിനിടേയല്ലേ അവരെ പെട്ടന്ന് കാണുന്നത്. ഉപദ്രവിക്കുമന്ന് പേടിച്ചിട്ടാണ് അവന്‍ ഇറങ്ങി ഓടിയത്. അവനെ ഞങ്ങള്‍ക്ക് നന്നായി അറിയാം. അവന് ഭയങ്കര പേടിയാണ്. അവന്‍ എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഡാര്‍സാഫ് ആണെങ്കിലും പൊലീസ് ആണെങ്കിലും റെയ്ഡ് നടത്തിയിട്ടുണ്ടാവില്ലേ. എന്നിട്ട് അവര്‍ക്ക് എന്തെങ്കിലും കിട്ടിയോ എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും, ഷൈന്‍ ടോം ചാക്കോയുടെ അമ്മ പറഞ്ഞു.

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാന്‍സാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.

Tags:    

Similar News