കുട്ടികളേയും കൂട്ടി ചാവാന്‍ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞോ എന്ന് അറിയാന്‍ ഫോണ്‍ പരിശോധന നിര്‍ണ്ണായകം; നോബിക്ക് ഈ ഘട്ടത്തില്‍ ജാമ്യം കൊടുക്കുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കും; പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാല്‍ നോബി ജയിലില്‍ തുടരും; പ്രതിരോധത്തിന് പോലീസ് പരാതിയുമായി ക്‌നാനായ സഭയും
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കും. മരിച്ച ഷൈനിയുടെ ഭര്‍ത്താവായ നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് നിലപാട്. കുട്ടികളേയും കൂട്ടി ചാവാന്‍ ഷൈനിയോട് നോബി പറഞ്ഞതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇതെല്ലാം തെളിയുമെന്നാണ് പോലീസ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഫോണ്‍ പരിശോധന വരെ ജാമ്യം നിഷേധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ചര്‍ച്ചയാക്കുന്നത്.
നോബി ലൂക്കോസിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവുകള്‍ ശേഖരിക്കണമെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ ജാമ്യപേക്ഷയില്‍ വാദം കേട്ട കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനേട് നിര്‍ദേശിക്കുകയായിരുന്നു. അതിനിടെ ഷൈനിയുടെയും മക്കളുടേയും മരണത്തില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ ചാനലുകളിലും അധിക്ഷേപിക്കുകയാണെന്ന് ക്‌നാനായ സഭ. കോട്ടയം അതിരൂപതയേയും അതിരൂപത അധ്യക്ഷനേയും കാരിത്താസ് ആശുപത്രിയേയും അവളിക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് പരാതി. അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭ കോട്ടയം എസ്പിക്ക് പരാതി നല്‍കി.
ഷൈനിയുടെയും മക്കളുടേയും മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വൈദിക കൗണ്‍സില്‍ സെക്രട്ടറി തുടങ്ങിയവരാണ് ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി. ഷൈനിയുടെയും മക്കളായ അലീന, ഇവാന എന്നിവരുടെ മരണം കേരള സമൂഹത്തെയും കോട്ടയം അതിരൂപതയെയും ക്‌നാനായ സമുദായത്തെയും ഏറെ വേദനിപ്പിച്ച സംഭവമാണ്. ജീവനക്കാരെ നിയമിക്കാനും അവരുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഓരോ സ്ഥാപനത്തിനും അതിന്റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും കോട്ടയം ക്‌നാനായ അതിരൂപതയും അതിരൂപത അധ്യക്ഷനെയും അധിക്ഷേപിക്കുന്നതും വേദനാജനകവുമാണെന്ന് പരാതിയില്‍ പറയുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വരുന്ന വാര്‍ത്തകള്‍ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും കാരണമാകുന്നു. ദുരന്തത്തിന് ആരെങ്കിലും ഉത്തരവാദികളായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ മുഖംനോക്കാതെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഞായറാഴ്ച മള്ളൂശ്ശേരി സെയ്ന്റ് തോമസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയ സംഭവമാണ് ഇത്. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയുടെ ഭാര്യ ഷൈനി (42) ,മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് ആത്മഹത്യചെയ്തത്. ഷൈനിയുടെ മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ഒരു ബന്ധുവായ വൈദികനും നേരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സഭാ നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഷൈനിയും മക്കളും ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. ബി.എസ്സി. നഴ്സിങ് പൂര്‍ത്തിയായ ഷൈനി 12-ആശുപത്രികളെയാണ് ജോലിക്കായി സമീപിച്ചത്. സഭ ഇടപെട്ട് ജോലിനല്‍കാന്‍ കഴിയുമായിരുന്നു. കുടുംബപ്രശ്നങ്ങള്‍ പള്ളി മുഖേന പരിഹരിക്കാന്‍ കഴിയുമായിരുന്നു. ആരും ഒന്നും ചെയ്തില്ല. ഷൈനിക്കും മക്കള്‍ക്കും ഇവിടെ നീതികിട്ടിയില്ല. മള്ളൂശ്ശേരി സെയ്ന്റ് തോമസ് ക്നാനായ പള്ളി കവാടത്തില്‍ കുര്‍ബാനയ്ക്കുശേഷം ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു പ്രതിഷേധം. ഇതിനു മുന്നോടിയായി അനുശോചനയോഗവും ചേര്‍ന്നിരുന്നു. നോബിയുടെ അച്ഛനും അമ്മയ്ക്കുംവേണ്ടി ഷൈനി കുടുംബശ്രീയില്‍നിന്ന് എടുത്ത തുക തിരിച്ചടയ്ക്കാത്തത് സംബന്ധിച്ച് കുടുംബശ്രീ പ്രസിഡന്റുമായും ഷൈനിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഷൈനിയുടെ ഫോണ്‍ പാറോലിക്കലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യ സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ ഈ ഫോണില്‍നിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ഷൈനിയും മക്കളും ആത്മഹത്യചെയ്തദിവസം പുലര്‍ച്ചെ ഭര്‍ത്താവ് നോബി ഇവരെ ഫോണില്‍ വിളിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി പിണങ്ങി ഒന്‍പത് മാസമായി ഷൈനി സ്വന്തം വീട്ടിലായിരുന്നു താമസം. തൊട്ടടുത്തുള്ള ഒരു പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ജോലിചെയ്തിരുന്നു. എന്നാല്‍ അഞ്ചുമാസംമുമ്പ് ഈ ജോലിയും നഷ്ടപ്പെട്ടിരുന്നു. ഭര്‍ത്തൃപീഡനവും ജോലിയില്ലാത്ത വിഷമവും സാമ്പത്തിക ഞെരുക്കവുമാണ് ഷൈനിയെ മക്കള്‍ക്കൊപ്പം ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഭര്‍ത്താവ് നോബിയെ പോലീസ് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി അറസ്റ്റുചെയ്തിരുന്നു. രൂപതയെയും ആശുപത്രിയെയും കുറ്റപ്പെടുത്തുന്നവര്‍ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് രൂപതാധികൃതര്‍ നേരത്തേയും വ്യക്തമാക്കിയിരുന്നു. രൂപതയുടെ കീഴിലുള്ള ആശുപത്രിയില്‍ ജോലിക്കായി ഷൈനി അപേക്ഷപോലും നല്‍കിയിരുന്നില്ല.
പള്ളിവികാരിയാണ് ഇവരുടെ അവസ്ഥ മനസ്സിലാക്കി ആശുപത്രിയിലേക്ക് അയച്ചത്. നഴ്സിങ് ജോലിയില്‍ അവര്‍ക്ക് ഒന്‍പത് വര്‍ഷത്തെ ബ്രേക്കുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. ആശുപത്രിക്ക് എന്‍.എ.ബി.എച്ച്. അംഗീകാരമുള്ളതിനാല്‍ നഴ്സുമാരുടെ ക്വാളിറ്റി ഉറപ്പുവരുത്തേണ്ടതുണ്ട്. രണ്ട് വര്‍ഷത്തെ ബ്രേക്കില്‍ കൂടുതലുള്ളവരെ എടുക്കില്ലെന്നത് ആശുപത്രിയുടെ പോളിസിയാണ്.അസിസ്റ്റന്റ് നഴ്‌സായി തുടക്കത്തില്‍ കയറാമെന്നും പിന്നീട് നഴ്സാകാമെന്നും അറിയിച്ചതാണ്. എന്നാല്‍ വീടിനടുത്തുള്ള സ്ഥാപനത്തില്‍ ജോലികിട്ടിയെന്ന് അവര്‍ അറിയിച്ചു. പള്ളിവികാരി നേരിട്ടും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സിസ്റ്റര്‍മാരും വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ രൂപതയ്ക്ക് പരിമിതിയുണ്ടായിരുന്നു.-കോട്ടയം അതിരൂപത വൈദികസമിതി സെക്രട്ടറി ഫാ. എബ്രഹാം പറമ്പേട്ട് നേരത്തെ പ്രതികരിച്ചത് ഇങ്ങനെയാണ്.