ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടെടുത്തത് അര്‍ജുനെ തന്നെ; ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരണം; ശനിയാഴ്ച രാവിലെയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മൃതദേഹം എത്തിക്കാന്‍ തയ്യാറെടുപ്പ്

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടെടുത്തത് അര്‍ജുനെ തന്നെ

Update: 2024-09-27 10:39 GMT

ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നു വീണ്ടെടുത്ത ലോറിയുടെ ക്യാബിനില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെ. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത മൃതശരീരത്തിലെ ഡിഎന്‍എ കാര്‍വാറിലെ ഫോറന്‍സിക് ലാബില്‍ ഒത്തുനോക്കിയത്. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചത്. പരിശോധനയില്‍ സ്ഥിരീകരിച്ചതോടെ, മൃതദേഹ ഭാഗങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്കു രണ്ടുമണിക്കൂറെടുത്തേക്കും, അതിനുശേഷം കേരളത്തിലേക്ക് തിരിക്കും. ശനിയാഴ്ച രാവിലെ 8 മണിയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മൃതദേഹം എത്തിക്കുന്ന രീതിയില്‍ തിരിക്കാനാണ് സഹോദരീ ഭര്‍ത്താവ് ജിതിനും അനുജന്‍ അഭിജിത്തും തയാറടുക്കുന്നത്.

കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് ആംബുലന്‍സിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ആംബുലന്‍സിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി കിട്ടിയാല്‍ കാര്‍വാര്‍ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സും മൊബൈല്‍ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയെന്നും എകെഎം അഷ്റഫ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

ലോറി അര്‍ജുന്റേതുതന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ കാണാതായി 72ാം ദിവസം ലഭിച്ച മൃതദേഹം തിരിച്ചറിയാനാകാത്തതിനാല്‍ നിയമനടപടികള്‍ക്ക് അനുസരിച്ച് ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, മൊബൈല്‍ ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയും കാബിനില്‍നിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെത്തി.

ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും സഹോദരന്‍ അഭിജിത്തും ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലന്‍സിന്റെ എല്ലാ ചെലവും കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, അങ്കോള പൊലീസ് സ്റ്റേഷനിലെ മാന്‍ മിസ്സിംഗ് കേസ് അവസാനിപ്പിക്കും.

Tags:    

Similar News