വീട്ടുമുറ്റത്ത് വളർത്തുനായകളുമായി കളിക്കുന്ന കുട്ടി; പൊടുന്നനെ അപ്രതീക്ഷിത എൻട്രി; മുറ്റത്തേക്ക് കുതിച്ചുപാഞ്ഞെത്തി പുലി; ഭയന്ന് നിലവിളിച്ച് കുഞ്ഞും നായ്ക്കളും; അതെ സ്പീഡിൽ തിരിഞ്ഞോടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കും ദൃശ്യങ്ങൾ പുറത്ത്

Update: 2025-04-08 14:09 GMT

തൃശൂർ: നാട്ടിൽ ഇപ്പോൾ വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുകയാണ്. വനത്തിനുള്ളിലെ ഭക്ഷണ കുറവും കുടിവെള്ള ക്ഷാമവും അവരെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ഉണ്ടാകുന്ന അക്രമണങ്ങളിൽ മരിക്കുന്ന ഒട്ടനവധി മനുഷ്യ ജീവനുകൾ ഉണ്ട്. ചിലർ അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് നവ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തമിഴ്നാട് വാൽപ്പാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലിയെത്തിയ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട് വാൽപ്പാറയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.

വാൽപ്പാറ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ- സത്യ എന്നിവരുടെ വീട്ടു മുറ്റത്താണ് പുലിയെത്തിയത്. മകൻ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുലിയെ കണ്ട നായ്ക്കൾ ആദ്യം കുരച്ചുകൊണ്ട് ഓടുകയായിരുന്നു. മുറ്റത്തേക്ക് പാഞ്ഞെത്തിയ പുലി കുട്ടിയുടെ അലർച്ചകേട്ട് തിരിഞ്ഞോടുകയായിരുന്നു.

സിസിടിവി പരിശോധിച്ചപ്പോഴാണ് വന്നത് പുള്ളിപ്പുലിയാണെന്ന് ഒടുവിൽ തിരിച്ചറിയുന്നത്.ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, കർണാടകയിൽ ബംഗളുരുവിന് സമീപം വീടിനുള്ളിൽ പുലിയെ കണ്ടത് വലിയ വാർത്തയായിരുന്നു. അതിൽ ഏറെ അമ്പരിപ്പിക്കുന്ന സംഭവം എന്നത് പുലി വരാൻ ഒരു സാഹചര്യവും ഇല്ലാത്ത സ്ഥലത്താണ് ഇവർ പുലിയെ കണ്ടത്. ഉടനെ തന്നെ വീട് പൂട്ടി പുറത്തിറങ്ങിയ ദമ്പതികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. കുണ്ട്ലു റെഡ്ഡി ലേഔട്ടിലെ വീട്ടിൽ താമസിച്ചിരുന്ന വെങ്കിടേഷ്, വെങ്കടലക്ഷ്മി എന്നിവർ രാവിലെ വീട്ടിലെ ഹാളിൽ ടിവിക്ക് മുന്നിലിരുന്ന് കാപ്പി കുടിക്കുന്നതിനിടെയാണ് മുൻവശത്തെ വാതിലിലൂടെ ഒരു പുലി വീടിനകത്തേക്ക് കയറിയത്.

കാലിന് പരിക്കേറ്റ ശേഷം വിശ്രമത്തിലായിരുന്നു വെങ്കിടേഷ്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വീട്ടിലേക്ക് കയറിയ പുലി ഒരു മുറിയുടെ അകത്തേക്ക് കയറിപ്പോയി. കാഴ്ചകണ്ട് ഞെട്ടിയ ഇരുവരും ബഹളമുണ്ടാക്കാതെയും മനഃസാന്നിദ്ധ്യം കൈവിടാതെയും സെക്കന്റുകൾക്കുള്ളിൽ വീടിന് പുറത്തിറങ്ങി, വീട് പുറത്തുനിന്ന് പൂട്ടി.

നാട്ടുകാരെ വിവരമറിയിച്ചപ്പോൾ എല്ലാവർക്കും ഞെട്ടൽ, രണ്ട് കിലോമീറ്റർ പരിധിയിലെങ്ങും കാട് പോലുമില്ലാത്ത സ്ഥലത്തെ വീടിനകത്ത് പുലി കയറിയെന്ന വാർത്ത വിശ്വസിക്കാനാവാതെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.ഒടുവിൽ ഏറെ നേരെത്തെ പരിശ്രമങ്ങൾക്ക് ശേഷം അധികൃതർ എത്തി പുലിയെ പിടികൂടുകയും ചെയ്തു.

Tags:    

Similar News