മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ ഡ്യുട്ടിയില്‍ നിന്നും വിട്ടു നിന്നു; മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയ തിരുവല്ല മുന്‍ എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്
മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയ തിരുവല്ല മുന്‍ എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്
പത്തനംതിട്ട: മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്നതിന് തിരുവല്ല മുന്‍ എസ്എച്ച്ഓ ബികെ സുനില്‍ കൃഷ്ണന് ഡിവൈഎസ്പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ 18 ന് വൈകിട്ട് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം മല കയറിയത് സുനില്‍ കൃഷ്ണനായിരുന്നു.
ഇത് സുനിലിന്റെ ഡ്യൂട്ടിയുടെ ഭാഗമായിരുന്നില്ല. ഡ്യൂട്ടിയില്‍ നിന്ന് അകാരണമായി വിട്ടു നില്‍ക്കുകയും വാര്‍ത്തകളില്‍ നിറയുന്നതിന്റെ ഭാഗമായി വി.ഐ.പിക്കൊപ്പം പോവുകയും ചെയ്തതിന് കാരണം ബോധിപ്പിക്കണമെന്ന് കാട്ടിയാണ് വകുപ്പു തല നടപടി പ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്.
സുനില്‍ കൃഷ്ണനെ നേരത്തേ തന്നെ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയി സ്ഥലം മാറ്റം ലഭിച്ചിരുന്നതാണ്. തിരുവല്ലയില്‍ ചുമതലയേല്‍ക്കേണ്ട സന്തോഷ് എന്ന ഇന്‍സ്പെക്ടര്‍ എത്താന്‍ വൈകിയത് കാരണം വിടുതല്‍ ചെയ്യുന്നത് നീണ്ടു പോയി. ഈ കാലയളവിലാണ് സുനില്‍ കൃഷ്ണന്‍ അനുമതി വാങ്ങാതെ മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയത്.
മോഹന്‍ലാലിനൊപ്പം പോയതിനല്ല, മറിച്ച് സ്വന്തം ഡ്യൂട്ടിയിലും കൃത്യനിര്‍വഹണത്തിലും വീഴ്ച വരുത്തിയതിനാണ് സുനിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പമ്പ മുതല്‍ സന്നിധാനം വരെ മോഹന്‍ലാലിന്റെ സുരക്ഷാ ഗാര്‍ഡ് എന്ന പോലെയായിരുന്നു സുനില്‍ കൃഷ്ണന്റെ യാത്ര.
വിഐപി സന്ദര്‍ശനത്തിന് പോലീസ് ഇന്‍സ്പെക്ടറെ അകമ്പടി വിട്ടതാണെന്നായിരുന്നു മറ്റ് ഉദ്യോഗസ്ഥര്‍ ധരിച്ചിരുന്നത്. താരം മല കയറുന്ന എല്ലാ ഫ്രെയിമിലും മുന്നില്‍ സുനില്‍ നിറഞ്ഞു നിന്നു. വാര്‍ത്താ ചാനലുകളില്‍ ദൃശ്യം കണ്ടപ്പോഴാണ് മേലുദ്യോഗസ്ഥര്‍ പോലും വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹം അനുവാദം വാങ്ങാതെയാണ് പോയത് എന്ന് മനസിലായത്. തുടര്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു.