ഒരു പരാതിയുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് നീ; മറക്കാൻ...പറ്റൂല ഇനി; യഥാർത്ഥ എന്നെ കണ്ടവൾ...എന്റെ ചോക്കി പെണ്ണ്; ഒരിക്കലും അവസാനിക്കാത്ത കഥ ഇതാ..ഇവിടെ തുടങ്ങുന്നു; ആര്യയുമായുള്ള വിവഹനിശ്ചയം കഴിഞ്ഞ് ആദ്യമായി പ്രതികരിച്ച് സിബിൻ ബെഞ്ചമിൻ!

Update: 2025-05-15 16:54 GMT

ബി​ഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് സിബിൻ ബെഞ്ചമിൻ. ഇടയ്ക്ക് വെച്ച് സിബിൻ ഷോയിൽ നിന്നും പുറത്തു പോയെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ഈ കാലയളവിൽ സാധിച്ചു. ഇപ്പോഴിതാ, ജീവിതത്തിലെ ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി ആകാൻ പോകുന്നുവെന്ന സന്തോഷത്തിലാണ് താരം.

സിബിനും ആര്യ ബഡായിയും തമ്മിലുള്ള വിവഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ആദ്യം ആര്യ ആയിരുന്നു ഇക്കാര്യം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. ഇതോടെ സിബിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്. ഒരു പരാതിയുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് നീ; മറക്കാൻ...പറ്റൂല ഇനി; യഥാർത്ഥ എന്നെ കണ്ടവൾ...എന്റെ ചോക്കി പെണ്ണ് താരം കുറിക്കുന്നു.

സിബിന്റെ വാക്കുകൾ...

"ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എൻ്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അം​ഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി.

ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ", എന്നാണ് സിബിൻ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

Tags:    

Similar News