വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കിയില്ല; കോടതിയില്‍ നിന്നും ആശ്വാസം കിട്ടിയപ്പോഴും പക തുടര്‍ന്ന് പിണറായി സര്‍ക്കാര്‍; മുന്‍ വിസിക്കെതിരെ ചുമത്തുന്നത് 'മോഷണ കുറ്റം'; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് പ്രതികാരം; സിസാ തോമസിനെ വിടാതെ പിന്തുടര്‍ന്ന് നടപടികള്‍; ജനാധിപത്യ കേരളം പുതിയ വഴിയില്‍
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവറുടെ പണി കളയാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് വേണ്ടി നില്‍ക്കുന്ന പോലീസും സര്‍ക്കാരും. എഡിഎം നവീന്‍ ബാബുവിന്റെ ജീവനെടുത്ത പിപി ദിവ്യയ്ക്കുമുണ്ട് സര്‍ക്കാര്‍ സംരക്ഷണം. ഒരാഴ്ചയായിട്ടും അറസ്റ്റില്ല. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ അപ്രീതിയ്ക്ക് കാരണമായാല്‍ കഥ കഴിയും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ പേരില്‍ ബലിയാടായ മുന്‍ താല്‍ക്കാലിക വി സി ഡോ. സിസ തോമസ് അതിന് തെളിവാണ്. സര്‍ക്കാരിനെ ധിക്കരിച്ച് ഗവര്‍ണര്‍ക്കൊപ്പം നിന്നാല്‍ എന്തു സംഭവിക്കുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍. സാങ്കേതിക സര്‍വകലാശാലാ താല്‍ക്കാലിക വി.സി.യായി നിയമിതയായ സിസ തോമസിന് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും ഇനിയും ലഭിച്ചിട്ടില്ല. അതിനിടെ സര്‍വകലാശാലയിലെ ചില രേഖകള്‍ കാണാനില്ലെന്നുപറഞ്ഞ് 'മോഷണക്കുറ്റം' ചുമത്തുകയാണ് സര്‍ക്കാര്‍. ഇതോടെ പെന്‍ഷനും മറ്റും കിട്ടാത്ത അവസ്ഥ വരും.
2022 നവംബറിലാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലാ താല്‍ക്കാലിക വി.സി.യായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളിയുള്ള ഈ നിയമനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഗവര്‍ണറുടെ ഉത്തരവ് സിസ തോമസ് അംഗീകരിച്ചു. സിസ വി.സി.യായി ചുമതലയേറ്റു. ഇത് പിണറായി സര്‍ക്കാരിന് നാണക്കേടായി. ജീവനക്കാരെ കൊണ്ട് തടയാനും ശ്രമിച്ചു. എന്നാല്‍ കോടതി ഇടപെടലുകള്‍ സിസയ്ക്ക് തുണയായി.
വിരമിക്കുന്നതിന് ഒരുമാസംമുമ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറുടെ ചുമതലയില്‍നിന്ന് ഇവരെ സര്‍ക്കാര്‍ മാറ്റിയെങ്കിലും പകരം ചുമതല നല്‍കിയില്ല. ജില്ലവിട്ട് സ്ഥലംമാറ്റുമെന്ന് ഉറപ്പായതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കണമെന്ന ഉത്തരവ് നേടി. ഇതിനെത്തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം നല്‍കി. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായുള്ള മെമ്മോയും. സര്‍ക്കാര്‍ അനുമതിയില്ലാതെ വി.സി.യായി സ്ഥാനമേറ്റെന്നായിരുന്നു കുറ്റം. അധികചുമതലയായി വി.സി. സ്ഥാനമേറ്റത് നടപടികള്‍ പാലിച്ചാണെന്ന് ഡോ. സിസ ഇതിന് മറുപടി നല്‍കി.
വിരമിക്കുന്ന മാര്‍ച്ച് 31-ന് ഹിയറിങ്ങിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് തലേന്ന് ഓഫീസ് സമയത്തിനുശേഷം ഇ-മെയിലായി കത്തുനല്‍കി. വിരമിക്കല്‍ ദിവസമായതിനാലും വി.സി.യെന്നനിലയിലും പ്രിന്‍സിപ്പലെന്ന നിലയിലും മാര്‍ച്ച് 31-ന് ബില്ലുകള്‍ മാറുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളും കാണിച്ച് ഹാജരാകാനുള്ള അസൗകര്യമറിയിച്ച് മറുപടി നല്‍കി. വിരമിച്ചശേഷം പെന്‍ഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോള്‍ അച്ചടക്കനടപടി തുടങ്ങിയതിനാല്‍ നല്‍കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ ഉത്തരവ് അനുസരിക്കുന്നത് അച്ചടക്കലംഘനല്ലെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി വിധിച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി.
ആനൂകൂല്യങ്ങള്‍ നല്‍കേണ്ടി വരുമെന്നായതോടെ നേരത്തേ കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്സില്‍ പിടിച്ചുള്ള ആരോപണമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. വി.സി.യെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഒരു സബ്കമ്മിറ്റിക്ക് രൂപംനല്‍കിയതടക്കമുള്ള തീരുമാനങ്ങള്‍ സിസ അംഗീകരിച്ചിരുന്നില്ല. അവ വിയോജനക്കുറിപ്പടക്കം രാജ്ഭവനിലേക്കും നല്‍കി. അതിന്റെ യഥാര്‍ഥരേഖകള്‍ കാണാനില്ലെന്നാണ് നിലവിലെ കുറ്റം. സിന്‍ഡിക്കേറ്റ് യോഗങ്ങളുടെ കുറിപ്പുകള്‍ ഓഫീസ് കംപ്യൂട്ടറിലുണ്ട്. ഇതെല്ലാവര്‍ക്കും അറിയാം. അനധികൃതമായി രേഖകള്‍ കൈവശംവെച്ചതിന്റെ പേരില്‍ സിസയ്ക്കെതിരേ നടപടിയെടുക്കാനാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ തീരുമാനമെന്നാണ് സര്‍വകലാശാലയുടെ വാദം. ഇതിനെതിരെ സിസ കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്.
അങ്ങനെ കോടതിയില്‍ നിന്നും ആശ്വാസവും കിട്ടിയേക്കും. എന്നാല്‍ ഈ ചിലവുകള്‍ക്ക് വലിയ തുക വേണ്ടി വരും. സിസ അത് സ്വന്തം കൈയ്യില്‍ നിന്നും കൊടുക്കണം. എന്നാല്‍ ഈ കേസ് നടത്താനുള്ള തുക ഖജനാവില്‍ നിന്നും എടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകും. ഈ കേസ് കഴിയുമ്പോള്‍ അടുത്ത കേസ്. അങ്ങനെ മാനസിക പീഡനം തുടരും. ഇതിലൂടെ ഇനി ആരും സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണറുടെ വാക്ക് കേള്‍ക്കില്ലെന്ന് ഉറപ്പിക്കുകയാണ് ഈ സര്‍ക്കാര്‍.