കേസ് എന്‍ഐഎ കോടതിക്കു വിട്ട സെഷന്‍സ് കോടതി നടപടിക്രമത്തില്‍ പാളിച്ചയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ എന്‍ഐഎ കേസുകള്‍ പാടുള്ളൂവെന്ന് ചട്ടം; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; ഛത്തീസ്ഗഡ് പ്രതിസന്ധിയ്ക്ക് ഡല്‍ഹിയില്‍ പരിഹാരം? കന്യാസ്ത്രീകള്‍ മോചിതരാകും

Update: 2025-08-01 01:28 GMT

കൊച്ചി: അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍ പ്രീതി മരിയ, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഉടന്‍ ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ. ഇരുവര്‍ക്കും ഉടന്‍ ജയില്‍ മോചിതരാക്കണമെന്നും അവര്‍ക്കു നീതി ലഭ്യമാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖറിനോടാണു മേജര്‍ ആര്‍ച്ച്ബിഷപ് ഈ ആവശ്യം ഉന്നയിച്ചത്. സമൂഹനന്മയ്ക്കായി സേവനനിരതരായ സിസ്റ്റര്‍മാര്‍ അഭിമുഖീകരിക്കേണ്ടിവന്ന അക്രമസംഭവങ്ങളില്‍ സഭാവിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹം മുഴുവനും ആശങ്കാകുലരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന സന്ദേശം സഭയ്ക്ക് ബിജെപി നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഛത്തീസ് ഗഡില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ചില ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ അത് ഫലം കണ്ടില്ല. ഇതോടെയാണ് ഡല്‍ഹിയില്‍ എത്തി രാജീവ് ചന്ദ്രശേഖര്‍ നീക്കങ്ങള്‍ നടത്തിയത്. മോദിയെ നേരിട്ട് കാണുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതോടെയാണ് സാഹചര്യം മാറിയത്. പിന്നാലെയാണ് ആര്‍ച്ച് ബിഷപ്പിനെ കാണാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.

രണ്ടു കോടതികളില്‍നിന്നും ജാമ്യം ലഭിക്കാതെ ഇവര്‍ ജയിലില്‍ തുടരേണ്ടിവരുന്നതില്‍ സഭയുടെ മുഴുവന്‍ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തില്‍ ക്രിയാത്മകമായ പ്രായോഗിക നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ആള്‍ക്കൂട്ട വിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്ചയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരും ബിജെപിയും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന അനുകൂലനിലപാടുകളെക്കുറിച്ചും സന്യസ്തരെ ഉടന്‍ ജയില്‍മോചിതരാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയിരിക്കുന്ന ഉറപ്പും രാജീവ് ചന്ദ്രശേഖര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ധരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജും രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഉണ്ടായിരുന്നു. കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ എന്‍ഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തില്‍നിന്നുള്ള എംപിമാരോട് മന്ത്രി പറഞ്ഞു. ഇതോടെ, മലയാളി സിസ്റ്റര്‍മാരായ പ്രീതിയുടെയും വന്ദനയുടെയും എട്ടു ദിവസം നീണ്ട അനാവശ്യ ജയില്‍വാസം അവസാനിച്ചേക്കും.

കന്യാസ്ത്രീമാരുടെ ജാമ്യത്തിനായി ഛത്തീസ്ഗഡ് ഹൈക്കോടതിയെ ഇന്നു സമീപിക്കുമെന്ന് കത്തോലിക്കാസഭ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ അമിത് ഷാ നിര്‍ദേശിച്ചതുപോലെ ദുര്‍ഗ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കണമോയെന്ന കാര്യത്തില്‍ കന്യാസ്ത്രീമാര്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരാകും തീരുമാനിക്കുക. എന്‍ഐഎ കോടതിയില്‍നിന്നു കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്ന് എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ക്ക് അമിത് ഷാ ഉറപ്പുനല്‍കി. വിചാരണക്കോടതിയില്‍ ഇന്നലെത്തന്നെ ജാമ്യാപേക്ഷ നല്‍കാന്‍ ഷാ നിര്‍ദേശിച്ചെങ്കിലും സമയം വൈകിയതിനാല്‍ സാധിച്ചില്ല. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഇന്നലെ വൈകുന്നേരമാണ് അമിത് ഷായെ കണ്ടു നിവേദനം നല്‍കിയത്. കന്യാസ്ത്രീമാരുടെ മോചനകാര്യത്തില്‍ അനുഭാവപൂര്‍വമായ നിലപാടാണുള്ളതെന്ന് എംപിമാരോട് അമിത് ഷാ പറഞ്ഞു.

അറസ്റ്റിലായ കന്യാസ്ത്രീമാരെ ജയിലില്‍നിന്ന് ഉടന്‍ മോചിപ്പിക്കുക, അവര്‍ക്കെതിരേയുളള വ്യാജ കേസും എഫ്‌ഐആറും റദ്ദാക്കുക, അറസ്റ്റിലേക്കു നയിച്ച ആള്‍ക്കൂട്ട വിചാരണയെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വവും സമയബന്ധിതവുമായ അന്വേഷണം നടത്തുക, തെറ്റായ അറസ്റ്റിനു പ്രേരിപ്പിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുക, നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തടയുക, ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് കേരള എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചു. എംപിമാരായ ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, കെ. രാധാകൃഷ്ണന്‍, പി. സന്തോഷ് കുമാര്‍, വി. ശിവദാസന്‍, പി.പി. സുനീര്‍, എ.എ. റഹീം, ആര്‍. സച്ചിദാനന്ദം തുടങ്ങിയവരാണ് അമിത് ഷായെ കണ്ടു നിവേദനം നല്‍കിയ എല്‍ഡിഎഫ് സംഘത്തിലുണ്ടായിരുന്നത്.

ആന്റോ ആന്റണി, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. സുധാകരന്‍, എം.കെ. രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠന്‍, അബ്ദുള്‍സമദ് സമദാനി, ഹാരീസ് ബീരാന്‍, ജെബി മേത്തര്‍, ഷാഫി പറന്പില്‍ എന്നീ എംപിമാരാണ് യുഡിഎഫ് നിവേദകസംഘത്തിലുണ്ടായിരുന്നത്. ജയിലിലുള്ള കന്യാസ്ത്രീമാര്‍ക്ക് ബുധനാഴ്ച ജാമ്യം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഷാ കേരള എംപിമാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ആശയവിനിമയത്തിലുണ്ടായ വീഴ്ച മൂലമാണ് ഇതു നടക്കാതെ പോയതെന്നാണു പിന്നീട് മന്ത്രി വിശദീകരിച്ചത്. കേസിലുള്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ബജ്രംഗ്ദള്‍ നേതാക്കള്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തെറ്റായ പ്രസ്താവനയില്‍ ഒപ്പുവയ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്ന് ഷായ്ക്കു നല്‍കിയ നിവേദനത്തില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. കന്യാസ്ത്രീമാരുടെ അറസ്റ്റ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ വേദനയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നും എംപിമാര്‍ പറഞ്ഞു. ജാമ്യം ലഭിച്ചശേഷം കന്യാസ്ത്രീമാര്‍ക്കെതിരേയുള്ള വ്യാജ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നടപടി വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

കേസ് എന്‍ഐഎ കോടതിക്കു വിട്ട സെഷന്‍സ് കോടതിയുടെ നടപടിക്രമത്തില്‍ പാളിച്ചകളുണ്ടെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ എന്‍ഐഎ കേസുകള്‍ പാടുള്ളൂവെന്നതാണു ചട്ടം. ഇതു പരിഗണിക്കാതെയാണ് കോടതി കേസ് എന്‍ഐഎക്കു വിട്ടത്. ഇതിനിടെ, ജാമ്യാപേക്ഷ നല്‍കാനായി ഛത്തീസ്ഗഡില്‍ത്തന്നെയുള്ള അഭിഭാഷകനെ നിയോഗിക്കാന്‍ സിബിസിഐ ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന നിയമവിദഗ്ധരുടെ യോഗം തീരുമാനിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍, അഭിഭാഷകരായ പി.ഐ. ജോസ്, സിസ്റ്റര്‍ മേരി സിറിയക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News