ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല; കട്ടിളപ്പാളികള്‍ ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി; തന്ത്രി രാജീവര്‍ക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍; ദ്വാരപാലക കേസിലും തന്ത്രി പ്രതിയാകും; കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി സംഘം; തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കും

ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല;

Update: 2026-01-10 01:42 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ അഴിക്കുള്ളിലാണ്. ശബരിമലയില്‍ സംരക്ഷണം ഒരുക്കേണ്ടവര്‍ തന്നെ അട്ടിമറിക്ക് കൂട്ടുനിന്നു എന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. തന്ത്രിക്കതെിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങളാണ്. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേ വിശ്വാസവഞ്ചന , വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മ്മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്.

ഇതില്‍ അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിര്‍മ്മാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. 2019 മേയില്‍ കട്ടിളപ്പാളികള്‍ ശബരിമല ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി എന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. കട്ടിള പാളികള്‍ ഇളക്കുന്ന സമയത്തും ഒരു മാസത്തിനു ശേഷം അവ തിരികെ സ്ഥാപിക്കുന്ന സമയത്തും കണ്ഠരര് രാജീവര്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ആചാരലംഘനം നടക്കുന്നു എന്ന് ബോധ്യമായിട്ടും തടഞ്ഞില്ല. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയും ആയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്‌ഐടി വാദിക്കുന്നു.

രണ്ടു പതിറ്റാണ്ടിന്റെ സൗഹൃദമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളതെന്ന് തന്ത്രി വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ സഹായിയാണ് പോറ്റി ശബരിമലയിലേക്ക് എത്തിയത്. പിന്നീട് ഇടനിലക്കാരനായി നിന്ന് സ്വര്‍ണക്കൊള്ളയിലെത്തുകയായിരുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവര്‍ ജയിലില്‍. തിരുവനന്തപുരം സ്‌പെഷല്‍ സബ്ജയിലിലാണ് തന്ത്രിയെ എത്തിച്ചത്. കുടുക്കിയതാണോയെന്ന ചോദ്യത്തോട്, അതെ ഉറപ്പെന്നായിരുന്നു തന്ത്രിയുടെ മറുപടി. കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്.

ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ശേഷം ഉച്ചയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ക്കൊള്ളയില്‍ പത്മകുമാര്‍ പറഞ്ഞ ദൈവതുല്യന്‍ തന്ത്രിയാണെന്ന വാദം ബലപ്പെടുകയാണ്. രാജീവരെ എസ്‌ഐടി സംഘം കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതല്‍ തെളിവുകള്‍ തേടിയാകും കസ്റ്റഡിയില്‍ വാങ്ങുക. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത.

തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂഢാലോചനയില്‍ പങ്കാളിയായി. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശപ്രകാരം പാളികള്‍ നല്‍കിയപ്പോള്‍ തന്ത്രി മൗനാനുവാദം നല്‍കി. ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി എന്നതടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളാണ് എസ് ഐ ടി, കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്.

കട്ടിളപാളി കേസിലും തന്ത്രിയെ പ്രതിയാക്കാനാണ് എസ്‌ഐടി ഉദ്ദേശിക്കുന്നത്. കേസില്‍ തന്ത്രി ജാമ്യാപേക്ഷ നല്‍കുക ചൊവ്വാഴ്ച്ചയാകും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായി അന്വേഷിക്കാനാണ് എസ്‌ഐടി ഒരുങ്ങഉന്നത്. അതേസമയം സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ തന്ത്രിയുടെ വീട്ടിലും മറ്റിടങ്ങളിലും അന്വേഷണ സംഘം പരിശോധിക്കും. നേരത്തേ, കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ എസ്ഐടി കണ്ടെത്തിയിരുന്നു. തന്ത്രി ആചാരലംഘനം നടത്തി, ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി വ്യക്തമാക്കി.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്‌പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്‌ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

കേസില്‍ 13ാം പ്രതിയാണ് തന്ത്രി. തനിക്ക് വൈദ്യസഹായം നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്ക് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ ഉണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News