ആരാധകരുടെ വികാരമായ നടന്‍ ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; 'അണ്ണെ ഇല്ലത്തിന്' ഉടമ നടന്‍ പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം

ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം

Update: 2025-04-21 15:49 GMT

ചെന്നൈ: തമിഴ് സിനിമാ ആരാധകരെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു, നടികര്‍ തിലകം ശിവാജി ഗണേശന്റ കുടുംബത്തിലെ സ്വത്ത് കേസ്. അതില്‍പെട്ട്, ശിവാജി 1958-ല്‍ ചെന്നൈ ടി നഗറില്‍ നിര്‍മ്മിച്ച, ഒരുപാട് ഷൂട്ടിങ്ങുകള്‍ക്ക് വേദിയായ 'അണ്ണെ ഇല്ലം' എന്ന ബംഗ്ലാവ് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ്, മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കയാണ്. ശിവാജിയുടെ ഇളയമകനും നടനുമായ പ്രഭു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി, 'നടന്‍ പ്രഭു മാത്രമാണ് ആ വീടിന്റെ ഉടമ' എന്ന് സ്ഥിരീകരിച്ചു. പിന്നീട് കണ്ടുകെട്ടല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് ഉത്തരവിട്ടു.

പ്രഭുവിന്റെ ചേട്ടന്‍ രാംകുമാറിന്റെ മക്കള്‍ സിനിമാ നിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാത്തതുകൊണ്ടാണ്, തറവാട് വീട് ജപ്തിയിലേക്ക് എത്തിയത്. രാംകുമാറിന്റെ മകന്‍ നടന്‍ ദുഷ്യന്ത്, ഭാര്യ അഭിരാമി എന്നിവര്‍ പങ്കാളികളായി നടത്തിയിരുന്ന ഈശന്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിക്കെതിരെയായിരുന്നു ജപ്തി നടപടി. ജഗ ജാല കില്ലാഡി എന്ന സിനിമയുടെ നിര്‍മ്മാണത്തിനായി വാങ്ങിയ നാല് കോടി രൂപ തിരിച്ചടക്കാത്തതാണ് കേസായത്. ദുഷ്യന്തും, ഭാര്യ അഭിരാമിയും ഒപ്പിട്ട കരാറില്‍ രാംകുമാറും ഒപ്പിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തിനുകൂടി അവകാശമുള്ള വീട് എന്ന ധാരണയിലാണ് 'അണ്ണൈ ഇല്ലം' ജപ്തി ചെയ്തത്. എന്നാല്‍ ആ വീട് തനിക്ക് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം പൂര്‍ണ്ണമായും വിട്ടുകിട്ടിയതാണെന്നാണ് പ്രഭു വാദിച്ചത്. ഇത് ഇപ്പോള്‍ ഹൈക്കോടതിയും ശരിവെച്ചിരിക്കയാണ്.

ഇതോടെ, തല്‍ക്കാലം ശിവാജി ഭവനം, രക്ഷപ്പെട്ടുവെന്ന് പറയാം. ശിവാജിയുടെ വീട് ജപ്തി ചെയ്യുന്നുവെന്ന വാര്‍ത്ത, തമിഴ്മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ശിവാജി ആരാധകര്‍ക്ക് ഈ വീടിനോട് ഏറെ മാനസിക ബന്ധമുണ്ടായിരുന്നു.




ആയിരം പവന്‍ അടിച്ചുമാറ്റി

ശിവാജിക്ക് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണുണ്ടായിരുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് അദ്ദേഹം പടിപടിയായി വളര്‍ന്ന് താരമായപ്പോള്‍, അദ്ദേഹം തന്റെ ബന്ധുക്കളെയും ചെന്നൈയിലേക്ക് കൊണ്ടുവന്നു. ശിവാജിയും അദ്ദേഹത്തിന്റെ സഹോദരനും, ചേച്ചിയെയും അനിയത്തിയെയുമാണ് വിവാഹം കഴിച്ചത്. അതോടെ ബന്ധുബലം ഒന്നുകൂടി ഊട്ടിയറുപ്പിക്കപ്പെട്ടു. ശിവാജിയുടെ ബംഗ്ലാവില്‍ ഒരു കുടുംബത്തിലെ നാല്‍പതോ അന്‍പതോ വരുന്ന ആളുകള്‍ ഒരുമിച്ചാണ് ജീവിച്ചത്. എല്ലാവര്‍ക്കും ഒരേ ഭക്ഷണവുമായിരുന്നു. ശിവാജി വീട്ടിലുള്ളപ്പോള്‍ അവര്‍ ഒന്നിച്ച് ഒരു ഉത്സവംപോലെയാണ് കഴിഞ്ഞത്.

പക്ഷേ ശിവാജിയുടെ മരണത്തോടെ എല്ലാം അട്ടിമറഞ്ഞു. മക്കള്‍ തമ്മില്‍ തമ്മില്‍ തല്ലും കേസുമായി. ഒരുകാലത്ത് 50 ഓളം പേര്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും, സ്നേഹപൂര്‍വം ഒത്തുചേരുകയും ചെയ്ത ആ വലിയ കൂട്ടുകുടുംബം തല്ലിപ്പിരിഞ്ഞു. ശിവാജിയുടെ സഹോദരന്മാര്‍ വേറെ പോയി. മക്കള്‍ തമ്മില്‍ സ്വത്തിനെചൊല്ലി തമ്മിലടി തുടങ്ങി. ശിവാജിയുടെ ആണ്‍മക്കളായ നടന്‍ പ്രഭുവും, നിര്‍മ്മാതാവ് രാംകുമാറും ചേര്‍ന്ന് തങ്ങള്‍ക്ക്കൂടി അവകാശപ്പെട്ട സ്വത്തുക്കള്‍ കൈവശപ്പെടുത്തിയെന്ന് പെണ്‍മക്കള്‍ ആരോപിച്ചു. അങ്ങനെ വെറുതെ ആരോപിക്കുകയല്ല അവര്‍ ചെയ്തത്. കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

ശിവാജി ഗണേശന്റെ സ്വത്തുമായി ബന്ധപ്പെട്ട് പെണ്‍മക്കളായ ശാന്തിയും തേന്‍മൊഴിയുമാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പ്രഭുവും സഹോദരന്‍ രാംകുമാറുമായിരുന്നു എതിര്‍ കക്ഷികള്‍. തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റെന്നും മറ്റു ചിലത് അവരുടെ ആണ്‍മക്കളുടെ പേരിലാക്കിയെന്നും ആരോപിച്ചു. പ്രഭുവും രാംകുമാറും വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും അവര്‍ പരാതിപ്പെട്ടു. അമ്മയുടെ സ്വത്തില്‍ പത്തു കോടിയോളം വിലമതിക്കുന്ന 1000 പവന്‍ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതം എന്നിവ നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2022-ല്‍ നല്‍കിയ കേസില്‍ ഇതുവരെ തീര്‍പ്പുണ്ടായിട്ടില്ല.


കൊച്ചുമകന്‍ എന്ന മുടിയനായ പുത്രന്‍

ശിവാജി ഗണേശന്റ മൂത്തമകന്‍ രാംകുമാറിന്റെ മകന്‍ ദുഷ്യന്ത് ആണ് ഈ കഥയിലെ വില്ലന്‍. ദുഷ്യന്തിന്റെ ധൂര്‍ത്തും, വിവരക്കേടുമാണ് രാംകുമാറിനെപ്പോലും ബാധിച്ചത്. ഹൈക്കോടതി നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ദുഷ്യന്ത് കോടതിയില്‍ ഹാജരായില്ല. രാംകുമാറും ദുഷ്യന്തും കോടതിയില്‍ ഹാജരായി കൃത്യമായ വിശദീകരണം നല്‍കിയിരുന്നെങ്കില്‍ ശിവാജിയുടെ കുടുംബത്തിന് ഇത്രയും വലിയ നാണക്കേട് സംഭവിക്കുമായിരുന്നില്ല. ഒടുവില്‍ ഫെബ്രുവരി 10ന് ഹരജി പരിഗണിച്ച ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസാണ്, ബംഗ്ലാവിന്റെയും അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും നാലിലൊന്ന് ഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. പണം വാങ്ങുമ്പോള്‍ രാംകുമാര്‍ കൂടി ഒപ്പിട്ടതുകൊണ്ട് അദ്ദേഹത്തിന് അവകാശമുള്ള സ്വത്ത് എന്ന നിലയിലാണ് ടി നഗറിലെ അണ്ണെ ബംഗ്ലാവ് അറ്റാച്ച് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

ഒരുവേള കോടതി ചേട്ടന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിച്ചുകുടെ എന്ന് പ്രഭുവിനോട് ചോദിച്ചിരുന്നു. അതിന് അദ്ദേഹം കൈമലര്‍ത്തുകയാണ് ഉണ്ടായത്. രാംകുമാറിന് ഒരുപാട് ബാധ്യതകള്‍ ഉണ്ടെന്നും തന്നെക്കൊണ്ട് അതൊന്നും തീര്‍ക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രഭുവിന്റെ മറുപടി. പ്രഭുവിന്റെ മകന്‍, വിക്രം പ്രഭുവും തമിഴില്‍ മാര്‍ക്കറ്റുള്ള നടനാണ്. 2012- ല്‍ ഏറെ നിരൂപക പ്രശംസ നേടിയ കുംകി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. വിക്രം പ്രഭുവും ഇപ്പോള്‍ സജീവമാണ്. കോടികളുടെ ആസ്തിയാണ് പ്രഭുവിനും കൂടുംബത്തിനുമുള്ളത്. എന്നിട്ടും എതാനും ലക്ഷങ്ങള്‍ കൊടുത്ത്, അവര്‍ സഹോദരനെ സഹായിക്കില്ല എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എന്നാല്‍ രാംകുമാറിന്റെ മുടിയനായ പുത്രനെ സഹായിച്ച് മടുത്ത് പ്രഭുവും കുടുംബവും സുല്ലിടുകയായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ എഴുതുന്നുണ്ട്.

Tags:    

Similar News