നാടകത്തിന് മാര്‍ക്കിടാന്‍ സിനിമാ സംവിധായകന്‍; മിമിക്രിക്ക് മാര്‍ക്കിടാന്‍ സിപിഎം നേതാവിന്റെ മകനും; സോഹന്‍ സീനുലാലിന്റേയും നിഷാദിന്റെയും സാന്നിധ്യം വിവാദത്തില്‍; ആദിവാസി-ഗോത്ര വിഭാഗങ്ങളിലെ ജഡ്ജിന് കുറഞ്ഞ പ്രതിഫലം; കലോത്സവത്തില്‍ എല്ലാം സുഭദ്രമെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞുവോ?

Update: 2025-01-07 07:11 GMT

തിരുവനന്തപുരം: എല്ലാം സുഭദ്രമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞുവോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക, മിമിക്രി മത്സരങ്ങളില്‍ ചലച്ചിത്ര സംവിധായകര്‍ വിധികര്‍ത്താക്കളായത് വിവാദത്തില്‍. വിധികര്‍ത്താക്കളെല്ലാം സൂപ്പറാണെന്നും ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരെ വിലക്കുമെന്നും മന്ത്രി വെല്ലുവിളിച്ചിരുന്നു. നാടകമത്സരത്തിലും മിമിക്രയിലും സംവിധായകന്‍ എം.എ.നിഷാദും, മിമിക്രിയില്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകനായ ചലച്ചിത്ര സംവിധായകന്‍ സോഹന്‍ സീനുലാലും മാര്‍ക്കിട്ടതാണു വിവാദമായത്. കൊച്ചി ഉപതിരഞ്ഞെടുപ്പില്‍ അടക്കം മത്സരിച്ച സിപിഎം നേതാവായ സീനുലാലിന്റെ മകനാണ് സോഹന്‍ സീനുലാല്‍.

ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. കലോത്സവം മികച്ച രീതിയില്‍ മുന്നേറുന്നതിനിടയില്‍ ഇത്തരം കല്ലുകടിയുണ്ടായതില്‍ മന്ത്രി അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍നിന്നു കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണു മന്ത്രി യോഗം വിളിച്ചത്. വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം കൂടുതല്‍ കര്‍ശനമാക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. നാടകമത്സരത്തിന് എം.എ.നിഷാദിനെ വിധികര്‍ത്താവാക്കിയതിനെതിരെ നാടകപ്രവര്‍ത്തകര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന എച്ച്എസ് നാടകമത്സരത്തിലും നിഷാദിനെ വിധികര്‍ത്താവായി നിശ്ചയിച്ചിരുന്നുവെങ്കിലും നാടകപ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ ഒഴിവാക്കി.

നാടകത്തിന് മാര്‍ക്കിടാന്‍ സിനിമാ സംവിധായകനെ കൊണ്ടു വന്നതാണ് വിവാദമായത്. ഇതിനൊപ്പം സോഹന്‍ സീനുലാലിന്റെ സിപിഎം ബന്ധവും ചോദ്യം ചെയ്യപ്പെട്ടു. സിനിമാ സംവിധായകനായ സോഹന്‍ സീനുലാലിന് മിമിക്രിയുമായുള്ള ബന്ധമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇത് മന്ത്രിയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ചില വിവാദങ്ങളും ഉണ്ടായി. സര്‍ക്കാരിന്റെ ശാസനയുള്ളതുകൊണ്ടാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകാത്തത്. ഇത് മന്ത്രിയും തിരിച്ചറിയുന്നു.

ആദിവാസി, ഗോത്ര കലാരൂപങ്ങളുടെ മത്സരങ്ങളിലെ വിധികര്‍ത്താക്കള്‍ക്കു മറ്റിനങ്ങളിലെ വിധികര്‍ത്താക്കളെ അപേക്ഷിച്ച കുറവ് പ്രതിഫലമാണു നല്‍കിയതെന്നും വിവാദമെത്തി. എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് വിധിനിര്‍ണയത്തെച്ചൊല്ലിയും തര്‍ക്കം ഉയര്‍ന്നു. വിധികര്‍ത്താക്കള്‍ക്കു വേണ്ടത്ര യോഗ്യത ഇല്ലെന്നും മാപ്പിളപ്പാട്ടിന്റെ ശാസ്ത്രീയ വശങ്ങളില്‍ ധാരണയില്ലെന്നും ആരോപിച്ചാണ് അധ്യാപകരും മാതാപിതാക്കളും രംഗത്തെത്തിയത്. 14 വിദ്യാര്‍ഥികളില്‍ 7 പേര്‍ക്കാണ് എ ഗ്രേഡ് ലഭിച്ചത്. ബാക്കി 7 പേര്‍ക്കും ബി ഗ്രേഡായിരുന്നു. സദസ്സിലുണ്ടായിരുന്ന മാപ്പിളപ്പാട്ട് സംഗീതജ്ഞരും രചയിതാക്കളും ഇതിനെതിരെ രംഗത്തു വന്നിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധി നിര്‍ണയത്തില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ ശക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെടല്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുമായി അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള യൂണിവേഴ്‌സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ വകുപ്പ് തീരുമാനിച്ചത്. എല്ലാ വേദികളിലും ഇന്റലിജന്‍സിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും രഹസ്യ നിരീക്ഷണമുണ്ടായിരുന്നു. ഇവരില്‍ നിന്നടക്കം വിവാദങ്ങളില്‍ ശിവന്‍കുട്ടി കാര്യങ്ങള്‍ തിരക്കും.

Tags:    

Similar News