പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് 'ധീരന്‍മാരാം പോരാളികള്‍'; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാം

പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് 'ധീരന്‍മാരാം പോരാളികള്‍'; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും

Update: 2025-03-25 03:09 GMT

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട്ടെ സൂരജിനെ വധിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും പ്രതികളെ രക്ഷിക്കാന്‍ നിയമ പോരാട്ടം തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം. ശിക്ഷിക്കപ്പെട്ടവരെ പരസ്യമായി പിന്തുണച്ച് പാര്‍ട്ടിയും അണികളും രംഗത്തുണ്ട്. ഇന്നലെ കോടതി പരിസരത്തും ജയില്‍ പരിസരത്തും നൂറുകണക്കിന് ആളുകളാണ് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തിലും നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിക്കാനെത്തി. നേതാക്കളോടൊപ്പം ജയില്‍ കാന്റീനില്‍ നിന്ന് ചായയും പലഹാരവും കഴിച്ച ശേഷമാണ് പ്രതികള്‍ ജയിലിനുള്ളിലേക്ക് കടന്നത്. പോലീസ് വാഹനത്തില്‍ നേരിട്ട് ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന ഇവരെ നേതാക്കളുടെ ആവശ്യപ്രകാരം കാന്റീനിലെത്തിക്കുകയായിരുന്നു. ചായ കഴിച്ചശേഷം തിരിച്ചെത്തുമ്പോഴേക്കും ജയില്‍കവാടത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

'ധീരന്‍മാരാം പോരാളികളേ.., കണ്ണൂരിന്റെ പോരാളികളെ, നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍, ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍' എന്ന മുദ്രാവാക്യം മുഴക്കിയാണ് തലശ്ശേരി കോടതിവളപ്പില്‍നിന്ന് ജയിലിലേക്ക് യാത്രയാക്കിയത്. എല്ലാവരും നിരപരാധികളാണെന്നും കള്ളക്കേസാണ് ചുമത്തിയതെന്നുമാണ് സിപിഎം നിലപാട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരേ അപ്പീല്‍ പോവുമെന്നും ഇവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞിരുന്നു. ജില്ലാ കമ്മിറ്റി അംഗം കാരായി രാജന്‍, ഏരിയാ സെക്രട്ടറിമാരായ സി.കെ. രമേശന്‍, എം.കെ. മുരളി, കെ. ശശിധരന്‍ തുടങ്ങി വിവിധ നേതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളായവരും ശിക്ഷിക്കപ്പെട്ടവരും കോടതി പരിസരത്തെത്തിയിരുന്നു.

സൂരജ് വധക്കേസിലെ സെഷന്‍സ് കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കോടതി തെളിവുകളും വസ്തുതകളും നോക്കിയിട്ടായിരിക്കും ഇപ്പോള്‍ ശിക്ഷ വിധിച്ചത്.

ശിക്ഷിക്കപ്പെട്ട നിരപരാധികളെ രക്ഷിക്കാനും അവരുടെ നിരപരാധിത്വം തെളിയിക്കാനും പരിശ്രമിക്കും. ഏരിയാ സെക്രട്ടറി അടക്കമുള്ള നേതാക്കളെയാണ് തെറ്റായി കേസില്‍പ്പെടുത്തിയത്. ഏരിയാ സെക്രട്ടറിയായിരുന്ന ടി.പി. രവീന്ദ്രന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടിവന്നേനെ. ലോക്കല്‍ സെക്രട്ടറിയും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. പ്രഭാകരനും സര്‍വരും അംഗീകരിക്കുന്ന കമ്യൂണിസ്റ്റുകാരനാണ്. ഇവരൊക്കെ ആളെക്കൊന്നുവെന്നു പറഞ്ഞാല്‍ ജനം അംഗീകരിക്കില്ല-ജയരാജന്‍ വ്യക്തമാക്കി.

20 വര്‍ഷത്തിന് ശേഷമാണ് സൂരജ് വധക്കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. സൂരജിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വധിക്കാന്‍ ശ്രമിച്ച കേസ് വിധിയില്‍ നിര്‍ണായകമായി. 2004 ജൂലായ് ഏഴിന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ എഫ്‌ഐആര്‍ പ്രോസിക്യൂഷനും പ്രതികളെ വെറുതേവിട്ടതിന്റെ ഉത്തരവ് പ്രതിഭാഗവും കോടതിയില്‍ ഹാജരാക്കിയിരുന്നു.

വധശ്രമക്കേസില്‍ കേസിന്റെ മെറിറ്റ് നോക്കിയല്ല പ്രതികളെ വെറുതേവിട്ടത്. പരാതിക്കാരന്‍ സൂരജ് കൊല്ലപ്പെടുകയും രണ്ട്, മൂന്ന് ദൃക്സാക്ഷികള്‍ വിദേശത്തായതിനാല്‍ വിസ്തരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കേസില്‍ തുടര്‍നടപടിയുണ്ടായില്ലെന്നാണ് ഉത്തരവില്‍ പറഞ്ഞത്. കൊലക്കേസില്‍ ഇപ്പോള്‍ ശിക്ഷിച്ച പ്രഭാകരന്‍, പദ്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവരെ അന്ന് വിട്ടയച്ചു. പ്രതികള്‍ പിഴയടച്ചാല്‍ തുക സൂരജിന്റെ അനന്തരാവകാശികള്‍ക്ക് നല്‍കണം. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപടിയെടുക്കണം.

ആക്രമണത്തില്‍ പരിക്കേറ്റ് സൂരജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളപ്പോള്‍ ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തായ സാക്ഷി കൈപ്രത്ത് അനില്‍കുമാര്‍ വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ദൃക്സാക്ഷികളായ പ്രശാന്ത്, ചന്ദ്രന്‍ എന്നിവരും കൂറുമാറി. തുടക്കത്തില്‍ 10 പ്രതികളുണ്ടായിരുന്ന കേസില്‍ തുടരന്വേഷണത്തില്‍ 12 പ്രതികളായി. തുടരന്വേഷണത്തില്‍ പ്രതികളായവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുറ്റപത്രം നല്‍കുമ്പോള്‍ രണ്ട്, അഞ്ച് പ്രതികളെ കണ്ടുകിട്ടാനുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.

അതേസമയം സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് തലശ്ശേരി കോടതിക്ക് മുന്നിലും സെന്‍ട്രല്‍ ജയില്‍ പരിസരത്തും സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം നിയമവാഴ്ചയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ നടത്തുന്ന കൊലപാതകമുള്‍പ്പെടെയുള്ള ഹീനകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്ന നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്ന പരസ്യമായ നിലപാടാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുമായ ടി.കെ. രജീഷ്, അഞ്ചാം പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനുമായ മനോരാജ് നാരായണന്‍, എന്‍.വി. യാഗേഷ്, കെ. ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി. പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപന് മൂന്നു വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ടി.കെ. രജീഷ്, എന്‍.വി. യോഗേഷ്, കെ. ഷംജിത്ത്, പി.എം. മനോരാജ്, സജീവന്‍ എന്നീ അഞ്ചു പേര്‍ക്ക് ജീവപര്യന്തം കഠിനതടവും ഗൂഢാലോചന കുറ്റം തെളിഞ്ഞ പ്രഭാകരന്‍, കെ.വി. പത്മനാഭന്‍, എം. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് അറിഞ്ഞിട്ടും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചതിനാണ് പ്രദീപന് മൂന്നു വര്‍ഷം തടവ്. രണ്ട് മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് ആയുധ നിരോധന നിയമപ്രകാരം രണ്ട് വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.

ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാര്‍ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. നേരത്തെ, ഒന്നാം പ്രതിയായിരുന്ന പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ടാണ് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

സംഭവത്തിന് ആറു മാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറു മാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു. തുടക്കത്തില്‍ പത്തു പേരായിരുന്നു കേസില്‍ പ്രതികള്‍. പിന്നീട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ കുറ്റസമ്മതമൊഴി പ്രകാരം രജീഷിനെയും മനോരാജ് നാരായണനെയും കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.

Tags:    

Similar News