സ്പര്‍ശന്‍ സ്പായില്‍ അഭിമുഖത്തിന് എത്തിയ യുവതിയോട് ജീവനക്കാരന്‍ ആവശ്യപ്പെട്ടത് ഫോട്ടോ; ഉപഭോക്താക്കളെ കാണിക്കാനാണെന്ന് വാദം; നല്‍കില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റവും സംഘര്‍ഷവും; അപ്രതീക്ഷിത ദുരനുഭവം മേയറോട് വിവരിച്ചു യുവതി; പരിശോധനയില്‍ ലൈസന്‍സില്ലെന്നും കണ്ടെത്തല്‍; സെക്രട്ടറിയേറ്റിലെ സ്പാക്ക് പൂട്ടുവീണത് ഇങ്ങനെ
സ്പര്‍ശന്‍ സ്പായില്‍ അഭിമുഖത്തിന് എത്തിയ യുവതിയോട് ജീവനക്കാരന്‍ ആവശ്യപ്പെട്ടത് ഫോട്ടോ
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പര്‍ശന്‍ സ്പായില്‍ ജോലിക്കായുള്ള അഭിമുഖത്തിന് എത്തിയ യുവതി നേരിട്ടത് അപ്രതീക്ഷിത ദുരനുഭവമാണ്. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി.
ഒരു ജോലി തേടി പോയപ്പോള്‍ ഉണ്ടായ ദുരനുഭവം യുവതി തലസ്ഥാന മേയര്‍ മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ വിവരിക്കുകയായിരുന്നു. ഇതോടെയാണ് മേയറും വിഷയത്തില്‍ ശക്തമായി ഇടപെട്ടത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്ക് എത്തി. സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു.
ഇന്നു മുതല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം വ്യാപക പരിശോധന നടത്തും. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാനാണ് മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശം. ക്രോസ് മസാജ് ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാനും നിര്‍ദേശമുണ്ട്. ജോലി അഭിമുഖത്തിനായി എത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടികളിലേക്ക് കടക്കുന്നത്.
2 മുറികളുള്ള സ്പായില്‍ ഒരു ഭാഗത്തിനു മാത്രമേ ലൈസന്‍സുള്ളൂ. മസാജ് ചെയ്യുന്ന ട്രെയ്‌നര്‍മാരുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോ ജീവനക്കാരുടെ വിവരങ്ങള്‍ അടങ്ങിയ രേഖയോ ലഭിച്ചിരുന്നില്ല. പാങ്ങോട് സ്വദേശി മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസന്‍സ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഇതെക്കുറിച്ച് അറിയില്ലെന്നാണു മൊഴി. കോര്‍പറേഷനില്‍ നിന്നോ വ്യക്തികളില്‍ നിന്നോ പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കും.
നഗരത്തില്‍ സ്പാ, മസാജ് സെന്ററുകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. സ്പാ സെന്ററുകളില്‍ ഡോക്ടര്‍മാരുള്‍പ്പെടെ വേണമെന്നാണ് നിബന്ധന. എന്നാല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പാ കേന്ദ്രങ്ങളില്‍ പലതിലും നിബന്ധന പാലിക്കുന്നില്ലെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. പുരുഷന്മാര്‍ പുരുഷന്മാരെയും സ്ത്രീകളെ സ്ത്രീകളും തന്നെയാവണം മസാജ് ചെയ്യേണ്ടത്.
എന്നാല്‍ പലയിടത്തും ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും സ്പാ ഉടമകള്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പിന്തുണയുണ്ടെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
