ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്നറിയില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്തിന് സെറ്റില്‍ എത്തില്ല; നിര്‍മ്മാതാക്കളുടെ പരാതിക്ക് പുറമേ യുട്യൂബ് ചാനല്‍ അവതാരകയെയും നടിയെയും അപമാനിച്ചെന്ന പരാതികള്‍; വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്‍

വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്‍

Update: 2024-10-07 13:31 GMT

കൊച്ചി: പ്രതിഭയാല്‍ സമ്പന്നനാണ് മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനായ ശ്രീനാഥ് ഭാസി. എന്നാല്‍, സിനിമാ സെറ്റിലെയും, അഭിമുഖങ്ങളിലെയും മറ്റും അച്ചടക്കമില്ലായ്മയുടെ പേരില്‍ ശ്രീനാഥ് പലവിധ കുരുക്കുകളില്‍ ചെന്ന് ചാടിയിട്ടുണ്ട്. ഡിജെയായും, ഗായകനായും പേരെടുത്ത ശേഷം സിനിമയില്‍ എത്തിയ നടന്‍ ഇപ്പോള്‍ കുപ്രസിദ്ധ ഗൂണ്ട ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലും പെട്ടിരിക്കുകയാണ്.

ഓംപ്രകാശ് കൊച്ചിയില്‍ താമസിച്ച ഹോട്ടല്‍മുറിയില്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരടക്കം ഇരുപതോളം പേര്‍ വന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി പാര്‍ട്ടി നടന്നോ എന്നാണ് സംശയം.

വിവാദങ്ങള്‍ ശ്രീനാഥ് ഭാസിക്ക് പുത്തരിയല്ല

യുട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ 2022 സെപ്തംബര്‍ 26ന് ശ്രീനാഥ് ഭാസിയെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപമര്യാദയായി പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പോലീസായിരുന്നു ശ്രീനാഥിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്തു.

സംഭവസമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ പോലീസ് പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയോട് മാപ്പ് പറഞ്ഞതോടെ ഈ കേസ് ഒത്തുതീര്‍പ്പായി. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് വിലക്ക് നീക്കിയത്.

നിര്‍മ്മാതാക്കളോട് കൊമ്പുകോര്‍ത്തു; വിലക്ക്

2023 ല്‍ സെറ്റില്‍ മോശമായി പെരുമാറിയതിന്റെ പേരില്‍ ഷെയ്ന്‍ നിഗത്തിന് ഒപ്പം ശ്രീനാഥ് ഭാസിക്കും വിലക്ക് നേരിട്ടിരുന്നു. സെറ്റില്‍ പ്രശ്‌നമുണ്ടാക്കുന്ന താരങ്ങളെ ഇനിയും സഹിക്കാനാകില്ലെന്ന് നിര്‍മാതാക്കള്‍ അന്ന് തുറന്നടിച്ചു. താരസംഘടനയായ അമ്മ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഫെഫ്കയുടെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുമായി സഹരിക്കേണ്ടെന്നും യോഗത്തില്‍ ധാരണയായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും അന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നു.

ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. വിളിച്ചാല്‍ ഫോണെടുക്കില്ലെന്നും, ശ്രീനാഥ് ഒരു സെറ്റിലും സമയത്തിന് എത്താറില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പരാതിപ്പെട്ടിരുന്നു.

നടിയെ അപമാനിച്ചെന്ന് കേസ്

പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരിച്ചെന്നും ആരോപിച്ചു യുവനടി ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. പിന്നീട് നടിയുടെ സത്യവാങ്മൂലം പരിഗണിച്ച് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കുകയായിരുന്നു. ജീന്‍ പോളിനെ കൂടാതെ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

മരടിലെ ലഹരി പാര്‍ട്ടിയിലും?

മരടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഞായറാഴ്ച ഉച്ചയ്ക്കാണ് കുപ്രസിദ്ധ ഗൂണ്ട ഓംപ്രകാശിനെയും കൂട്ടാളിയും കൊല്ലത്തെ മരവ്യവസായിയുമായ ഷിഹാസിനെയും പോലീസ് പിടികൂടുന്നത്. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിലാണ് ഇരുവരെയും പിടികൂടിയത്. കൊക്കെയ്നും എട്ടു ലിറ്ററോളം മദ്യവും ഇവരില്‍നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇവര്‍ ഹോട്ടലില്‍ എടുത്തിരുന്ന മൂന്നു മുറികളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വ്യക്തമായത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഓംപ്രകാശ് താമസിച്ച മുറിയില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ പോലീസ് എത്തുന്നതിന് മുമ്പ് ഹോട്ടല്‍മുറിയില്‍ സിനിമാതാരങ്ങളടക്കം പങ്കെടുത്ത ലഹരിപാര്‍ട്ടി നടന്നതായാണ് സംശയം. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു.

പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ബോബി ചലപതി എന്നയാളാണ് ഇവര്‍ക്കായി റൂമുകള്‍ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നീ ചലച്ചിത്ര താരങ്ങളും ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ,പപ്പി തുടങ്ങിയവരാണ് ഹോട്ടല്‍ റൂമുകളില്‍ ഓം പ്രകാശിനെ കാണുന്നതിനായി എത്തിയതെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയാണ് ശ്രീനാഥ് ഭാസിയുടെ സ്വദേശം. 2011 മുതല്‍ സിനിമാ രംഗത്ത് സജീവമാണ്. 2012ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ ക്രിംസണ്‍ വുഡില്‍ അംഗമാണ് ശ്രീനാഥ്. ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടി.

22 ഫീമെയില്‍ കോട്ടയം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം, പറവ, ഗൂഡാലോചന, ബി ടെക്, ഇബ്ലീസ്, കുമ്പളങ്ങി നൈറ്റ്സ്, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Tags:    

Similar News