ഇ.ശ്രീധരനെ വെട്ടാന്‍ പിണറായിയുടെ 'ആര്‍ആര്‍ടിഎസ്' തന്ത്രം; 100 കോടി ബജറ്റിലിട്ട് കെ-റെയിലിനെ കുഴിച്ചുമൂടി സര്‍ക്കാര്‍! കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ശ്രീധരന്റെ കാലുപിടിക്കാനും റെഡി; മെട്രോമാന്‍ വാക്കുപാലിച്ചില്ലെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; കേരളത്തിന്റെ അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെ
അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ സ്വപ്നങ്ങള്‍ക്ക് പുതിയ ട്രാക്ക്. വിവാദമായ കെ-റെയില്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആര്‍ആര്‍ടിഎസ് (Regional Rapid Transit System) പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. കെ-റെയില്‍ എന്ന പേരില്‍ തങ്ങള്‍ക്ക് വാശിയില്ലെന്നും കേന്ദ്രം പച്ചക്കൊടി കാട്ടുന്ന ഏത് അതിവേഗ പാതയോടും സഹകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ശീധരനെതിരെ മുഖ്യമന്ത്രി: 'മെട്രോമാന്‍' വാക്കുപാലിച്ചില്ല?
ലോക കേരള സഭയുടെ ഉദ്ഘാടന വേളയില്‍ ഇ. ശ്രീധരനെതിരെ രൂക്ഷമായ പരോക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. കേന്ദ്രത്തില്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട ശ്രീധരന്റെ വാക്ക് വിശ്വസിച്ച് പ്രൊപ്പോസല്‍ നല്‍കിയിട്ടും റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'ഒരു ദിവസം ഇ ശ്രീധരന്‍ എന്നെ കാണാന്‍ വന്നു. അധികാരകേന്ദ്രങ്ങളില്‍, കേന്ദ്ര സര്‍ക്കാരില്‍ നല്ല ബന്ധുമുള്ളയാളാണ് അദ്ദഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം വരുമെന്ന് അദ്ദേഹമടക്കം പലരും പറഞ്ഞ കാര്യമായിരുന്നു. അത്തരത്തിലുള്ള ഒരാള്‍ വന്നു പറഞ്ഞു. ഒരു പദ്ധതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കൊടുത്തിട്ടുണ്ട്. അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാണ്. സര്‍ക്കാര്‍ അത് പറഞ്ഞാല്‍ അതിന് അംഗീകാരം ലഭിക്കും. അതിവേഗ റെയില്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും പറഞ്ഞു. പക്ഷെ അദ്ദേഹത്തോട് പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. റെയില്‍വേ മന്ത്രിയെ താന്‍ ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പ്രതിനിധിയായ കെവി തോമസ് കേന്ദ്രമന്ത്രിയെ പോയി കണ്ടു. പ്രൊപ്പോസല്‍ കൊടുത്തു. അതിന് മറുപടി ഉണ്ടായില്ല. ഒരു ദിവസം ഞാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ കെവി തോമസിനെയും കൂട്ടി കേന്ദ്രമന്ത്രിയെ കണ്ടു. ഇത് നിങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഔപചാരികകമായി പ്രൊപ്പോസല്‍ നല്‍കും. ഒരിക്കല്‍ കൂടി കടലാസ് കൊടുത്തു. ഒരു മറുപടിയുമില്ല. ഇതാണ് അതിന്റെതായ അവസ്ഥ' മുഖ്യമന്ത്രി പറഞ്ഞു.
എന്തുകൊണ്ട് ആര്‍ആര്‍ടിഎസ്?
രാജ്യത്ത് ആര്‍ആര്‍ടി എന്ന ഒരുസംവിധാനം ഇപ്പോള്‍ വന്നിട്ടുണ്ട്. അത് നഗരകാര്യവകുപ്പിന്റെ കൈയിലാണ്. കഴിഞ്ഞ ദിവസം നഗരകാര്യമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ സഹായിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ പ്രൊപ്പസല്‍ തന്നാല്‍ അംഗീകരിക്കാമെന്നാണ് പറഞ്ഞത്. മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകരിച്ച് ആപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നടപടികളാണ് സ്വീകരിച്ചത്. അതിന് കുറച്ചുവര്‍ഷങ്ങള്‍ എടുക്കും. എന്നാലും നമ്മുടെ ആഗ്രഹം പൂവണിയും'- മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള കെ-റെയിലിന് പകരം കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ആര്‍ടിഎസ് കൊണ്ടുവരുന്നതില്‍ ചില തന്ത്രപരമായ നീക്കങ്ങളുണ്ട്. നഗരകാര്യ മന്ത്രാലയം ഈ പദ്ധതിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മെട്രോകളുമായുള്ള ലയനം
കൊച്ചി മെട്രോയെയും വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാകും ഇത്. പദ്ധതി നടപ്പിലാക്കാന്‍ ദീര്‍ഘകാലം വേണ്ടിവരുമെങ്കിലും വികസന അജണ്ടയില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ശ്രീധരന്റെ 'ബദല്‍' വരുന്നു; സര്‍ക്കാരിന് ചങ്കിടിപ്പ്
അതേസമയം, ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച ബദല്‍ അതിവേഗ റെയില്‍ പദ്ധതിക്ക് ഈയാഴ്ച കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര പദ്ധതിയായി ശ്രീധരന്റെ ബദല്‍ പാത വന്നാല്‍ സംസ്ഥാനത്തിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പ്രസക്തി നഷ്ടപ്പെട്ടേക്കാം. എന്നാല്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി ശ്രീധരന്റെ പദ്ധതിക്കാണെങ്കില്‍ ആ ലൈനിലേക്ക് മാറാനും സംസ്ഥാനം തയ്യാറാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
