'കുംഭമേളയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പോകണം'; സ്റ്റീവ് ജോബ്‌സിന്റെ കത്ത് ലേലത്തില്‍ വിറ്റത് 4.32 കോടി രൂപക്ക്; ടിം ബ്രൗണിനെ അഭിസംബോധന ചെയ്ത 50 വര്‍ഷം മുന്‍പ് എഴുതിയ കത്തില്‍ സെന്‍ ബുദ്ധമതത്തെ കുറിച്ച് വിശദീകരിക്കുന്നു

'കുംഭമേളയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പോകണം';

Update: 2025-01-15 06:05 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ കുംഭമേളയില്‍ പങ്കെടുക്കാനായി ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ഇന്ത്യയിലുണ്ട്. ലൊറീന്‍ പവല്‍ ഇന്ത്യയിലെത്തിയ വാര്‍ത്ത ലോകമാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. സ്റ്റീവിന്റെ ആഗ്രഹപ്രകാരമായിരുന്നും ലൊറീന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇതിനിടെ കുംഭമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് എഴുതിയ കത്ത് ലേലത്തില്‍ വിറ്റുപോയത് 4.32 കോടി രൂപക്കാണ്.

1974ല്‍ സ്റ്റീവ് ജോബ്‌സിന്റെ 19-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് കത്ത് പോസ്റ്റ്മാര്‍ക്ക് ചെയ്തത്. ഓക്ഷന്‍ ഹൗസായ ബോണ്‍ഹാംസാണ് 500,312 ഡോളറിന് (4.32 കോടി രൂപ) ലേലത്തില്‍ വിറ്റത്. ബാല്യകാല സുഹൃത്തായ ടിം ബ്രൗണിനെ അഭിസംബോധന ചെയ്ത 50 വര്‍ഷം മുന്‍പ് എഴുതിയ കത്തില്‍ സെന്‍ ബുദ്ധമതത്തെ കുറിച്ച് വിശദമായി പറയുകയും കുംഭമേളക്കായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹവും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 'ഏപ്രിലില്‍ ആരംഭിക്കുന്ന കുംഭമേളക്കായി ഇന്ത്യയിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മാര്‍ച്ചില്‍ എപ്പോഴെങ്കിലും പോകും, ഇതുവരെ ഉറപ്പില്ല.' എന്നാണ് കത്തില്‍ പറയുന്നത്. 'ശാന്തി, സ്റ്റീവ് ജോബ്‌സ്' എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ് 2025 ലെ മഹാ കുംഭമേളക്കായി ഇപ്പോള്‍ ഇന്ത്യയിലാണ്. കമല എന്ന പേരിലാണ് ലോറിന്‍ പവല്‍ അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദര്‍ശിക്കാനായിരുന്നു സ്റ്റീവ് ജോബ്സ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നൈനിറ്റാളിലെത്തിയപ്പോള്‍ നീം കരോളി ബാബ ഒരു വര്‍ഷം മുമ്പ് മരിച്ചുവെന്ന് അദ്ദേഹം അറിഞ്ഞു. തുടര്‍ന്ന് കൈഞ്ചി ധാമിലെ ആശ്രമത്തില്‍ ഏഴ് മാസത്തോളം സ്റ്റീവ് ജോബ്‌സ് ചെലവഴിച്ചു.

യു.എസില്‍ തിരിച്ചെത്തിയപ്പോള്‍ തന്നെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞില്ലെന്ന് സ്റ്റീവ് ജോബ്‌സ് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'തല മുണ്ഡനം ചെയ്ത് കോട്ടണ്‍ മേലങ്കിയാണ് ഞാന്‍ ധരിച്ചിരുന്നത്. വെയിലുകൊണ്ട് എന്റെ തൊലിയുടെ നിറമെല്ലാം മാറിയിരുന്നു. ഒരു ബുദ്ധ സന്യാസിയില്‍നിന്ന് വാങ്ങിയ ഒരു ഓറഞ്ച് മേലങ്കിയും ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു,' സ്റ്റീവ് ജോബ്‌സ് അഭിമുഖത്തില്‍ പറയുന്നു.

ഇപ്പോള്‍, സ്റ്റീവിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ്, മഹാ കുംഭമേളയില്‍ പങ്കെടുത്താണ് സ്റ്റീവിന്റെ ആഗ്രഹം നിറവേറ്റുന്നത്. തന്റെ ഗുരു സ്വാമി കൈലാസാനന്ദ ഗിരി 'കമല' എന്ന് ഹിന്ദു നാമം നല്‍കിയ ലോറീന്‍ 40 അംഗ സംഘത്തോടൊപ്പമാണ് പ്രയാഗ്രാജില്‍ എത്തിയത്. ഭര്‍ത്താവിന്റെ ആഗ്രഹം സഫലീകരിക്കുക എന്നതായിരുന്നു ആ യാത്രയ്ക്കു പിന്നിലെ പ്രധാന ലക്ഷ്യം. 'കമല' എന്ന പേരും അവര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ജനത്തിരക്ക് മൂലം ലൊറീന് ദേഹാസ്വസ്ഥ്യമുണ്ടായി.

നിലവില്‍ പ്രയാഗ് രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരിയുടെ ആശ്രമത്തില്‍ വിശ്രമത്തിലാണ് അവര്‍. ഞായാറാഴ്ച്ച വൈകീട്ടാണ് അവര്‍ ആശ്രമത്തിലെത്തിയത്. ജനുവരി 11-ന് വാരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച ലോറീന്‍ ജലാഭിഷേകം നടത്തിയിരുന്നു. അതിനുശേഷമാണ് പ്രയാഗ്രാജിലെ ആശ്രമത്തിലെത്തിയത്.

Tags:    

Similar News