ഭൂചലനത്തില്‍ കുലുങ്ങി വിറച്ച് മ്യാന്‍മാറും തായ്ലന്‍ഡും; മരണം 20ലേറെ; ബഹുനില കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നടിഞ്ഞു; റോഡുകള്‍ പൊട്ടിപിളര്‍ന്നു; മണ്ടാലെ നഗരത്തിലെ പള്ളി തകര്‍ന്നത് ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ; സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറെന്ന് മോദി
മ്യാന്‍മാറില്‍ 20 മരണം, തായ്ലന്‍ഡില്‍ രണ്ട്
യാങ്കൂണ്‍: മ്യാന്‍മാറിലും അയല്‍രാജ്യമായ തായ്‌ലഡിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ മ്യാന്‍മാറില്‍ 20 പേരും തായ്ലന്‍ഡില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മരിച്ചവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
മണ്ടാലെ നഗരത്തിലെ ഒരു പള്ളി ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മര്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
മ്യാന്‍മര്‍ തലസ്ഥാനമായ നേപിഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയില്‍ വലിയ തോതിലുള്ള ആള്‍നാശം ഉണ്ടായേക്കാമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. ഇത് നഗരത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.
തായ്‌ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകര്‍ന്നു വീണാണ് കൂടുതല്‍ മരണം സംഭവിച്ചത്. പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിര്‍മാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ 43 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടം തകര്‍ന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. മ്യാന്‍മാറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് (12.50) മ്യാന്‍മറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പട്ടാള ഭരണമുള്ള മ്യാന്‍മറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്.
സഹായിക്കാന്‍ ഇന്ത്യ തയ്യാര്‍
മ്യാന്‍മാറിലും തായ്‌ലന്‍ഡിലുമുള്ള ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
'മ്യാന്‍മാറിലും തായ്‌ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. മ്യാന്‍മറിലും തായ്‌ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു,' അദ്ദേഹം കുറിച്ചു.