നരവനെയുടെ പുസ്തകവും ചൈനീസ് കടന്നുകയറ്റവും ചര്‍ച്ചയാകുമോ? 'ദി കാരവന്‍' പ്രസിദ്ധീകരിച്ച വിവാദ ലേഖനം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചതിന് പിന്നാലെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന്റെ പ്രഭാഷണം വിലക്കി പാലാ സെന്റ് തോമസ് കോളേജ്; തടഞ്ഞതിലൂടെ ജനാധിപത്യത്തിന്റെ അവസ്ഥ വെളിപ്പെട്ടെന്ന് വിനോദിന്റെ പരിഹാസം
വിനോദ് കെ ജോസിന്റെ പ്രഭാഷണം വിലക്കി പാലാ സെന്റ് തോമസ് കോളേജ്
കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ നടക്കാനിരുന്ന പ്രഭാഷണ പരിപാടിയില്‍ 'ദി കാരവന്‍' മുന്‍ എഡിറ്റര്‍ വിനോദ് കെ. ജോസിന് നല്‍കിയിരുന്ന ക്ഷണം കോളജ് മാനേജ്മെന്റ് പിന്‍വലിച്ചു. 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തില്‍ ഫെബ്രുവരി അഞ്ചിന് സംസാരിക്കാനായിരുന്നു വിനോദ് കെ. ജോസിനെ ക്ഷണിച്ചിരുന്നത്. താന്‍ ഒരു വിവാദ വ്യക്തിത്വമാണെന്നും കോളജ് മാനേജ്മെന്റും പ്രിന്‍സിപ്പലും തന്റെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചാണ് ക്ഷണം പിന്‍വലിച്ചതെന്ന് വിനോദ് കെ. ജോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
താന്‍ ഒരു വാക്കുപോലും ഉച്ചരിക്കാതെ തന്നെ പ്രഭാഷണം നടന്നെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ വിശദീകരിക്കപ്പെട്ടുവെന്നും വിനോദ് കെ. ജോസ് പരിഹാസരൂപേണ പ്രതികരിച്ചു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങള്‍ തടയുന്ന ആര്‍.എസ്.എസ്.-ബി.ജെ.പി. നിലപാടുകളെ പിന്തുടരുന്നുണ്ടെന്നും, ഇത് ഹിന്ദു വലതുപക്ഷത്തിന് കേരളത്തില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. തുറന്നുകാട്ടേണ്ട ആശയങ്ങളും അനുഭവങ്ങളും ഒരു മാനേജ്മെന്റ് സെന്‍സര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍, വിദ്യാഭ്യാസ ഗുണമേന്മയെക്കുറിച്ച് എന്തിനാണ് പരാതിപ്പെടുന്നതെന്നും വിനോദ് കെ. ജോസ് ചോദ്യമുയര്‍ത്തി.
വിവാദമായ മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവനെയുടെ പുസ്തക ഭാഗങ്ങള്‍ 'ദി കാരവന്‍' ആണ് പുറത്തുവിട്ടത്. രാഷ്ട്രീയ അനുമതി വൈകിയതിനെ തുടര്‍ന്ന് ലഡാക്കില്‍ ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് നല്‍കിയെന്നും, സേനയുമായി കൂടിയാലോചിക്കാതെ അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായിരുന്നു ഈ പുസ്തക ഭാഗങ്ങള്‍. 'ദി കാരവന്‍' പ്രസിദ്ധീകരിച്ച ഈ ലേഖനം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ചൈനയ്ക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 2023-24 കാലഘട്ടങ്ങളില്‍ നിരവധി ലേഖനങ്ങള്‍ 'ദി കാരവന്‍' പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വിനോദ് കെ. ജോസ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞിരുന്നു.
വിനോദ് കെ. ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'ഇന്ന് എനിക്ക് ആദ്യമായി ഒരു 'ക്ഷണം പിന്‍വലിക്കല്‍' (disinvitation) ലഭിച്ചിരിക്കുന്നു. നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ പതിവായി ഉണ്ടാകാറുണ്ട് എന്നെനിക്കറിയാം. എങ്കിലും ആദ്യത്തേത് എപ്പോഴും മധുരതരമാണ്; നിങ്ങളുടെ സാന്നിധ്യം പോലും ചിലരെ അസ്വസ്ഥരാക്കുന്നു എന്ന് തിരിച്ചറിയുന്ന നിമിഷമാണത്.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ കോളജുകളില്‍ ഒന്നായ പാലാ സെന്റ് തോമസ് കോളജ്, അവിടെ മുന്‍പ് അധ്യാപകനായിരുന്ന ടി.സി. തോമസിന്റെ സ്മരണാര്‍ത്ഥം വര്‍ഷംതോറും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തില്‍ സംസാരിക്കാനായിരുന്നു എനിക്ക് ക്ഷണം. തമാശയെന്തെന്നാല്‍, ഈ ക്ഷണം പിന്‍വലിക്കപ്പെട്ടതോടെ പാലാ വരെ യാത്ര ചെയ്യേണ്ടി വന്നില്ല എന്ന ആശ്വാസത്തോടൊപ്പം ഞാന്‍ ഒരു വാക്കുപോലും ഉച്ചരിക്കാതെ തന്നെ ആ പ്രഭാഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്താണെന്ന് ഇതിലൂടെ കൃത്യമായി വിശദീകരിക്കപ്പെട്ടു.
ഞാന്‍ ഒരു 'വിവാദ വ്യക്തിത്വ'മാണെന്നും, അതിനാല്‍ മാനേജ്മെന്റും പ്രിന്‍സിപ്പലും എന്നെ ക്യാമ്പസില്‍ പ്രവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇന്ന് രാവിലെ എനിക്ക് ലഭിച്ച സന്ദേശം.
കത്തോലിക്കാ രൂപതയുടെ കീഴിലുള്ള കോളജാണ് പാലാ സെന്റ് തോമസ്. നാം ജീവിക്കുന്നത് രസകരമായ കാലത്താണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ എല്ലാവരുമല്ലെങ്കിലും, ഒരു വിഭാഗമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങള്‍ തടയുന്ന കാര്യത്തില്‍ ആര്‍എസ്എസ്-ബിജെപി നിലപാടിനൊപ്പം ചേര്‍ന്ന് നഖശിഖാന്തം പ്രവര്‍ത്തിക്കുന്നു. അതിന്റെ പരമാവധിയില്‍, ഹിന്ദു വലതുപക്ഷത്തിന് കേരളത്തില്‍ കാലുറപ്പിക്കാന്‍ അവര്‍ സഹായം ചെയ്തുകൊടുക്കുകയും ചെയ്യുന്നു.
ഇക്കാലത്ത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളില്‍ നിന്ന് സ്ഥിരമായി കേള്‍ക്കുന്ന ഒരു പരാതിയാണ് തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം കുറയുന്നു എന്നത്. എന്നാല്‍ ആ കോളജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗുണനിലവാരം എത്രത്തോളമുണ്ടെന്നതാണ് ചോദ്യം. സോഷ്യല്‍ സയന്‍സ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായ പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും സെന്‍സര്‍ ചെയ്യാന്‍ ഒരു മാനേജ്മെന്റ് തീരുമാനിക്കുമ്പോള്‍, പിന്നെ എന്തിനാണ് അവര്‍ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെടുന്നത്? ആശയങ്ങള്‍ക്കായി രക്തസാക്ഷിത്വം വരിച്ച സെന്റ് തോമസിന്റെ പേരില്‍ നാം വെറും മുട്ടകളാണോ വിരിയിച്ചെടുക്കേണ്ടത്?'
അതേസമയം, രാഷ്ട്രീയ വിവാദങ്ങള്‍ ഒഴിവാക്കാനാണ് പാലാ സെന്റ് തോമസ് കോളേജ് അധികൃതര്‍ ഈ തീരുമാനം എടുത്തതെന്നാണ് സൂചന.
