പ്രശാന്ത് കിഷോറിന്റെ കളരിയില്‍ 'അങ്കം' പഠിച്ച സുബദേവ്; മമതയ്ക്കും കെജ്രിവാളിനും ജഗ്മോഹനും തന്ത്രമൊരുക്കിയ പ്രധാനി; മുഖ്യമന്ത്രിയുടെ ഓഫീസിലും 'ക്ലോസ് റിലേഷന്‍'; ഹിന്ദുവിലെ 'തിരുത്ത്' സുബ്രഹ്‌മണ്യം വക; അടിമുടി ദുരൂഹമായി ആ അഭിമുഖം തുടരുമ്പോള്‍

കഴിഞ്ഞവര്‍ഷമാണ് സുബ്രഹ്‌മണ്യന്‍ റിലയന്‍സിലെത്തിയത്

Update: 2024-10-03 03:24 GMT

തിരുവനന്തപുരം: ദി ഹിന്ദുവുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖ വേളയിലെ റിലയന്‍സ് ഉദ്യോഗസ്ഥനായ ടി.ഡി.സുബ്രഹ്‌മണ്യന്റെ സാന്നിധ്യം ചര്‍ച്ചകളില്‍. സിപിഎം എംഎല്‍എയായിരുന്ന ടികെ ദേവകുമാറിന്റെ മകനാണ് സുബ്രഹ്‌മണ്യം. ഇതിന് അപ്പുറം മുന്‍ എസ് എഫ് ഐ നേതാവുമാണ്. അഭിമുഖത്തിനു സൗകര്യമൊരുക്കിയ കെയ്‌സന്‍ ഗ്ലോബല്‍ എന്ന പിആര്‍ ഏജന്‍സിയുടെ ഭാഗം പോലുമല്ല സുബ്രഹ്‌മണ്യം. ഈ വ്യക്തിയാണ് വിവാദ ഭാഗങ്ങള്‍ അഭിമുഖത്തില്‍ എഴുതി ചേര്‍ത്തത്. കഴിഞ്ഞവര്‍ഷമാണ് സുബ്രഹ്‌മണ്യന്‍ റിലയന്‍സിലെത്തിയത്. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടെന്നും സൂചനകളുണ്ട്.

അഭിമുഖത്തിനുശേഷം, മുഖ്യമന്ത്രി മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിക്കുകയും മുഖ്യമന്ത്രിക്കൊപ്പം കേരള ഹൗസിലുണ്ടായിരുന്ന സുബ്രഹ്‌മണ്യന്‍ ഇക്കാര്യം എഴുതിത്തയാറാക്കി പത്രത്തിനു നല്‍കുകയുമായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഹിന്ദു പ്രതിനിധിക്ക് അഭിമുഖം നല്‍കുമ്പോള്‍ യാദൃച്ഛികമായി അവിടെ എത്തിയെന്നാണു സുബ്രഹ്‌മണ്യന്‍ സുഹൃത്തുക്കളോടു പറയുന്നത്. പക്ഷേ എങ്ങനെയാണ് അത്തരമൊരു വ്യക്തി തിരുത്ത് നിര്‍ദ്ദേശിച്ചതെന്നത് ദുരൂഹമായി തുടരുന്നു.

ഹരിപ്പാട് മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാറിന്റെ മകനാണ് സുബുദേവ് എന്നുവിളിക്കപ്പെടുന്ന സുബ്രഹ്‌മണ്യന്‍. ദേശീയനേതൃത്വത്തിലുള്ള സി.പി.എം. നേതാക്കളുമായി ഉള്‍പ്പെടെ ഇയാള്‍ക്കുള്ള അടുപ്പവും പുറത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ഏറെ സൗഹൃദമുള്ളയാളാണ് മുന്‍ എസ്.എഫ്.ഐ. നേതാവ് കൂടിയായ സുബു. അതുവഴി, മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പി.ആര്‍. ദൗത്യത്തിന് സുബുവിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

ഹരിയാനയിലെ ഒപി ജിന്‍ഡല്‍ സര്‍വകലാശാലയില്‍നിന്നു പബ്ലിക് പോളിസിയില്‍ പിജി പൂര്‍ത്തിയാക്കിയ സുബ്രഹ്‌മണ്യന്‍ 2018 ല്‍ ആണ് പ്രൊഫഷണല്‍ ജീവിതം തുടങ്ങിയത്. തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപാക്കിലായിരുന്നു തുടക്കം. അതിന് ശേഷം സ്വതന്ത്ര പി ആര്‍ പ്രവര്‍ത്തനം ഏറ്റെടുത്തു്. കേരള കോണ്‍ഗ്രസ് (എം)നു വേണ്ടിയും കേരളത്തില്‍ പ്രചരണ പ്രവര്‍ത്തനം ഏറ്റെടുത്തു. സിപിഎമ്മില്‍നിന്നു പുറത്താവുകയും പിന്നീട് കോണ്‍ഗ്രസിലും തുടര്‍ന്ന് കേരള കോണ്‍ഗ്രസിലും (എം) എത്തിയ പ്രമോദ് നാരായണന്‍ എംഎല്‍എയുമായി അടുത്ത സൗഹൃദമുണ്ട്.

പിആര്‍ ഏജന്‍സിയായ കെയ്‌സന്റെ പ്രസിഡന്റ് നിഖില്‍ പവിത്രന്റെ കുടുംബവേരുകള്‍ മാഹിയിലാണ്. മാഹിയിലെ പരേതനായ കണ്ടോത്ത് പവിത്രന്റെ മകനാണ്. കൂനൂരില്‍ ടീ പ്ലാന്റേഷന്‍ ഉടമയായിരുന്ന പവിത്രന്‍ പിന്നീട് കുടുംബസമേതം മുംബൈയിലേക്കു താമസം മാറ്റി. സിപിഎമ്മുമായി രാഷ്ട്രീയ ബന്ധം നിഖിലിന് ഇല്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ സുബുവിന്റെ സഹായം സി.പി.എമ്മിനു ലഭിച്ചിരുന്നു. സുബു മുന്‍കൈയെടുത്തുതന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി അഭിമുഖങ്ങള്‍ സംഘടിപ്പിക്കാന്‍ കൈസണ്‍ രംഗത്തിറങ്ങുന്നത്.

നാല് ഇംഗ്ലീഷ് ദിനപത്രങ്ങളിലെ ലേഖകരെ അഭിമുഖത്തിനായി ക്ഷണിച്ചു. 'ദ ഹിന്ദു' റിപ്പോര്‍ട്ടര്‍ക്ക് സെപ്റ്റംബര്‍ 29-ന് രാവിലെ അരമണിക്കൂര്‍ കേരളഹൗസില്‍വെച്ച് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ലഭിക്കാത്തവര്‍ക്ക് കേരളത്തിലെത്തി അഭിമുഖത്തിന് അവസരമൊരുക്കാമെന്നും വാഗ്ദാനം നല്‍കി. ഇതിനെല്ലാം ഇടനിലക്കാരനായിരുന്നു ടി.ഡി. സുബ്രഹ്‌മണ്യം എന്നാണ് പുറത്തു വരുന്ന വിവരം.

പ്രശാന്ത് കിഷോറിന്റെ ഐ പാക്കിന്റെ സ്ട്രാറ്റജി റിസര്‍ച്ച് ടീം മേധാവിയായി പ്രവര്‍ത്തിച്ച സുബ്രഹ്‌മണ്യം അരവിന്ദ് കെജ് രിവാള്‍, മമതാ ബാനര്‍ജി, ജഗന്‍മോഹന്‍ റെഡ്ഢി തുടങ്ങിയ നേതാക്കള്‍ക്കുവേണ്ടിയൊക്കെ പ്രവര്‍ത്തിച്ചു. പിന്നീട് റിലയന്‍സിലേക്കുമാറി. സെക്കന്തരാബാദില്‍ ഇഫ്‌ളു (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി) വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു.

Tags:    

Similar News