സ്വര്‍ണ്ണ കടത്തിനെ വേരോടെ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി; കസ്റ്റംസിലെ അനുഭവ പരിചയം മാഫിയയെ വിറപ്പിച്ചു; മയക്കു മരുന്നിലും ഇടപെടല്‍; മരംമുറിയും കടത്തും ബലാത്കാരവും ആരോപിച്ച് അന്‍വര്‍ എത്തിയത് തെളിവില്ലാതെ; സര്‍വ്വീസില്‍ തിരിച്ചെത്തി സുജിത് ദാസ്; 'അന്‍വര്‍ പക' പൊളിയുമ്പോള്‍

Update: 2025-03-07 03:33 GMT

തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ തസ്തിക നല്‍കാതെ തിരിച്ചെടുത്തത് പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലുള്ളതാണെന്ന് കൂടി തിരിച്ചറിഞ്ഞാണ് നീക്കം. ആ ഫോണ്‍ വിളിക്ക് പിന്നിലും ചില ഗൂഡാലോചനകളുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. മലപ്പുറത്ത് മയക്കുമരുന്ന്-സ്വര്‍ണ്ണ കടത്ത് മാഫിയയ്ക്കെതിരെ കര്‍ശന നടപടികള്‍ സുജിത് ദാസ് എടുത്തിരുന്നു. ഇതിലെ പകയാണ് എല്ലാത്തിനും കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുജിത് ദാസിന്റെ തിരിച്ചെടുക്കല്‍.

ആറു മാസം നീണ്ട സസ്പെന്‍ഷന്‍ കാലാവധിക്കു ശേഷമാണ് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. പി.വി. അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ക്യാംപ് ഓഫിസിലെ മരംമുറി കേസില്‍ അടക്കം വിജിലന്‍സ് അന്വേഷണം നടത്തി. അന്‍വറില്‍ നിന്നും തെളിവു ശേഖരണവും നടത്തി. എന്നാല്‍ വ്യക്തമായ തെളിവുകളൊന്നും കിട്ടിയില്ല. ഇതിനൊപ്പം മലപ്പുറം കേന്ദ്രീകരിച്ച് പോലീസിനെതിരെ നടന്ന ഗൂഡാലോചനയുടെ തെളിവുകളും പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. സെപ്റ്റംബര്‍ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. ആറു മാസത്തിന് അപ്പുറത്തേക്ക് സസ്പെന്‍ഷനില്‍ നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് തിരിച്ചെടുക്കല്‍.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണവും വന്നു. ഇതിനൊപ്പം ബലാത്സംഗ പരാതി പോലും എത്തി. ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു. ഇതോടെ അന്‍വര്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖയ്ക്ക് അര്‍ത്ഥമില്ലാതെയായി. ഭരണപക്ഷത്തെ എംഎല്‍എ എന്ന നിലയില്‍ അന്‍വറിനെ വിശ്വസിച്ചിടത്താണ് സുജിത് ദാസിന് പിഴച്ചതെന്നും വ്യക്തമായി. രാഷ്ട്രീയ ഗൂഡാലോചന അടക്കം പിന്നീട് തെളിഞ്ഞു. എന്നാല്‍ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞതുമില്ല. സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് ഇത്തരം നടപടികള്‍ക്ക് തടസമാവില്ലെന്നാണ് ലഭ്യമായ വിവരം. സുജിത് ദാസിനേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ഉത്തരേന്ത്യന്‍ ഐപിഎസുകാരന് സ്വര്‍ണ്ണ കടത്തിലെ ഇടപെടലില്‍ താല്‍പ്പര്യമില്ലായിരുന്നു. ഉയര്‍ന്ന റാങ്കിലുള്ള പലരും സ്വര്‍ണ്ണ കളളക്കടത്തിലെ നടപടികളെ തടയാനും ശ്രമിച്ചു. ഇതെല്ലാം കണക്കിലെടുക്കാതെയാണ് സുജിത് ദാസ് മുമ്പോട്ട് പോയത്. ഇതെല്ലാം സുജിത് ദാസിനെതിരായ കരുനീക്കങ്ങളില്‍ നിര്‍ണ്ണായകമായെന്ന വിലയിരുത്തല്‍ ഇപ്പോള്‍ സേനയില്‍ തന്നെയുണ്ട്.

കോട്ടയം മുട്ടമ്പലത്തെ സര്‍ക്കാര്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ, സമീപത്തെ കലക്ടര്‍ ബംഗ്ലാവിലേക്ക് പോകുന്ന ജില്ലാ കലക്ടറുടെ വാഹനത്തോട് തോന്നിയ ആരാധനയാണ് സുജിത് ദാസിന്റെയുള്ളില്‍ സിവില്‍ സര്‍വീസ് മോഹത്തിന് തിരികൊളുത്തിയത്. കോട്ടയം കഞ്ഞിക്കുഴിക്കടുത്തുള്ള മടുക്കാനിയിലെ വാടക വീട്ടില്‍ താമസിച്ചാണ് അങ്കണവാടി അധ്യാപികയുടെ മകന്‍ ആ ആഗ്രഹം നേടിയെടുത്തത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം സ്വകാര്യ കമ്പനികളില്‍ ജോലി. പിന്നീട് സെന്‍ട്രല്‍ എക്‌സൈസില്‍ ഇന്‍സ്‌പെക്ടറായി. തുടര്‍ന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരുവില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസില്‍ ഇന്‍സ്‌പെക്ടറായിരിക്കെയാണ് 2015ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ എത്തുന്നത്. 679ാം റാങ്ക് സ്വന്തമാക്കിയാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. 2017 ല്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ ഹൗസ് ഓഫിസറായി പരിശീലനം ആരംഭിച്ച സുജിത് ദാസ് എറണാകുളം റൂറല്‍, നര്‍ക്കോട്ടിക് സെല്‍, അഗളി, നെടുമങ്ങാട് എന്നിവിടങ്ങളില്‍ എഎസ്പിയായി പ്രവര്‍ത്തിച്ചു. 2018ല്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി. അവിടെ നിന്ന് പാലക്കാട് എസ്.പിയുടെ കസേരയില്‍. 2021ല്‍ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരത്തിനും സുജിത് അര്‍ഹനായി. അതേവര്‍ഷം മലപ്പുറത്ത് ജില്ല പൊലീസ് മേധാവിയായി എത്തി.

കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തുന്നവരെ തുടര്‍ച്ചയായി പിടികൂടി മലപ്പുറത്ത് ചലനം സൃഷ്ടിച്ചു. കസ്റ്റംസില്‍ പ്രവര്‍ത്തിച്ചുള്ള പരിചയത്തിന്റെ ബലത്തിലാണ് ഈ ഓപ്പറേഷനുകള്‍ വിജയകരമായി നടത്തിയത്. മയക്കുമരുന്ന ലോബിയേയും തച്ചുടയ്ക്കാന്‍ ഇറങ്ങി. ഇതോടെ പി.വി.അന്‍വര്‍ ആരോപണവുമായി എത്തി. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് അടിത്തറയുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിച്ചു. പക്ഷേ ഒന്നും അവര്‍ക്ക് കണ്ടെത്താന്‍ ആയില്ലെന്നതാണ് വസ്തുത.

Similar News