സുകാന്ത് സുരേഷിന് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവും; യുവതി ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി; മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു; നിരവധി ആരോപണങ്ങള്‍ക്ക് തെളിവ്; വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് കോടതി
സുകാന്ത് സുരേഷിന് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവും
കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുകാന്തിനുേേനരയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന് സംശയിക്കുന്നതായും ഉത്തരവില്‍ പറയുന്നു. ഇതോടെ സുകാന്തിന് മേലുള്ള ആത്മഹത്യാ കേസില്‍ കുരുക്കു മുറുകുമെന്ന് ഉറപ്പായി.
ഫോണ്‍, ബാങ്ക്, മെഡിക്കല്‍ രേഖകളും വാട്‌സാപ്പ് ചാറ്റും പരിശോധിച്ചതില്‍നിന്ന് ഹര്‍ജിക്കാരനുനേരേയുള്ള ആരോപണം ബലപ്പെടുന്നതായി കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പമുണ്ടെന്നും ശാരീരികബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് അലസിപ്പിക്കാന്‍ ഭാര്യയാണെന്ന് തെളിയിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. മരിക്കാന്‍ പ്രേരിപ്പിച്ച് സന്ദേശം അയച്ചു.
ഹര്‍ജിക്കാരന് യുവതിയുടെ മേല്‍ സ്വാധീനമുണ്ടായിരുന്നു. അവരുടെ ശമ്പളം പൂര്‍ണമായും സ്വന്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യംനല്‍കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസയമം കേസിലെ നിര്‍ണായകതെളിവായ വാട്‌സാപ്പ് ചാറ്റ് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് ചാറ്റ് പുറത്തുവന്നത്. കേസ് വാദിക്കുമ്പോള്‍ ഇതിലെ വാക്കുകളൊന്നും പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. മറ്റേതോ സ്രോതസ്സില്‍നിന്നാണ് വിവരം ചോര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൊച്ചി ഡിസിപി ഓഫിസില്‍ കീഴടങ്ങിയ സുകാന്തിനെ ഇന്ന് ഏറ്റുവാങ്ങി രാത്രിയോടെ പേട്ട സ്റ്റേഷനിലെത്തിച്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടു മാസത്തോളമായി വിവിധ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് വ്യാപകതിരച്ചില്‍ നടത്തിയിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ തൊടാന്‍ പോലും പൊലീസിനു കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഐബി ഉദ്യോഗസ്ഥയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടതോടെയാണ് കേസ് കൂടുതല്‍ ഊര്‍ജിതമായത്.
തുടര്‍ന്ന് സുകാന്ത് സുഹൃത്തായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന തരത്തില്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി കോടതി സുകാന്തിന്റെ ജാമ്യഹര്‍ജി തള്ളിയത്. താന്‍ നിരപരാധിയാണെന്ന സുകാന്തിന്റെ വാദം കോടതി തള്ളി.
ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തിനു പിന്നില്‍ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വഭാവികമരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. കുടുംബം ആരോപണം ഉന്നയിക്കുകയും ആ വഴിക്ക് അന്വേഷണം നീളുകയും ചെയ്തതോടെ സുകാന്തും കുടുംബവും ഒളിവില്‍ പോയി. ഇതിനിടെ മകള്‍ ലൈംഗികചൂഷണത്തിന് ഇരയായതായി യുവതിയുടെ പിതാവ് തെളിവുകള്‍ പൊലീസിനു നല്‍കി. തുടര്‍ന്ന് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയ സുകാന്തിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല.
രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പല ജില്ലകളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുകാന്തിന് ജാമ്യഹര്‍ജി നല്‍കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് സുകാന്തിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ കേസില്‍ പ്രതികള്‍ അല്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനിടെ പലതവണ സുകാന്ത് കോടതിയില്‍ എത്തിയെങ്കിലും കാര്യമുണ്ടായില്ല. സുകാന്തിന് എതിരായ നിലപാടാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.