'സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കണം'; മലയാള സിനിമയില്‍ നിര്‍മാതാക്കളും സൂപ്പര്‍താരങ്ങളും തമ്മിലടിക്കുമ്പോള്‍ ചര്‍ച്ചയായി നടന്‍ സുകുമാരന്റെ അഭിമുഖം; സൂപ്പര്‍താര പ്രതിഫലത്തില്‍ പൃഥ്വിരാജ് അടക്കം മറുവശത്ത് നില്‍ക്കുമ്പോള്‍ വൈറലായി 35 വര്‍ഷം മുമ്പുള്ള വാര്‍ത്ത

'സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കണം'

Update: 2025-02-15 14:29 GMT

തിരുവനന്തപുരം: താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തില്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മാതാവ് ജി സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രംഗത്തുണ്ട്. നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗവുമായ ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ പ്രതികരണവുമായ എത്തിയതിന് പിന്നാലെ നിരവധി പേരാണ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തിയത്. പൃഥ്വിരാജ് സുകുമാരന്‍ അടക്കമുള്ളവരും ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ മലയാള സിനിമയിലെ പ്രബലമായ രണ്ടു ചേരികള്‍ തമ്മിലാണ് പോരടിക്കുന്നത്.

ഇതിനിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇന്ന് മലയാള സിനിമയുടെ സൂപ്പര്‍താരമായി മാറിയ പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്റ പഴയൊരു അഭിമുഖമാണ്. മലയാള സിനിമയിലെ പ്രതിസന്ധി മുന്നില്‍ കണ്ട് കൊണ്ട് സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് കാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് നടനും നിര്‍മാതാവുമായ സുകുമാരന്റെ പരാമര്‍ശം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. പ്രതിസന്ധി നേരിടുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം നിയന്ത്രിക്കണമെന്ന് 1988 -89 കാലയളവില്‍ റാന്നിയില്‍വെച്ച് മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ പറഞ്ഞിരുന്നു. ഇപ്പോല്‍ പൃഥ്വിരാജ് അടക്കം താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാവശ്യപ്പെട്ട സുരേഷ് കുമാറിനെ വിമര്‍ശിക്കുമ്പോഴാണ് സുകുമാരന്റെ വാക്കുകള്‍ ശ്രദ്ദേയമാകുന്നത്.

അന്നത്തെ അഭിമുഖത്തില്‍ വളരെ വ്യക്തമായാണ് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് സുകുമാരന്‍ പറഞ്ഞത്. 'ടെലിവിഷനുമായുള്ള മത്സരം വന്നപ്പോള്‍ സിനിമയുടെ സാങ്കേതിക മെച്ചപ്പെടുത്തേണ്ടതായി വന്നിരിക്കുകയാണ്. അതിന്റെ ചിലവ് ചുരുക്കാനാവില്ല. താരങ്ങളെ പിടിച്ചു നിര്‍ത്തുകയാണ് ഏക പോംവഴി. മലയാളത്തില്‍ നാല് ലക്ഷവും അതിലധികവും പ്രതിഫലം വാങ്ങുന്നവരുണ്ട്. ഇവരെ നിയന്ത്രിച്ചാല്‍ നിര്‍മാണ ചിലവുകള്‍ ഒരു പരിധിവരെ ചുരുക്കാം. കേരളത്തില്‍ വലിയ നിര്‍മാതാക്കളെന്ന് പറയാന്‍ 15 പേര്‍ മാത്രമേയുള്ളൂ. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കില്ലെന്ന് ഇവര്‍ കൂട്ടായി തീരുമാനിച്ചാല്‍ മതി. ആരെങ്കിലും അഭിനയം വേണ്ടെന്ന് വെക്കുമോ?'


 



'ആന്ധ്രയില്‍ സൂപ്പര്‍സ്റ്റാറിന്റെ പ്രതിഫലം 25 ലക്ഷം വരെ ഉയര്‍ന്നപ്പോള്‍ അവിടെ നിര്‍മാതാക്കള്‍ കൂടി തീരുമാനിച്ചു ഇനി ആര്‍ക്കും നാല് ലക്ഷം രൂപയിലധികം കൊടുക്കില്ല. ഇപ്പോള്‍ ഈ തുകയ്ക്ക് അഭിനയിക്കാന്‍ അവിടെ ഏത് സൂപ്പര്‍സ്റ്റാറും തയ്യാര്‍. അത് ഇവിടെയും ഉണ്ടാകണം', ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ പറഞ്ഞു. ഈ അഭിമുഖത്തിന്റെ പത്രക്കട്ടിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്.

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ജി സുരേഷ്‌കുമാറിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ പ്രഖ്യാപനം.

മലയാള സിനിമയിലെ യുവതാരങ്ങളെ വിമര്‍ശിച്ചെത്തിയ സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തുവന്നിരുന്നു. 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തി.


Full View

മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകള്‍ നിര്‍മാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ആന്റണി പെരുമ്പാവൂര്‍ രംഗത്തുവന്നത്. ഒരു സംഘടനയെ പ്രതിനിധീകരിച്ചു പറയേണ്ട കാര്യങ്ങളല്ല പൊതുസമക്ഷം സുരേഷ് കുമാര്‍ അവതരിപ്പിച്ചതെന്നും ഈ പ്രവണത മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

''ജൂണ്‍ ഒന്ന് മുതല്‍ നിര്‍മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.''ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍.

Similar News