'പാര്‍ട്ടി ലൈനില്‍ നിന്ന് മാറിയിട്ടില്ല, തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു'; അദ്വാനിയുടെ പിറന്നാളിന് പോയത് സംസ്‌കാരത്തിന്റെ ഭാഗം; നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; എന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടാകും; നിലപാട് പറഞ്ഞ് തരൂര്‍; ലക്ഷ്യ ക്യാമ്പില്‍ മുഴുവന്‍ സമയം പങ്കെടുത്ത നേതാവ് പൂര്‍ണ്ണമായും പാര്‍ട്ടി വഴിയില്‍
'പാര്‍ട്ടി ലൈനില്‍ നിന്ന് മാറിയിട്ടില്ല, തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു
ന്യൂഡല്‍ഹി: സുല്‍ത്താല്‍ ബത്തേരിയില്‍ നടന്ന ലക്ഷ്യ ക്യാമ്പില്‍ കണ്ടത് മുതിര്‍ന്ന നേതാവ് ശശി തരൂര്‍ അടിമുടി പാര്‍ട്ടിക്കാരനാകുന്ന കാഴ്ച്ച. ക്യാമ്പില്‍ ആദ്യാവസാനം പങ്കെടുത്ത തരൂര്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനുള്ള പരിശ്രമത്തില്‍ താന്‍ മുന്നിലുണ്ടാകുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയാണ് മടങ്ങിയത്. താന്‍ പാര്‍ട്ടി ലൈനില്‍നിന്ന് മാറിയിട്ടില്ലെന്നും ചില കാര്യങ്ങളില്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ദേശീയ നേതൃത്വത്തിനു വേണ്ടി ഞാന്‍ മത്സരിച്ചു, തോറ്റു. അതോടെ അക്കഥ തീര്‍ന്നു. 17 വര്‍ഷമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷം തെറ്റിദ്ധാരണയുടെ പുറത്ത് പുറത്തേക്ക് പോകേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയിട്ടില്ലെന്നും അദ്വാനിയുടെ പിറന്നാളിന് പോയത് പ്രായമുള്ള ആളോടുള്ള ബഹുമാന സൂചകമായാണെന്നും അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തരൂര്‍ പറഞ്ഞു.
''പാര്‍ട്ടി എപ്പോഴും എന്റൊപ്പം നില്‍ക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ പാര്‍ട്ടി ലൈന്‍ വിട്ടെന്ന് ആരാണ് പറഞ്ഞത്? ചില കാര്യങ്ങളില്‍ ഞാന്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും ബേസിക് ലൈനില്‍നിന്ന് ഒരിക്കലും മാറിയിട്ടില്ല. ഭൂപക്ഷം വിഷയങ്ങളിലും പാര്‍ട്ടിക്കും എനിക്കും ഒരേ അഭിപ്രായമാണുള്ളത്. പാര്‍ലമെന്റിലെ എന്റെ പ്രസംഗങ്ങളും മന്ത്രിമാരോടുള്ള ചോദ്യങ്ങളും നോക്കിക്കോളൂ. എല്ലാത്തിലും ക്ലിയര്‍ ലൈനുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നുമില്ല.
പുറത്തു പറയുകയും എഴുതുകയും ചെയ്യുന്ന ചില കാര്യങ്ങളില്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയാണ്. തലക്കെട്ട് നോക്കുകയല്ലാതെ ആരും അത് വായിച്ചിട്ടുണ്ടാകില്ല. ഇപ്പോഴെന്തായാലും ഒരു പ്രശ്‌നവുമില്ല. ഞങ്ങളെല്ലാവരും ഒന്നിച്ചാണ്. 17 വര്‍ഷമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷം തെറ്റിദ്ധാരണയുടെ പുറത്ത് പുറത്തേക്ക് പോകേണ്ടതില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ദേശീയ നേതൃത്വത്തിനു വേണ്ടി ഞാന്‍ മത്സരിച്ചു, തോറ്റു. അതോടെ അക്കഥ തീര്‍ന്നു. അതില്‍ വലിയ പ്രശ്‌നമൊന്നും കാണുന്നില്ല.
എല്‍.കെ. അദ്വാനിയുടെ പിറന്നാളിന് പോയത് വിവാദമാക്കേണ്ടതില്ല. 98 വയസ്സായ ഒരു മനുഷ്യനോടുള്ള മര്യാദ കാണിച്ചെന്നേയുള്ളൂ. എല്ലാ വര്‍ഷവും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേരാറുണ്ട്. പ്രായമുള്ളവര്‍ക്ക് ബഹുമാനം നല്‍കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം നേരിട്ട് കണ്ടതാണ് ഞാന്‍. അതിനെക്കുറിച്ച് എഴുതിയതും തലക്കെട്ട് മാത്രം വായിച്ച് വിവാദമുണ്ടാക്കി. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുമായും ഇപ്പോഴും നല്ല ബന്ധമാണ്.
അടുത്ത മൂന്ന് മാസം തെരഞ്ഞെടുപ്പിനു വേണ്ടി ഒറ്റക്കെട്ടായി പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തിക്കും. എല്ലായ്‌പ്പോഴും ഉള്ളതില്‍ കൂടുതലായി എന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടാകും. മുഖ്യമന്ത്രി ആകാന്‍ അര്‍ഹരായ പലരും പാര്‍ട്ടിയിലുണ്ടെന്നും ആരാകണമെന്ന് സമയമാകുമ്പോള്‍ തീരുമാനിക്കും'' -തരൂര്‍ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടും 56 സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി. ഇത്തവണ അതിലേറെ പ്രചാരണ രംഗത്തുണ്ടാകും. പാര്‍ട്ടി ഒറ്റക്കെട്ടായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം ശക്തമായി പ്രവര്‍ത്തിക്കും. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എത്ര സീറ്റെന്ന് പറയാനില്ല. പ്രതിപക്ഷ നേതാവ് നൂറ് എന്നാണ് പറഞ്ഞത്. അത് ഒരുനല്ല സംഖ്യയാണ്' - തരൂര്‍ പറഞ്ഞു.
കേരള മോഡല്‍ എന്നത് ഇപ്പോള്‍ കടത്തിന്റെ മോഡല്‍ ആയി മാറിയെന്നും വികസനത്തിനെക്കാള്‍ കൂടുതല്‍ തുക ചെലവാക്കുന്നത് പലിശയ്ക്കാണെന്നും തരൂര്‍ പറഞ്ഞു.
