ശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സുമയ്യ; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി; ശസ്ത്രക്രിയ പിഴവിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട് യുവതി
ശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പരാതിക്കാരി സുമയ്യ. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ പിഴവുകാരണം ജീവിതകാലം മുഴുവന്‍ ബുദ്ധിമുട്ടനുഭവിക്കേണ്ട അവസ്ഥയിലാണ് സുമയ്യ.
ഗൈഡ് വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധിക്കാന്‍ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധന പരാജയപ്പെട്ടിരുന്നു. ഗൈഡ് വയര്‍ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായതിനാല്‍ എടുക്കുന്നത് അപകടമാകും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഉദ്യമം ഉപേക്ഷിച്ചത്.
ഗൈഡ് വയറിന്റെ രണ്ടറ്റവും രക്തധമനിയില്‍ ഒട്ടിപ്പോയതു കൊണ്ട് എടുക്കാതിരിക്കുന്നതാണ് നല്ലതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി സുമയ്യ പറഞ്ഞു. അതുകൊണ്ട് ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നും സുമയ്യ പറയുന്നു. ശരീരത്തില്‍ കത്തീറ്റര്‍ കടത്തി അതില്‍ ഗൈഡ് വയറിനെ കുടുക്കി പുറത്തേക്ക് എടുക്കാനാണു ശ്രമിച്ചത്. പക്ഷേ, അതു ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോന്നില്ല. രണ്ടു തവണ കത്തീറ്റര്‍ കടത്തി ശ്രമിച്ചെങ്കിലും വിഫലമായി.
തുടയില്‍ നിന്നു കഴുത്തിനു താഴെ വരെ 70 സെന്റി മീറ്റര്‍ നീളത്തിലാണ് ഗൈഡ് വയര്‍ കിടക്കുന്നത്. ഇതു വയറിന്റെ താഴെയും വയറിലും കഴുത്തിന്റെ താഴെയും ഒട്ടിച്ചേര്‍ന്നിരിക്കുകയാണ്. ശക്തമായി വലിച്ചെടുത്താല്‍ ഗൈഡ് വയര്‍ പൊട്ടാനോ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഞരമ്പിനു ക്ഷതമുണ്ടാകാനോ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ അതു ചെയ്തില്ല.
ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ സുമയ്യ ആശുപത്രി വിട്ടു. ശാരീരിക ബുദ്ധിമുട്ടുകളോടെ കഴിയുന്ന തനിക്ക് ഒരു ജോലി സര്‍ക്കാര്‍ നല്‍കണം. അതിന് മുഖ്യമന്ത്രിയെ കാണും. കൂടാതെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീഴ്ചവരുത്തിയ ഡോക്ടര്‍ സര്‍വിസില്‍ തുടരുകയാണെന്നും സുമയ്യ പറഞ്ഞു.
സുമയ്യയുടെ തൈറോയ്ഡ് നീക്കം ചെയ്യുന്നതിന് 2023 മാര്‍ച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് കാല്‍സ്യം നല്‍കാന്‍ വേണ്ടിയാണ് ഗൈഡ് വയര്‍ ഇട്ടത്. കാല്‍സ്യം നല്‍കിയശേഷം ഗൈഡ് വയര്‍ പുറത്തെടുത്തില്ല. പിന്നീടു സുമയ്യയ്ക്കു പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. ചുമ മാറാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 2ന് നെഞ്ചിന്റെ എക്സ്റേ എടുത്തപ്പോഴാണു ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുകയാണെന്നു വ്യക്തമായത്.