ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം; മമ്മൂട്ടിയുടെ ആ സിനിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാന്‍ ഒരു സന്ദേശം അയച്ചിരുന്നു; മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്റെ വാക്കുകള്‍

മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം

Update: 2025-08-11 18:24 GMT

കൊച്ചി: മലയാള സിനിമ പണ്ടുമുതലേ പലതരം വിശ്വാസങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും പിടിയിലായിരുന്നു. രാശിയുള്ള നടന്‍, രാശിയില്ലാത്ത നടി, സംവിധായകന്‍, അങ്ങനെ പലവിധം. 80കളുടെ മധ്യപകുതിയില്‍ മലയാളസിനിമയുടെ നിര്‍ണായക തീരുമാനങ്ങളെല്ലാം 'കോരച്ചീട്ടി'ന് വിധേയമായിരുന്ന കാലമുണ്ടായിരുന്നു. കോര എന്ന ജ്യോതിഷി ചീട്ട് കശക്കിയെടുത്ത് അതില്‍ നിന്നായിരുന്നു ഓരോ സിനിമയ്ക്കും വേണ്ട നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും നിര്‍ദ്ദേശിച്ചിരുന്നത്. സംഗീതസംവിധായകന്‍ ചിട്ടപ്പെടുത്തുന്ന ഈണം വരെ കോര പ്രവചിക്കുന്ന വിധത്തിലായിരുന്നു അക്കാലം. ഇന്ന് കോരപ്രഭാവം അസ്തമിച്ചെങ്കിലും, ഏറിയോ കുറഞ്ഞോ പലതരം വിശ്വാസങ്ങള്‍ പ്രബലമായി നില്‍ക്കുന്നു. അനന്തഭദ്രം ഉള്‍പ്പെടെ അഞ്ചോളം സിനിമകളുടെ രചന നിര്‍വഹിച്ച സുനില്‍ പരമേശ്വരന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.


തിരക്കഥാകൃത്തും നോവലിസ്റ്റുമൊക്കെയായ സുനില്‍ പരമേശ്വരന്‍ ഇന്ന് അറിയപ്പെടുന്നത് കാന്തല്ലൂര്‍ സ്വാമിയെന്ന പേരിലാണ്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്

'ഒരുപാട് ചെറുപ്പക്കാര്‍ കഥയ്ക്കായി എന്നെ സമീപിക്കാറുണ്ട്. മേജര്‍ രവിയുമായി ചേര്‍ന്ന് മാടന്‍ പുലി എന്ന ഒരു ചിത്രം ചെയ്യാന്‍ പ്ലാനിട്ടിരുന്നു. പണ്ട് പൃഥ്വിരാജിനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു അത്. ആ സിനിമ ഒരിക്കലും നടക്കില്ലെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു. അത് മുടങ്ങി. പിന്നീടാണ് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. അതും നടന്നില്ല. പലകാരണങ്ങള്‍ കൊണ്ടും ആ സിനിമ നടന്നില്ല. പലരും ആ സിനിമ ചെയ്യാനായി എന്നെ സമീപിച്ചു. ഒരിക്കലും ചെയ്യരുതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. എന്നിട്ടും ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് തന്നിട്ട് അവര്‍ പോയി.

കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ തന്നെ അവര്‍ തമ്മില്‍ പല അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. അവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് മണികര്‍ണിക എന്ന എന്റെ പുതിയ നോവല്‍ പ്രസിദ്ധീകരിച്ചത്. നാഗത്തിന്റെ കഥയാണ്. അതിന്റെ തിരക്കഥയും ഞാന്‍ പൂര്‍ത്തിയാക്കി. പലരും അതിനായി എന്നെ സമീപിച്ചു. ഹിമാലയത്തില്‍ വച്ചു നടന്ന ഒരു സംഭവമാണത്. ഒരു സ്ഥലത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് വിഗ്രഹത്തിലുണ്ടായിരുന്ന ഒരു നാഗം പത്തി വിടര്‍ത്തുന്നതും അത് എന്നെ പിന്തുടരുന്നതുമാണ് കഥ.മണികര്‍ണികയുടെ അവസാനത്തെ സീനെഴുതിക്കൊണ്ടിരുന്നപ്പോള്‍ എന്റെ വീടിനുളളില്‍ ഒരു പാമ്പ് കയറി. അപ്പോള്‍ത്തന്നെ വാവ സുരേഷിനെ വിളിച്ചു. അദ്ദേഹം വീട്ടിലെത്തി. ആ പാമ്പിനെ പിടിക്കില്ലെന്നാണ് വാവ സുരേഷ് അന്ന് പറഞ്ഞത്. അതിനുളള കാരണവും എനിക്കറിയാമായിരുന്നു. പാമ്പിനെ പിടിക്കാതെ വാവ സുരേഷ് പോയി.

മമ്മൂട്ടിയുടെ ഭ്രമയുഗം സിനിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാന്‍ ഒരു സന്ദേശം അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം'- സുനില്‍ പരമേശ്വരന്‍ പറഞ്ഞു. സുനിലിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്.

Tags:    

Similar News